ദേശീയപാതയില്‍ ചിലയിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും റോഡ് മുറിച്ച് കടക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി വേണം മറുഭാഗത്തെത്താന്‍. ഇത് വിദ്യാര്‍ഥികളെയും വയോജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം നിര്‍ദേശിക്കുകയാണ് മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് കമിറ്റി ഭാരവാഹികള്‍.
നിലവില്‍ ദേശീയപാതയില്‍ നിര്‍മിക്കുന്ന കലുങ്കുകള്‍ മഴവെള്ളം ഒലിച്ചു പോകാനും, ഒപ്പം വിദ്യാര്‍ഥികള്‍ക്കും വയോജനങ്ങള്‍ക്കും നടന്നുപോകാനും ഉപകരിക്കുന്ന രീതിയില്‍ വേണമെന്നാണ് കമിറ്റി ഭാരവാഹികളുടെ ആവശ്യം.
മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദിന് സമീപത്ത് നിര്‍മിക്കുന്ന കലുങ്കിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് കമിറ്റി ഭാരവാഹികള്‍ കണ്ണൂരിലുള്ള ദേശീയപാത ഇംപ്ലിമെന്റേഷന്‍ പ്രോജക്ട് ഡയറക്ടര്‍ക്കും കുമ്പള ദേവീനഗറിലുള്ള യു എല്‍ സി സി കാംപ് മാനേജര്‍ക്കും നിവേദനം നല്‍കിയിരിക്കുന്നത്.
കലുങ്കിന് ഉയരം കൂട്ടി വിദ്യാര്‍ഥികള്‍ക്കും വയോജനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ ജനപ്രതിനിധികള്‍ക്കും ജമാഅത്ത് കമിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടാന്‍ പ്രദേശവാസികള്‍ കലുങ്കിന് സമീപം ബാനറും ഉയര്‍ത്തിയിട്ടുണ്ട്.
അതിനിടെ മൊഗ്രാല്‍ ശാഫി മസ്ജിദ്, മുഹിയുദ്ദീന്‍ മസ്ജിദ് എന്നിവിടങ്ങളില്‍ സമീപത്തായി നിര്‍മിക്കുന്ന കലുങ്കുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നടന്നുപോകാന്‍ സൗകര്യമൊരുക്കി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികളും ബന്ധപ്പെട്ടവര്‍ക്ക് ഇ- മെയില്‍ സന്ദേശമയച്ചിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Mogral News, National Highway, Facilitation, Walk, Culverts, Provide, Juma Masjid Committee, Officials, Met, Project Director, Kumbla ULCC Camp Manager, National Highway: Facilitation of walking through culverts should be provided.