● 34 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം.
● മുൻ പ്രിൻസിപ്പലിനെതിരെ നടപടി വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം.
● വിജിലൻസ് റിപ്പോർട്ട് വൈകുന്നതാണ് നടപടികൾക്ക് തടസ്സമെന്ന് സൂചന.
● ദേശീയവേദി ഭാരവാഹികൾ അധികാരികൾക്ക് പരാതി നൽകി.
മൊഗ്രാൽ: (MyKasargodVartha) മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിലെ വികസന ഫണ്ടിൽനിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത മുൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻചാർജ് അനിൽ.കെ (PEN-810481)ക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തം.
ഇതിനെത്തുടർന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കണ്ണൂരിലെ ഹയർസെക്കൻഡറി മേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിഡ്രെസ് മരിയ പി.എക്‌സിനെ നേരിൽക്കണ്ട് പരാതി നൽകി.
സ്‌കൂളിലെ ക്ലാസ് റൂം നിർമ്മാണത്തിനും തൊഴിലധിഷ്ഠിത കോഴ്സുകൾക്കുമടക്കം അനുവദിച്ച ലക്ഷങ്ങളാണ് തിരിമറി നടത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അധ്യാപകനെതിരെ നിയമനടപടിയോ വകുപ്പുതല നടപടിയോ ഉണ്ടാവാത്തതിൽ നാട്ടുകാർക്കിടയിൽ ദുരൂഹതയുണ്ട്.
വിജിലൻസിന് സ്‌കൂൾ പി.ടി.എ. കമ്മിറ്റി പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ബന്ധപ്പെട്ട ഓഫീസുകളിൽ ലഭിച്ചിട്ടില്ലെന്നാണ് ദേശീയവേദി ഭാരവാഹികൾക്ക് കണ്ണൂർ സന്ദർശന വേളയിൽ മനസ്സിലാക്കാൻ സാധിച്ചത്. ഇതാണ് നടപടികൾ വൈകാൻ കാരണമെന്നും അവർ പറഞ്ഞു.
വികസന ഫണ്ട് തിരിമറി നടത്തി സ്‌കൂളിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, വിജിലൻസ് അന്വേഷണ റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും ദേശീയവേദി പ്രസിഡന്റ് ടി.കെ. അൻവർ, ജനറൽ സെക്രട്ടറി എം.എ. മൂസ, ട്രഷറർ പി.എം. മുഹമ്മദ് കുഞ്ഞി, ജോയിന്റ് സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗം എ.എം. സിദ്ദീഖ് റഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ജില്ലാ വിജിലൻസ് മേധാവിയെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും കാണാനും തീരുമാനിച്ചിട്ടുണ്ട്.
Article Summary: Protests are mounting in Mogral over delayed action against a former school principal accused of embezzling ₹34 lakh in development funds. Locals demand a speedy investigation and strict action.
Keywords: Mogral School News, Financial Fraud Kerala, Teacher Misconduct Kerala, Kasaragod News, GVHSS Mogral, Education Corruption Kerala, Vigilance Investigation Kerala, Kerala school finance news
#Kasaragod #Mogral #Corruption #SchoolNews #KeralaNews #Education