● കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.
● കേരള പൂരക്കളി കലാ അക്കാദമിയിലെ തർക്കങ്ങളും പിളർപ്പുകളുമാണ് പുതിയ സംഘടന രൂപീകരിക്കാൻ കാരണം.
● രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായ പ്രതിനിധികളെയും ഉൾക്കൊണ്ടുകൊണ്ടാണ് സംഘടന പ്രവർത്തിക്കുക.
● പൂരക്കളി കലാകാരന്മാരുടെ ക്ഷേമവും കലയുടെ പുരോഗതിയും ലക്ഷ്യമിട്ടാണ് പുതിയ സംഘടന.
ചെറുവത്തൂർ: (MyKasargodVartha) പൂരക്കളി കലാകാരന്മാരുടെ പുതിയ സംഘടനയായ 'ക്ഷേത്ര പൂരക്കളി കലാ അക്കാദമി'യുടെ കൺവെൻഷൻ ആഗസ്റ്റ് 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്ര പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 250 പ്രതിനിധികളും ക്ഷേത്ര സ്ഥാനികരും പൂരക്കളി, മറത്തുകളി രംഗത്തെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുക്കും. രാഷ്ട്രീയത്തിന് അതീതമായി പൂരക്കളി രംഗത്തുള്ള മുഴുവൻ സമുദായ പ്രതിനിധികളെയും ഉൾക്കൊണ്ടുകൊണ്ടാണ് സംഘടന പ്രവർത്തിക്കുക.
ഉത്തരമലബാറിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ സമഗ്രമായ പുരോഗതി, ജനകീയവൽക്കരണം, പഠനം, ഗവേഷണം, അതോടൊപ്പം പൂരക്കളി കലാകാരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പുവരുത്താൻ 1994-ൽ രൂപംകൊണ്ട സംഘടനയായിരുന്നു കേരള പൂരക്കളി കലാ അക്കാദമി.
31 വർഷത്തിനിടെ 9 സംസ്ഥാന സമ്മേളനങ്ങൾ ഭരണഘടനാനുസൃതമായി നടത്തിയെങ്കിലും, ചാമുണ്ടിക്കുന്നിൽ നടന്ന സംസ്ഥാന സമ്മേളനം യൂണിറ്റ്, മേഖല, ജില്ലാ ഭാരവാഹികളെയും നേരത്തെയുണ്ടായ പിളർപ്പിന്റെയും തർക്കത്തിന്റെയും ഭാഗമായ സമവായ ചർച്ചകളിൽ പങ്കെടുത്തവരെയും ഒഴിവാക്കിയാണ് നടത്തിയത്.
ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും, അതിനാലാണ് പുതിയ സംഘടനക്ക് രൂപം നൽകിയതെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി യൂണിറ്റുകളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ചില്ല. ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിന് സമ്മേളന പ്രതിനിധികളെ അനുവദിച്ചില്ല.
ബഹുജന ശ്രദ്ധ നേടിയ സംഘടനയുടെ പേര് പോലും ഉപേക്ഷിക്കാനാണ് സമ്മേളനം തീരുമാനിച്ചത്. വർഷങ്ങളായി സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും തുറന്നു പ്രവർത്തിക്കാത്തവരാണ് അവർ. സംഘടനയിൽ സമവായം ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയ ആൾ അതിന്റെ നേതാവായി മാറുന്ന വിരോധാഭാസമാണ് കാണേണ്ടി വന്നത്.
ഈ സാഹചര്യത്തിൽ പൂരക്കളിയെ നെഞ്ചേറ്റിയ യഥാർത്ഥ കലാകാരന്മാർക്ക് സംഘടന നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് 'ക്ഷേത്ര പൂരക്കളി കലാ അക്കാദമി' എന്ന സംഘടനക്ക് രൂപം നൽകിയിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ചെയർമാൻ കാട്ടാമ്പള്ളി നാരായണൻ, കൺവീനർ പി.കെ. നാരായണൻ, പിലാക്കാൽ അശോകൻ, എം.വി. സുരേന്ദ്രൻ പിലിക്കോട്, ബാലൻ പാലായി, എൻ.ടി. ചന്ദ്രൻ കുറ്റിക്കോൽ, എം. രഘുനാഥൻ, സുധാകരൻ പള്ളിക്കര എന്നിവർ പങ്കെടുത്തു.
Article Summary: A new organization, 'Kshetra Poorakkali Kala Academy,' is being formed by poorakkali artists from Kannur and Kasaragod to revive the ritual art form and address internal conflicts within the existing academy. The new body aims for the welfare of artists and the promotion of the art form.
Keywords: Poorakkali news, Kerala art news, Kasaragod news, Cheruvathur news, Poorakkali artists, Kshetra Poorakkali Kala Academy, Kerala culture news, Malabar ritual art.
#Poorakkali #KeralaArt #Kasargod #Cheruvathur #KshetraPoorakkaliKalaAcademy #ArtRevival