കാസര്‍കോട്: (my.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് രവീശ തന്ത്രി കുണ്ടാര്‍. 2017 ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച മെഡികല്‍ കാംപില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെന്ന് കണ്ടെത്തിയ 1905 രോഗികളില്‍ കേവലം 874 പേരെ മാത്രം ഉള്‍പെടുത്തുകയും ബാക്കി 1031 പേരെ ഒഴിവാക്കിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയ സംസ്ഥാന സര്‍കാരിന്റെ നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാര്‍ഹവുമാണ്.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളുമായി തെരുവില്‍ സമരം ചെയ്തിട്ട് പോലും അനുഭാവപൂര്‍ണമായ ഒരു നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍കാരും ജില്ലാ ഭരണകൂടവും തയ്യാറായില്ല. ഉദുമ എംഎല്‍എ സി എച് കുഞ്ഞമ്പു ഈ കുടുംബങ്ങളെ അധിക്ഷേപിക്കുക പോലും ചെയ്യുകയുണ്ടായി.
കോവിഡ് കാലത്ത് കാസര്‍കോട്ടെ ജനങ്ങള്‍ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത് കണ്ട് ടാറ്റ ഗ്രൂപ് പണിത് നല്‍കിയ ആശുപത്രി പോലും മെയിന്റനന്‍സ് നടത്തി പുനരുപയോഗിക്കാന്‍ മെനക്കെടാത്ത സര്‍കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പൊതുജനങ്ങളുടെ നികുതിപണം ധൂര്‍ത്തടിച്ചു കൊണ്ട് മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുകയും കുടുംബസമേതം വിദേശയാത്രകള്‍ നടത്തുകയും ചെയ്യുന്നത് കണ്ട് കണ്ണീര്‍ വാര്‍ക്കാന്‍ മാത്രമേ ഈ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാധിക്കൂ.
കാസര്‍കോട് ഗവ. മെഡികല്‍ കോളജിനൊപ്പം പ്രഖ്യാപിക്കപ്പെട്ട പത്തനംതിട്ടയിലെയും ഇടുക്കിയിലെയും മെഡികല്‍ കോളജുകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും എംബിബിഎസ് പ്രവേശനം ഉള്‍പെടെയുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയും ചെയ്യുന്നുവെന്നത് കാസര്‍കോട് ജില്ലയോടുള്ള അവഗണയ്ക്ക് ഒരു ചെറിയ ഉദാഹരണം മാത്രം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഫിസിയോ തെറാപി ഉള്‍പെടെയുള്ള മികച്ച ചികിത്സ നല്‍കാനുള്ള ശേഷിയില്ലെന്നറിഞ്ഞിട്ടും ഭരണാധികാരികള്‍ അവഗണന തുടരുകയാണ്. 1031 പേരെയും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ നടപടി സ്വീകരിക്കാത്ത പക്ഷം എന്‍ഡോസള്‍ഫാന്‍ സമര സമിതിക്ക് ഒപ്പം ചേര്‍ന്ന് പിണറായി സര്‍കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ബിജെപി നിര്‍ബന്ധിതമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.