(my.kasargodvartha.com) സത്താറിനെ അടുത്തറിയാവുന്നവര്‍ക്കറിയാം ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്ന സത്താറിന്റെ രസഗുളിക. അതായിരുന്നു, അങ്ങനെ ആയിരുന്നു ഒരാഴ്ച മുമ്പ് (2023 ഫെബ്രുവരി 23) അര്‍ദ്ധ രാത്രിയില്‍ നമ്മെ വിട്ടുപോയ വിദ്യാനഗര്‍ ചാലക്കുന്നിലിലെ കെഎം അബ്ദുല്‍ സത്താര്‍. കാസര്‍കോട് നഗരത്തിലെ ഫോര്‍ട്ട് റോഡുകാര്‍ക്ക് ഉണ്ട സത്താര്‍ എങ്കില്‍ ചാലക്കുന്നുകാര്‍ക്കിടയിലും മറ്റും ബോംബെ സത്താര്‍ചയും, ചാലക്കുന്ന് സത്താര്‍ച്ചയുമായിരുന്നു.
എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്റെ അനുജന്‍ സത്താര്‍. അവനെന്നും അങ്ങനെ തന്നെ ആയിരുന്നു ജീവിക്കാന്‍ ആഗ്രഹിച്ചതും, ജീവിച്ചതും. ചെറുപ്പത്തില്‍ കുസൃതിയും കളിയുമായി ജീവിച്ച അനുജന്‍, സ്‌കൂള്‍ പഠന കാലത്ത് കാസര്‍കോട് നഗരത്തിലെ ഗവ. യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ വീണു കാലിന്നേറ്റ പരിക്കും തുടര്‍ന്ന് നടത്തിയ ഓപ്പറേഷനുകളും അവനെ വല്ലാതെ തളര്‍ത്തിയിരുന്നു.
മംഗലാപുരത്തെ ഹോസ്പിറ്റലില്‍ വെച്ചു നടത്തിയ ഓപ്പറേഷനുകളും തുടര്‍ചികിത്സകളും ഫലം കാണാതെ പോയത് അവന്റെ കാലിന്റെ വേദനയുടെ കാഠിന്യം നാള്‍ക്കുനാള്‍ കൂട്ടിക്കൊണ്ടേയിരുന്നു. ഇതില്‍ നിന്നും മോചനം കണ്ടെത്താനായി വേദന സംഹാരി ഗുളികള്‍ നിരന്തരമായി കഴിച്ചതാവാം അവന്റെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു തുടങ്ങിയത്. തുടര്‍ന്നാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം ലിസി ഹോസ്പിറ്റലില്‍ വെച്ചു അവന്റെ പ്രിയതമ നല്‍കിയ വൃക്ക സത്താറിന്റെ ശരീരത്തില്‍ വെച്ചു തുന്നി ചേര്‍ക്കപ്പെടുന്നത്.
പഴയ ജീവിതത്തിലേക്ക് സത്താര്‍ തിരിച്ചു വന്നതായിരുന്നു. സത്താര്‍ എനിക്കെന്നും ഒരു താങ്ങും തണലുമായിരുന്നു. ഈയുള്ളവന്‍ ദുബായില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് ബോംബെ വഴി വരുമ്പോഴൊക്കെ എന്നെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ നേരത്തെ തന്നെ വന്നു കാത്തു നില്‍ക്കുമായിരുന്നു. അവന്‍ കൂടെ ഉണ്ടെങ്കില്‍ എനിക്കൊരു എനര്‍ജി തന്നെ ആയിരുന്നു.
സത്താറിനെ കുറിച്ചൊരു കുറിപ്പെഴുതി വാചാലനാകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പൊരു നാളില്‍ ദുബായില്‍ വെച്ചു പരിചയപെടുകയും പിന്നീട് ഒരാത്മ മിത്രമായി മാറുകയും ചെയ്ത റഫീഖ് പോക്കറുമായി നാട്ടിലെ വിശേഷങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ ചാലക്കുന്നിലൊരു സത്താര്‍ച്ച ഉണ്ടെന്നും ബോംബെയിലാണ് ജോലി എന്നും ഉള്ള വിശേഷങ്ങള്‍ റഫീഖ് എന്റെ മുന്നില്‍ നിരത്തുന്നു. റഫീഖിനോട് നീ പറഞ്ഞു വരുന്ന സത്താര്‍ച്ച എന്റെ അനിയന്‍ ആണെന്നും, നീ എന്നെ എടാ എന്നാണല്ലോ വിളിക്കുന്നത്? എന്റെ അനിയനെ ഇച്ച എന്നും, സത്താര്‍ച്ചാന്റെ ഇച്ച ആയ എന്നെ നീ എന്തിനാ എടാ എന്ന് വിളിക്കുന്നതെന്നായിരുന്നു റഫീഖിനോട് ഞാനന്ന് ചോദിച്ചത്. അതിനു റഫീഖ് അന്ന് തന്ന മറുപടി സത്താര്‍ച്ച ഞങ്ങളുടെ ചാലക്കുന്നിന്റെ മുത്താണ് എന്നായിരുന്നു.
ആ സംഭവത്തിന് ശേഷവും റഫീഖ് എന്നെ എടാ എന്നു തന്നെയാണ് വിളിക്കാറ്. അനിയന്റെ മുന്നില്‍ ആരെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിനായി കൈ നീട്ടിയാല്‍ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കൊടുത്തു മടക്കി അയക്കുമായിരുന്നു എന്ന കഥകള്‍ സത്താറിന്റെ സുഹൃത്തുക്കള്‍ എന്നും പറയുമായിരുന്നു, ചാലക്കുന്നുകാരുടെ സത്താര്‍ച്ച ഒരു കാലത്ത് ബോംബെ ഫൗണ്ടനിലെ കിരീടം വെക്കാത്ത രാജാവായിരുന്നു എന്ന കഥകളും. വ്യാഴാഴ്ചയിലെ പാതിരാ നേരത്ത് ഞങ്ങളെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയാണ് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി സത്താര്‍ വിടവാങ്ങിയത്. പാരത്രിക ജീവിതം പടച്ചവന്‍ വെളിച്ചമാക്കി കൊടുക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
Keywords: Article, Kasaragod, Kerala, Obituary, KM Abdul Sathar, Memories of KM Abdul Sathar.
< !- START disable copy paste -->