(my.kasargodvartha.com) 34 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷമാണ് പുഞ്ചിരിയുടെ സാരഥി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ് ചാരിതാര്‍ത്ഥ്യത്തോടെ 2023 ജൂണ്‍ 30ന് വിരമിച്ചത്. ആരോഗ്യ രംഗത്ത് നിസ്തൂല സേവനം ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃക സൃഷ്ടിച്ച് ജില്ലയുടെ അഭിനന്ദനം നേടിയാണ് പടിയിറക്കം. ഒരു നഴ്‌സ് പറഞ്ഞത് ആരോഗ്യ രംഗത്തെ ഫില്ലര്‍ ഓഫീസറാണ് അഷ്‌റഫ് സര്‍ എന്നാണ്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഏകോപനവും ജനങ്ങളോടുള്ള സമീപനവും ജനപ്രതിനിധികളോടുള്ള ആദരവും അഷ്‌റഫിന് നന്നായി വഴങ്ങിയിട്ടുണ്ട്.
സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ അഷ്‌റഫിന്റെതായ ചില ക്രിയേഷനുകള്‍ ആരോഗ്യ ബോധവല്‍ക്കരണ മേഖലയിലും രോഗികള്‍ക്കും, പൊതുജനങ്ങള്‍ക്കും നല്ല അളവോളം ഉപകാരപ്രദമായിട്ടുണ്ട്. പത്തോളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ സേവനമനുഷ്ടിച്ചു. പതിനൊന്ന് മാസം കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പി എച്ച് സി യിലെ സേവനം ഒഴിച്ചാല്‍ 33 വര്‍ഷവും കാസര്‍കോട് ജില്ലയില്‍ തന്നെയായിരുന്നു കൃത്യനിര്‍വ്വഹണം.
1987 ലാണ് 50 പേരടങ്ങുന്ന ബാച്ച് വയനാട്ടിലെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് ദൗത്യത്തിന് ഇറങ്ങിയത്. 1989 ല്‍ കുമ്പള പി എച്ച് സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ആദ്യ നിയമനം. തുടക്കവും ഒടുക്കവും കുമ്പളയില്‍ നിന്ന് തന്നെയെന്നത് ഒരു നിമിത്തമാണ്. 1990 മുതല്‍ 93 വരെ ബെള്ളൂര്‍, 1993 മുതല്‍ 2000 വരെ മുള്ളേരിയ പി എച്ച് സി യിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു.
പിന്നീട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി പ്രൊമോഷന്‍ ലഭിച്ചു. 2000 മുതല്‍ 2008 വരെ ബദിയടുക്ക സി എച്ച് സി യില്‍ സേവനം ചെയ്യുമ്പോഴാണ് തന്റെതായ ക്രിയേഷന്‍ തുടങ്ങിയത്. ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ആയിരുന്ന 2003 ലാണ് 'ആശ്രയ' എന്ന പേരില്‍ നിരാലംബകര്‍ക്കായുള്ള പ്രൊജക്ട് സര്‍ക്കാറിന് സമര്‍പ്പിക്കുന്നതും ബദിയടുക്ക പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കിയതും. ഇത് മോഡലായി സര്‍ക്കാര്‍ ഏറ്റെടുത്ത് പിന്നീട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി. ഈ പ്രൊജക്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച് കേരളത്തിന് 10 കോടി രൂപ ലഭിച്ചതായി അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ല ബദിയടുക്ക പഞ്ചായത്തില്‍ ബി അഷ്‌റഫിനെ ആദരിച്ച് പറഞ്ഞിരുന്നു. ആ തുക ചിലവഴിച്ച് കൂടുതല്‍ പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കി.
2008 മുതല്‍ 11 വരെ കുംബഡാജെയിലും, മുളിയാറിലും സേവനമനുഷ്ടിച്ച ശേഷം 2012 ല്‍ 11 മാസം കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പി എച്ച് സിയില്‍ ജോലി ചെയ്തു. അഞ്ച് വര്‍ഷം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പി എച്ച് സിയില്‍ സേവനം ചെയ്യവേ ചെങ്കള പഞ്ചായത്ത് സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ചുമതല നല്‍കി. അവിടെ ചരിത്രത്തിലാദ്യമായി 300 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍ വലിയ ദൗത്യമായിരുന്നു. കൊതു നശീകരണ പ്രവര്‍ത്തനത്തിലും ബോധവല്‍ക്കരണത്തിലും നേതൃത്വം നല്‍കി വന്‍ ജനപങ്കാളിത്തത്തോടെ പരിഹരിക്കപ്പെട്ടു. അതേസമയം മൊഗ്രാല്‍ പുത്തൂരില്‍ പുഴ മലിനീകരണം വ്യാപക പ്രതിഷേധം പത്ര ദൃശ്യ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരുന്നു.
അറവ് ശാലകളിലെ പോത്തിന്റെ മാലിന്യമായിരുന്നു പുഴയില്‍ തള്ളി മലിനമാക്കിയത്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം സമര്‍ത്ഥമായി നേരിടുകയും പുഴ ക്ലീന്‍ ചെയ്യുകയും ശക്തമായ താക്കീത് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴും ആശാവഹമായ വിജയമാണ് കൈവരിച്ചത്. ചെങ്കള പി എച്ച് സി ബില്‍ഡിംഗ് അടക്കം ആരോഗ്യപരിപാലനത്തിന് സാര്‍വ്വത്രിക പ്രൊജക്ട് ഗ്രാമ പഞ്ചായത്തിന് സമര്‍പ്പിച്ച് യാഥാര്‍ത്ഥ്യമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മൊഗ്രാല്‍ പുത്തൂരില്‍ ഇ ഹെല്‍ത്ത് പദ്ധതി വിജയിപ്പിച്ചതും,ആരോഗ്യകേന്ദ്രത്തെ ഐ എസ് ഐ റാങ്കോടെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിന് ചുക്കാന്‍ പിടിച്ചതും അഷ്‌റഫ് ആണ്.
തന്റെ സമുദായത്തില്‍പ്പെട്ടവരില്‍ ചിലര്‍ കുട്ടികളുടെ വാക്‌സിനേഷനോട് വിമുകത കാട്ടിയപ്പോള്‍ 'മിഷന്‍ ആഫിയത്ത്' പദ്ധതി മൊഗ്രാല്‍പുത്തൂര്‍, ചെങ്കള ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കി വിജയിപ്പിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും അഷ്‌റഫിന് ഉള്ളതാണ്. 2020 ല്‍ ആഗോള പ്രതിഭാസമായ കോവിഡ് വൈറസ് വ്യാപകമായപ്പോള്‍ എല്ലാവരും വീട്ടില്‍ അടയിരിക്കുന്ന കാലം. തന്റെ കര്‍ത്തവ്യം ജീവന്‍ മരണ പോരാട്ടമായിരുന്നു. കേവലം മാസ്‌ക്കിന്റെ ബലത്തില്‍ വൈറസ് വ്യാപകമായ മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയും ഉറക്കവും ഭക്ഷണവുമില്ലാതെയും തന്റെ ഔദ്യോഗിക കര്‍ത്തവ്യം മിഴിതെറ്റാതെ നിര്‍വ്വഹിച്ചു. ഫീല്‍ഡും, ഔദ്യോഗിക യോഗങ്ങളും, സര്‍ക്കാറിനുള്ള ദിനംപ്രതി റിപ്പോര്‍ട്ടും മുടക്കം കൂടാതെ നിര്‍വ്വഹിച്ചു.
ക്ഷയരോഗികള്‍ക്ക് മരുന്നു കഴിക്കുന്ന ആറ് മാസകാലത്തേക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടിലൂടെ പോഷകാഹാര കിറ്റ് നല്‍കുന്ന പ്രൊജക്ട് തയ്യാറാക്കി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് മൊഗ്രാല്‍ പുത്തൂര്‍ എച്ച് ഐ ആയിരിക്കുമ്പോഴാണ്. ഇപ്പോള്‍ ഈ പദ്ധതി കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തിലും നടപ്പിലാക്കുന്നു. എല്ലാ വര്‍ഷവും പാലിയേറ്റീവ് ഡേക്ക് അംഗപരിമിതരായവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും ഫുഡ് കിറ്റും ബെഡ് ഷീറ്റുമായി അഷ്‌റഫ് എത്തുമായിരുന്നു. ഒരു ഓഫീസറുടെ ഔദ്യോഗിക ചുമതലകള്‍ക്ക് പുറമെയാണിവ. ഇതെല്ലാം ഓരോ കാഴ്ചപാടിന്റെ വിസ്മയങ്ങളാണ്.
അവസാനത്തെ മൂന്നു വര്‍ഷം പ്രൊമോഷന്‍ ലഭിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസറായി കുമ്പള സി എച്ച് സി യില്‍ നിയമനം ലഭിച്ചു. ഔദ്യോഗിക കാലയളവില്‍ ആരോഗ്യ ബോധവല്‍ക്കരണത്തിന്റെ സന്ദേശവുമായി ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഏഴ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് കേരള ആരോഗ്യ വകുപ്പിന്റെയും കാസര്‍കോട് ജില്ലയുടെയും അഭിനന്ദനം നേടുകയുണ്ടായി. അതില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജന സന്ദേശത്തിന്റെയും, മയക്കുമരുന്ന് വിപത്തിനെതിരെയുമുള്ള ഷോര്‍ട്ടു ഫിലിമുകളില്‍ അഷ്‌റഫ് അവാര്‍ഡിന് അര്‍ഹത നേടി. തന്റെ ഔദ്യോഗിക നിര്‍വ്വഹണത്തില്‍ വെള്ളം ചേര്‍ക്കാതെ തന്നെ ആര്‍ക്കും പരാതിയില്ലാതെ എല്ലാവരുടെയും പ്രശംസ നേടി പടിയിറങ്ങാന്‍ കഴിഞ്ഞത് അഭിമാനപൂര്‍വ്വം ഓര്‍ത്തു വെക്കാന്‍ കഴിയുന്നതാണ്.
2022 ആഗസ്റ്റില്‍ കേരളത്തിലെ ഏറ്റവും വലിയ ആരോഗ്യമേള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതിന്റെ ചുക്കാന്‍ പിടിച്ചത് അഷറഫ് ആണ്. സംഘാടകന്‍,ടീം ലീഡര്‍, ആരോഗ്യക്ലാസുകള്‍ എടുക്കുന്നതിനുള്ള പ്രാവണ്യം, പരിശീലകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ കഴിവ് അംഗീകരിച്ചേ മതിയാവൂ. തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഒരു പാട് പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ജിസിസി വെല്‍ഫയര്‍ മിഷന്റെ ഗ്ലോബല്‍ കമ്മ്യൂണിറ്റി ഫ്രണ്ട്‌ലി അവാര്‍ഡ്, കുടുംബശ്രീ ജില്ലാ മിഷന്‍ അവാര്‍ഡ് (2007), റോട്ടറി,ലയണ്‍സ് ക്ലബ്ബ്, ദുബൈ കെഎംസിസിയുടെ ആദരം, പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകളുടെ പുരസ്‌കാരങ്ങള്‍ തുടങ്ങിയ അടക്കം 150 - ഓളം മെമന്റോകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ അഷ്റഫിന്റെ ഷോകേസ് വീര്‍പ്പു മുട്ടുകയയാണ്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, ബോവിക്കാനം ജമാഅത്ത് വൈസ് പ്രസിഡന്റ്, ബോവിക്കാനം ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണത്തിന്റെ കണ്‍വീനര്‍, പുഞ്ചിരി ക്ലബ്ബിന്റെ രക്ഷാധികാരി, ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ ഹെല്‍ത്ത് സെല്ലിന്റെ സംസ്ഥാന സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി അഷ്‌റഫിനെ പോലുള്ള ആരോഗ്യ വകുപ്പിലുണ്ടായിരുന്ന 'ഫില്ലര്‍ ഓഫീസര്‍'മാരോട് എനിക്ക് അപേക്ഷിക്കാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങളുടെ വിലമതിക്കാനാവാത്ത ഔദ്യോഗിക ജീവതത്തിലെ സേവനത്തിന്റെ അനുഭവ വെളിച്ചത്തില്‍ ആരോഗ്യ രംഗത്ത് അനൗദ്യോഗിക പരിശ്രമങ്ങള്‍ തുടരണം. പുതിയ പ്രൊജക്ടുകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കണം, പോരായ്മകള്‍ തുറന്ന് പറയണം, പരിമിതികള്‍ തുറന്ന് കാട്ടണം, അത്യാവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തണം, കൂട്ടായ്മ രൂപപ്പെടുത്തണം. ശിഷ്ടജീവിതം ഭാസുരമാവട്ടെയെന്ന് ആശംസിക്കുന്നു. ബോവിക്കാനം ബാലനടുക്കം തറവാട്ടിലെ പരേതരായ മുഗു അബ്ദുല്‍ ഖാദറിന്റെയും ആമിനയുടെയും മകനാണ് അഷ്‌റഫ്. ഭാര്യ സാറ. മക്കള്‍ അബ്ദുല്‍ ഖാദര്‍ അഷ്ഫാദ്, അന്‍ഷീഫ് അഹമ്മദ്.
Keywords: Health, Govt. Service, Health Inspector, B Ashraf, Kerala, Kasaragod, KB Mohammed Kunhi, B Ashraf retired from government service after his excellent service in health sector.
< !- START disable copy paste -->