പഠനത്തിനു ശേഷം അവർ പരസ്പരം കണ്ടുമുട്ടുന്നത് ആദ്യമായിട്ടാണ്. കോളജിലെ ആൽമരച്ചുവട്ടിൽ ഒരുമിച്ചിരുന്ന സഹപാഠികൾ പഠനകാലത്തെ ഓർമകൾ അയവിറക്കി, ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു. കോളജിൽ ചേർന്ന ദിവസത്തെ ഓർമകൾ, എൻജിനീയറിംഗ് പഠനാനുഭവങ്ങൾ, ഹോസ്റ്റൽ ജീവിതം, പഴയ കാലത്തെ കോളജ് കാംപസ്, വിദ്യാർഥി സംഘടനാ പ്രവർത്തനം, പോരാട്ടം, പ്രണയം, കലാപ്രവർത്തനങ്ങൾ, നേരിട്ട പരീക്ഷണങ്ങൾ, അങ്ങനെ എല്ലാം അവർ ഓർമിച്ചെടുത്തു. മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലത്തെ സൗഹൃദത്തിന്റെ നല്ല ഓർമകൾ അവർ പങ്കുവച്ചു. 22 വർഷങ്ങൾക്കിടയിൽ മൺമറഞ്ഞുപോയ അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്മരണകൾ പുതുക്കി.
അന്ന് കോളജ് കാംപസിലെ പാറക്കെട്ടുകൾക്കിടയിൽ പതുങ്ങിയിരുന്ന ചെറുചെടികൾ ഇന്ന് വന്മരങ്ങളായിരിക്കുന്നു. എവിടെ നോക്കിയാലും ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ. ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ, ഉയർന്നുനിൽക്കുന്ന വലിയ കമാനം, കോളജിന്റെ കവാടത്തിനടുത്തുതന്നെ സന്ദർശകരെ സ്വാഗതം ചെയ്യുന്ന ശീതീകരിച്ച ഭീമൻ ഓഡിറ്റോറിയം, എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഹോസ്റ്റലുകൾ, നവീകരിച്ച ലാബറടറികൾ, അങ്ങനെ കോളജിന്റെ അത്ഭുതകരമായ വളർച്ചയുടെ വിസ്മയക്കാഴ്ചകൾ അവർ മതിവരുവോളം കണ്ടാസ്വദിച്ചു.
പണ്ടൊക്കെ സ്വപ്നം കാണാൻ പോലും സാധിക്കാത്തത്രയും ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുന്നു കാസർകോട്ടെ എൽ ബി എസ് കോളജെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ചടങ്ങിൽ പ്രിൻസിപൽ പ്രൊഫ. ടി മുഹമ്മദ് ശുകൂർ കോളജിന്റെ നേട്ടങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പൂർവ വിദ്യാർഥികളോട് വിശദീകരിച്ചു. പ്രൊഫ. അഫ്‌ത്വാബ് എ കരീം, പ്രൊഫ. അബൂബകർ തുടങ്ങിയ പഠനകാലത്തെ മുതിർന്ന അധ്യാപകരെ സന്ദർശിച്ചതും നവ്യനാനുഭവം പകർന്നു. ഓർമപ്പാട്ടുകളുമായി കൂട്ടുകൂടാനും സംഗമത്തെ സംഗീതസാന്ദ്രമാക്കാനും ഗായകൻ സുധീരൻ ഗുരുവനവും ഉണ്ടായിരുന്നു.
Keywords: News, Kasaragod, Kerala, Povval, After 22 years, former students reunited at LBS Engineering College.< !- START disable copy paste -->