/ നൗഷാദ് കരിപ്പൊടി ഫോർട്ട് റോഡ്
(MyKasargodVartha) സദാ സൗമ്യത കൊണ്ടും ഇളം പുഞ്ചിരികൊണ്ടും ആളുകളെ സ്നേഹത്തോടെ എതിരേൽക്കുമായിരുന്ന ഫോർട്ട് റോഡുകാരുടെ പ്രിയപ്പെട്ടവനും ചക്കര ബസാറിന്റെ നിറസാന്നിധ്യവുമായിരുന്ന കോട്ട അബ്ദുൽ ഹമീദ് എന്ന കോട്ട അബ്ദുച്ചയുടെ വേർപാട് അദ്ദേഹത്തെ അടുത്തറിയുന്നവരിലെല്ലാം വലിയ ദുഃഖമാണുളവാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം നമ്മെ വിട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. ഇന്ന് നമ്മുടെ നാട്ടിൽ മൊബൈൽ ഫോൺ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ മാർക്കറ്റായി അറിയപ്പെടുന്ന ചക്കര ബസാറിനൊരു ചരിത്രമുണ്ട്. ആ ചരിത്രത്തോടൊപ്പം തന്റെ പുരുഷായുസ്സ് മുഴുവനും ജീവിച്ച നിഷ്കളങ്കനായ ഒരു വ്യാപാരിയായിരുന്നു കോട്ട അബ്ദുച്ച.
തൊള്ളായിരത്തി എഴുപതുകളിൽ ഈറ്റ കുട്ടകളും ചകിരിക്കയറുകളും ഓലപ്പായകളും പണി സാമഗ്രികളായ ഇരുമ്പ് സാധനങ്ങളുമൊക്കെ ചക്കര ബസാറിലെ വിപണിയെ സജീവമാക്കിയ കാലത്ത് പിതാവ് കോട്ട മഹ്മൂദിന്റെ ടിൻ മേക്കിങ്ങ് സ്ഥാപനത്തിൽ പിതാവിനോപ്പം സഹായത്തിനു ചേർന്ന് പിന്നീട് ഇതേ ചക്കര ബസാറിന്റെ ഗതി വിഗതികൾ മാറ്റിമറിച്ച് ഈ തെരുവിനെ പിൽകാലത്ത് കേരളത്തിൽ അറിയപ്പെടുന്ന ഫോറിൻ ഉൽപന്നങ്ങളുടെയും ഇലക്ട്രോണിക് സാമഗ്രികളുടെയും മാർക്കറ്റാക്കി അടയാളപ്പെടുത്തുന്നതിൽ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയ അപൂർവം ചില വ്യാപാരികളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ചക്കര ബസാറിന്റെ സ്വന്തം കോട്ട അബ്ദുച്ച.
എൺപത് - തൊണ്ണൂറ് കാലഘട്ടങ്ങളിൽ പ്രവാസികളും, കപ്പൽ ജീവനക്കാരും നാട്ടിലെത്തിയാൽ കയ്യിലുള്ള ഫോറിൻ ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നത് അധികവും അന്ന് ചക്കര ബസാറിലായിരുന്നു. അക്കാലത്തു ഇത്തരം കോസ്മറ്റിക്സ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് നാട്ടിൽ മൂല്യം നിശ്ചയിക്കപ്പെടുന്നവരിൽ പ്രധാനിയായിരുന്നു കോട്ട അബ്ദുച്ച. ഇന്നത്തെ പോലെ വലിയ ഇലക്ട്രോണിക് ഷോപ്പുകളും ഷോപ്പിംഗ് മാളുകളും ഓൺലൈൻ വ്യാപാരവും ഒന്നുമില്ലാത്ത അക്കാലത്തു ഈ ഒരു മേഖലയിലെ പല അന്വേഷണങ്ങൾക്കും ദൂരെ ദിക്കുകളിൽ നിന്നുപോലും ആളുകൾ കോട്ട അബ്ദുച്ചയെ അന്വേഷിച്ച് ചക്കര ബസാറിൽ എത്തുമായിരുന്നു.
പതിയെ പതിയെ ഇവിടെ ഷോപ്പുകളിലധികവും മത്സര ബുദ്ധി ജനിച്ച് തുടങ്ങിയപ്പോഴും കോട്ട അബ്ദുച്ചയുടെ വ്യാപാര രീതി എന്നത് വലിയ ബഹളങ്ങളൊന്നുമില്ലാത്ത നിശബ്ദതയിലും വിശ്വാസ്യതയിലുമൂന്നിയ അന്തരീക്ഷത്തിലുള്ളതായിരുന്നു. കൂടെയുള്ളവരെയൊക്കെ കൂടെപ്പിറപ്പുകളായിക്കാണുന്ന പ്രകൃതക്കാരൻ കൂടിയായിരുന്നു കോട്ട അബ്ദുച്ച. മുപ്പത് വർഷം മുൻപ് തന്റെ വീട്ടിൽ പണിയെടുത്തിരുന്ന തമിഴ് ദമ്പതികളുടെ ആൺകുട്ടികളായിരുന്ന മുത്തുവിനെയും മൂർത്തിയെയും തന്റെ കൂടെ നിർത്തി കൂടെപ്പിറപ്പുകളെ പോലെ പോറ്റി വളർത്തി അവരെ ഒരുനിലയിൽ എത്തിക്കുന്നതിൽ അബ്ദുച്ച കാണിച്ച ആത്മാർത്ഥത അദ്ദേഹത്തിന്റെ ഹൃദയ വിശാലത പ്രകടമാക്കുന്നതായിരുന്നു.
തികഞ്ഞ മത ബോധത്തോടെയും ചിട്ടയോടെയൂമുള്ള അദ്ദേഹത്തിന്റെ ജീവിത രീതികൾ മാതൃകാപരമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹം കോപ്പയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനാൽ തന്റെ ഇലക്ട്രോണിക്സ് ആൻഡ് കോസ്മറ്റിക്സ് ഷോപ്പ് അനുജൻ സത്താറിനെക്കൊണ്ടാണ് നടത്തിച്ചു വരുന്നത്. ഇതോടുകൂടി ചക്കരബസാറിൽ കോട്ട അബ്ദുച്ചയുടെ അഭാവം ഒരു മൂകതയുളവാക്കിതുടങ്ങിയിരുന്നു.
ചക്കര ബസാറിന്റെ മടിത്തട്ടിൽ വളർന്ന ആമസോണിക്സ് അദ്റയ്ചാക്കും ഖാലിദ് ഹാജി വേളൂരിക്കും പിറകെ കോട്ട അബ്ദുച്ച എന്ന ചരിത്ര പുരുഷൻ കൂടി എന്നെന്നേക്കുമായി നമ്മെവിട്ട് പിരിഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ വസന്ത കാലത്ത് നാട്ടിൽ ഒരുപാട് നല്ല ഓർമ്മകൾ മാത്രം ബാക്കിവെച്ച് നാഥനിലേക്ക് മടങ്ങിയ പ്രിയപ്പെട്ട കോട്ട അബ്ദുച്ചയുടെ പാരത്രിക ജീവിതം സ്വർഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Keywords: Article, Editor’s-Choice, Fort Road, Chakkara Bazar, Obituary, MyKasargodVartha, Memories of Kota Abdul Hameed.
< !- START disable copy paste -->