കാസർകോട്: (MyKasargodVartha) സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം എന്ന മുദ്രാവാക്യത്തിൽ വിമൻ ഇന്ത്യ മൂവ്മെന്റ് ഒക്ടോബർ രണ്ടു മുതൽ ഡിസംബർ രണ്ടുവരെ നടത്തുന്ന ദേശീയ കാംപയിന്റെ കാസർകോട് ജില്ലാതല ഉദ്ഘാടനവും വനിത സംഗമവും സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷക്കെന്ന പേരിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവയ്ക്ക് കീഴിൽ നിരവധി പദ്ധതികളുണ്ടെങ്കിലും സ്ത്രീകൾ നീതി കിട്ടാതെ വലയുകയാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ട്രഷറർ മഞ്ജുഷ മാവിലാടം കാംപയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ അനീതിക്കെതിരെ പരാതിപ്പെട്ടാൽ സർക്കാർ വകുപ്പുകളും ഏജൻസികളും മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത് അവർ പറഞ്ഞു. സ്ത്രീ സുരക്ഷയും നീതിയും സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുക എന്നതാണ് ഈ കാംപയിന്റെ ലക്ഷ്യം.
സ്ത്രീയാണ്, തുല്യ മാനസിക കഴിവുള്ള ഒരു മനുഷ്യന്റെ സഹയാത്രികൻ എന്ന ഗാന്ധിയുടെ വാക്കുകളിലെ കാഴ്ചപ്പാടിനെ വെല്ലുവിളിക്കുന്ന സാമൂഹിക അനീതികൾ ഇന്ന് ഇന്ത്യയിൽ സ്ത്രീകൾ അഭിമുഖീകരിക്കുമ്പോൾ, ഈ ഘട്ടത്തിൽ സ്ത്രീകളുടെ സുരക്ഷയും നീതിയും സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിൽകൊണ്ടുവരണമെന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് കൗൺസിലർ റജീന ടീച്ചർ വിഷയാവതരണംനടത്തി കൊണ്ട് പറഞ്ഞു. വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഹസീന സലം, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് നജ്മ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഫ്റ ശംസു സ്വാഗതവും ജില്ലാ സെക്രട്ടറി ഖൈറുന്നിസ സുബൈർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം റൈഹാന അബ്ദുല്ല, ഖൈറുന്നിസ ഖാദർ, റുഖിയ അൻവർ, ഷബാന സാബിർ, ബുഷ്റ ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Keywords: Women India Movement, Kasaragod, women’s safety, social issues, campaign launch, public awareness, social responsibility, women's empowerment, government initiatives, community
#WomenSafety #Kasaragod #WomenIndiaMovement #SocialResponsibility #Empowerment #Campaign