(MyKasargodVartha) ചരിത്രത്തിന്റെയും പ്രൗഢിയുടെയും തേജസ് ഉയർത്തിപ്പിടിക്കുന്ന തളങ്കരയെന്ന കൊച്ചു ഗ്രാമത്തിൽ തളങ്കര ഹസ്സൻ കുട്ടിയുടെ മകനായി 1940-ൽ ജനിച്ച മജീദ് തളങ്കര തികഞ്ഞൊരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ബാല ലീഗിലൂടെ ഹരിത രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അവസാന ശ്വാസം നിലക്കുന്നത് വരെ പച്ചപ്പതാകയും പിടിച്ച് സമുദായത്തിന് നേതൃത്വം നൽകി. എം എസ് എഫിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിക്കുകയും അതിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു. അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം. 1963 ൽ എം.എസ്.എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
1965 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബി എ പൂർത്തിയാക്കി 1968 മുതൽ 1998 വരെ മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയുടെ മറ്റൊരു ഭാഗമായ ഫൈബർ ഫാക്ടറിയിൽ സേവനമനുഷ്ഠിച്ചു. അവിടത്തെ ജീവനക്കാരനായതോടെ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ നേതാവാകുകയും ഉത്തര കേരളത്തിൽ തൊഴിൽ വിദ്യാഭ്യാസ പദ്ധതി കാര്യക്ഷമമാക്കുന്നതിന് യത്നിക്കുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമാക്കി അക്കാലത്ത് ഒരു തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചപ്പോൾ അതിൽ നിന്ന് തൊഴിലാളി വിദ്യാഭ്യാസം പൂർത്തിയാക്കി രംഗത്തിറങ്ങിയ മജീദ് സാഹിബ് റയോൺസിൽ എസ്.ടി.യു വിന് ശക്തി ചൈതന്യം പകരാൻ ഓടിനടക്കുകയും മാവൂരിലെയും കോഴിക്കോട്ടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഇഷ്ടപുത്രനായി മാറുകയും ചെയ്തു.
നിർധനരായ വിദ്യാർത്ഥികൾക്ക് സഹായം നൽകി അവരെ പഠിപ്പിക്കാനും പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയും സ്ഥാപിച്ച മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷണിലൂടെ പരിശീലനം നേടിയ മജീദ് സാഹിബ് മത ചിന്താഗതികൾക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി തൊഴിലാളികളുടെ താൽപര്യസംരക്ഷണം മാത്രം ലക്ഷ്യം വെച്ച് പടുത്തുയർത്തിയ സ്വതന്ത്ര തൊഴിലാളി യൂണിയനിലേക്ക് (STU) വിലേക്ക് ചേക്കേറിയപ്പോൾ ഒട്ടധികം അത്ഭുതങ്ങളുണ്ടാക്കാൻ സാധിച്ചു. യൂണിയന് സ്വന്തമായ കെട്ടിടം ഉണ്ടായതിലും നിരവധി നേട്ടങ്ങൾ കൈവരിക്കാനായതിലും വളരെ വലിയ പങ്കാണ് ഈ മനുഷ്യസ്നേഹി വഹിച്ചത്. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളും സി.എച്ചും പാണക്കാട് തങ്ങന്മാരും ഇദ്ദേഹത്തിന്റെ ശുഷ്‌കാന്തിയെയും ആത്മാർത്ഥതയേയും പ്രശംസിച്ചിട്ടുണ്ട്.
Keywords: Article, Editor’s-Choice, Memories, Muslim League, 10 years, Dad, Student, 10 years without dad.< !- START disable copy paste -->