Join Whatsapp Group. Join now!

Silver Jubilee | സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നമാസ് യൂത്ത് ഫ്രണ്ട്‌സ്

Namaz Youth Friends on the occasion of Silver Jubilee, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-ശംസുദ്ദീന്‍ കോളിയടുക്കം

(my.kasargodvartha.com) ഒരു കാലത്ത് ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് പല മേഖലയിലും പിന്നോക്കവസ്ഥയിലായിരുന്നു കോളിയടുക്കം എന്ന ദേശം. സാമ്പത്തികമായും വിദ്യഭ്യാസപരമായും പിന്നിലാണ് കോളിയടുക്കം എന്ന സത്യം തിരിച്ചറിഞ്ഞ് 1996 കാലഘട്ടത്തില്‍, കൗമാരക്കാരായ നാല് ചെറുപ്പക്കാരുടെ നാടിനോടുള്ള അടങ്ങാത്ത സ്‌നേഹവും കൂറുമാണ് നമാസ് എന്ന പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായത്. പതിനാറും പതിനേഴും വയസ് പ്രായമുള്ള നാല് ചെറുപ്പക്കാര്‍ നാടിനെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും അതിലേക്ക് നയിക്കാന്‍ ഒരു സംഘടനയുടെ ആവശ്യകതയുണ്ടെന്ന് മനസിലാക്കി, ആ നാല്‍വര്‍ സുഹൃത്തുക്കള്‍ ഒത്ത് കൂടിയിരുന്ന ആദ്യത്തെ ഓഫീസാണ് അണിഞ്ഞ റോഡിലെ കാലിച്ചാമരം മോരി (കള്‍വര്‍ട്ട്).
                 
Article, Committee, Kasaragod, Kerala, Namaz Youth Friends, Namaz Youth Friends on the occasion of Silver Jubilee.

സംഘടനയ്ക്ക് എന്ത് പേരിടുമെന്ന ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ ടിഎ ഹനീഫ്, നമാസ് കോളിയടുക്കം എന്ന നാമം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഫൈസല്‍, നിസാര്‍ ടി എം, അബ്ദുര്‍ റഹ് മാന്‍ (കോയാമു) എന്നിവര്‍ ചേര്‍ന്ന് അത് കയ്യടിച്ച് പാസാക്കി. ആദ്യത്തെ ലക്ഷ്യം അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രദേശത്തെ യുവാക്കളെ പള്ളിയിലെത്തിച്ച് നിസ്‌കരിപ്പിക്കുക എന്നതായിരുന്നു. ഇക്കാരണത്താല്‍ നമാസ് എന്ന സംഘടനയെ മുതിര്‍ന്നവരും ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യത്തെ ആശയത്തില്‍ ഏതാണ്ട് വിജയിച്ചപ്പോഴാണ് നാടിന്റെ ഉന്നമനത്തിനും പാവങ്ങളുടെ കണ്ണീരൊപ്പാനുമിറങ്ങാമെന്ന ചിന്ത ഉടലെടുത്തത്. ഇതൊന്നും കഴിഞ്ഞില്ലെങ്കിലും കൂടെയുള്ള ഒരാളെ എങ്കിലും ചേര്‍ത്തുനിര്‍ത്താനും കണ്ണീരൊപ്പാനും കഴിഞ്ഞാല്‍ അതായിരിക്കും പുണ്യമെന്ന് വിശ്വസിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തന പാതയിലേക്ക് ഇറങ്ങിയത്. അങ്ങനെ നമാസ് യൂത്ത് ഫ്രണ്ട്‌സ് (REG. NO. 29/2000, NYKK 146/2000 ) അംഗീകൃത സംഘടനയായി മാറി.

ഫൈസല്‍ ആപ്പ പ്രസിഡന്റ്, ടി എ ഹനീഫ കോളിയടുക്കം ജനറല്‍ സെക്രട്ടറി, ടി എം എ നിസാര്‍ ട്രഷററായി പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. നമാസ് രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ദുബായിലായിരുന്നു. മൊബൈല്‍ഫോണ്‍ അത്രയും പ്രചാരം അല്ലാതിരുന്ന ആ കാലത്ത് പ്രിയ സുഹൃത്ത് ഹനീഫ കോളിയടുക്കം കത്ത് മുഖാന്തരം നിരന്തരം ബന്ധപ്പെട്ടു അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുമായിരുന്നു. ഇന്ന് നിലാവെട്ടം പോലെ നിലാവിനോട് ഒട്ടിയിരിക്കുകയാണ് കോളിയടുക്കം മുബാറക്ക് ജമാഅത്ത് പള്ളിക്കും മദ്രസയ്ക്കും നമാസ് എന്ന സംഘടന. പരിപാടികള്‍ ഒന്നിനുപിറകെ മറ്റൊന്നായി വന്നു കൊണ്ടിരുന്നു. ഓരോ പരിപാടിയും നാടിന്റെ ഉത്സവങ്ങളായി മാറി.
         
Article, Committee, Kasaragod, Kerala, Namaz Youth Friends, Namaz Youth Friends on the occasion of Silver Jubilee.


നബിദിന പരിപാടി, മതപ്രഭാഷണങ്ങള്‍, സ്വലാത്ത് വാര്‍ഷികം, മജ്‌ലിസുന്നൂര്‍, പള്ളി ഖബര്‍, മയ്യിത്ത് പരിപാലനം, പള്ളി പുനര്‍നിര്‍മ്മാണം തുടങ്ങി നമാസിന്റെ പ്രവര്‍ത്തകര്‍ എത്തിപ്പെടാത്ത മേഖലകള്‍ കോളിയടുക്കത്തില്ല. കാല്‍നൂറ്റാണ്ടിയിട്ടും രാഷ്ട്രീയവും, സംഘടനയും ഇതിനകത്ത് കയറി വന്നില്ല. ഇത് തന്നെയാണ് ഈ സംഘടന ഇത്രയും കാലം വളരെ മനോഹരമായി മുന്നേറുന്നത്. ആദ്യകാലത്ത് ജോലി ചെയ്യാന്‍ പോലും പ്രായമാകാത്ത യുവാക്കളാണ് ഈ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. അതു കൊണ്ട് സാമ്പത്തികം വലിയ പ്രശ്‌നം തന്നെയായിരുന്നു.

മഴയും വെയിലും വകവെക്കാതെ വീടുവീടാന്തരം കയറിയിറങ്ങി നാട്ടുകാരില്‍ നിന്ന് ചെറിയ തുകകള്‍ സമാഹരിച്ച് മെല്ലെ മുന്നോട്ടുനീങ്ങി. ഈ സംഘടനക്ക് നല്‍കുന്ന തുച്ഛമായ സംഖ്യ പോലും അര്‍ഹതയുള്ളവരിലേക്ക് തന്നെ എത്തുന്നു എന്ന് ജനങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയതോടെ ചോദിക്കാതെ തന്നെ സഹായങ്ങള്‍ നല്‍കുന്ന അവസ്ഥയിലേക്കെത്തി. ചെറിയ പരിപാടികളൊക്കെ സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്തികൊണ്ടായിരുന്നു തുടക്കം. ഒരു പരിപാടി കഴിയുമ്പോള്‍ ഇനി അടുത്ത പരിപാടി എന്നാണെന്ന് പലരും ചോദിക്കാന്‍ തുടങ്ങി. ചോദ്യം മാത്രമല്ല അവര്‍ അവരുടെ ഒരു വിഹിതം മാറ്റിവെച്ച് കാത്തിരിക്കും .

ഈ സംഘടനയിലുള്ള പല യുവാക്കളും വിദേശത്ത് ജോലി തേടി എത്തിയപ്പോള്‍ നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതെയായി. സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും 2010 ആകുമ്പോഴേക്കും നമാസിന്റെ ഓഫീസ് സ്ഥിതി ചെയ്തിരുന്ന റൂം ജമാഅത്ത് കമ്മിറ്റിക്ക് തിരിച്ചു നല്‍കേണ്ടിയും വന്നു. യൂനുസ് കോളിയടുക്കം പ്രസിഡണ്ടായിരിക്കെ 2016ല്‍ ഈ വിനീതന്റെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി ജമാഅത്ത് കമ്മിറ്റിയില്‍ നിന്നും വീണ്ടും ഓഫീസ് റൂം തിരിച്ചു വാങ്ങുകയും പൂര്‍വാധികം ശക്തിയോടെ നമാസ് തിരിച്ചു വരികയുണ്ടായി. ആ വര്‍ഷത്തെ നബിദിന പരിപാടി വളരെ ഗംഭീരമായി നടത്തിയതോടെ പിന്നീട് നമാസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല .

രോഗത്തിന്റെ കഷ്ടതയില്‍ പെട്ട് മരുന്നുപോലും വാങ്ങാന്‍ വഴിയില്ലാത്ത നിര്‍ധനര്‍ക്ക് മരുന്നു നല്‍കിയും,
പഠിക്കാന്‍ മിടുക്കരായിട്ടും പണമില്ല എന്ന ഒറ്റ കാരണം കൊണ്ട് പഠിത്തം നിര്‍ത്തേണ്ടി വന്ന കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനു വേണ്ട സഹായം നല്‍കിയും നമാസ് തണലായി. പല വീട്ടിലേക്കും നിശബ്ദ സേവനവുമായി ഭക്ഷണ കിറ്റുമായി നമാസ് എത്തി. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയും, സാരിയോ, ഭക്ഷണത്തിന് വഴിയോ ഒരു തരി പൊന്നോ, ഇല്ലാതെ വലഞ്ഞുപോയ നിരവധി പെണ്‍കുട്ടികളുടെ കണ്ണീരില്‍ കഴിഞ്ഞിരുന്ന കല്യാണ വീട്ടിലേക്ക് ആശ്വാസത്തിന് കൈകളുമായും നമാസിന്റെ പ്രവര്‍ത്തകര്‍ സാന്നിധ്യമറിയിച്ചു.

സഅദിയ ആശുപത്രിയുമായി ചേര്‍ന്ന് പലപ്പോഴായി മെഡിക്കല്‍ ക്യാമ്പുകളും രക്തദാന ക്യാമ്പുകളും നമാസ് സംഘടിപ്പിച്ചു. മറ്റു പല ആശുപത്രികളുമായി സഹകരിച്ചും ഗ്രാന്റ് മെഡിക്കല്‍ ക്യാമ്പുകള്‍ ഒരുക്കി. ജില്ലയിലെ പ്രമുഖ നേത്രവിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ നേത്രക്യാമ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പ്രമുഖ ലൈംഗിക രോഗവിദഗ്ധനായ ഡോ. ഡിസിനെ പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലയിലെ ഏറ്റവും നല്ല സന്നദ്ധ സംഘടനയ്ക്കുള്ള അംഗീകാരങ്ങള്‍ നെഹ്‌റു യുവ കേന്ദ്രയില്‍ നിന്നും കരസ്ഥമാക്കി. പ്രത്യേക ക്ഷണിതാക്കളായി നാല് ദിവസത്തെ വയനാട് മുത്തങ്ങ ട്രക്കിംഗിന് നമാസിന്റെ ആറ് പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുകയും സര്‍ക്കാര്‍ ഏജന്‍സികള്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു.

ചെമ്മനാട് പഞ്ചായത്തുമായി ചേര്‍ന്ന് സംഘടിപ്പിച്ച സേവനവാരവും പ്രശംസനീമായിരുന്നു. നാടിന്റെ ശുചീകരണ യജ്ഞത്തില്‍ പങ്കാളിയാവുകയും കോളിയടുക്കത്തിന്റെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. രക്തദാനത്തെ ഏറെ മഹിമയോടെ നോക്കികാണുന്ന നമാസിന് ബ്ലഡ് ഡൊണേഷന്‍ ടീം തന്നെയുണ്ട്. കേരളം പ്രളയത്തില്‍ മുങ്ങിപോയ നേരത്ത് ആശ്വാസത്തിന്റെ കപ്പലായി മാറാനും നമാസിന് കഴിഞ്ഞു. ഒറ്റ നിമിഷം കൊണ്ട് എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട വയനാട്ടിലെ നൂറുക്കണക്കിന് മനുഷ്യര്‍ക്ക് മുന്നിലേക്ക് ഭക്ഷണകിറ്റും പുതപ്പും വസ്ത്രങ്ങളുമായി നമാസ് പ്രവര്‍ത്തകര്‍ കടന്നെത്തി.

കോവിഡിന്റെ മഹാമാരിയില്‍ എല്ലാവരും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയ നേരത്ത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ പണയം വെച്ച് ഓടുകയായിരുന്നു നമാസ്. ഓക്‌സിജന്‍ മെഷീനും ഭക്ഷണകിറ്റുകളുമൊക്കെ എത്തിച്ചുകൊടുക്കാന്‍ പ്രവര്‍ത്തകര്‍ രാപ്പകല്‍ ഓടിനടന്നു. അത്യാവശ്യമരുന്നുകള്‍ പോലും വാങ്ങാനാവാതെ വലഞ്ഞവര്‍ക്കു മുന്നിലേക്ക് എല്ലാ തടസ്സങ്ങളെയും തട്ടി മാറ്റി അവര്‍ മരുന്നുകളെത്തിച്ചു. നമാസിന്റെ പ്രവര്‍ത്തന വഴിയിലെ ഏറ്റവും തിളക്കമുള്ള ചിത്രമേതെന്ന് ചോദിച്ചാല്‍ ഓരോന്നിനും ഓരോ നിറങ്ങളായിരിക്കും. എന്നാല്‍ അടുത്ത് പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുണ്ട്. അതാണ് നമാസിന് ഏറെ ആത്മസംതൃപ്തി ഏകുന്നത്. മൂകയായ ഉപ്പയും ഉമ്മയും മൂന്ന് മക്കളും കഴിഞ്ഞിരുന്ന വീട് ശക്തമായ ഒരു കാറ്റിലോ, മഴയത്തോ ഇടിഞ്ഞു വീഴാറായി വാസയോഗ്യമല്ലാത്ത നിലയില്‍ കണ്ണീര് വാര്‍ത്ത നേരത്ത് നമാസ് ആ ദൗത്യം ഏറ്റെടുത്ത് ആ വീടിനെ വാസയോഗ്യമാക്കി അവരുടെ കണ്ണീര് തുടച്ച് പുഞ്ചിരി സമ്മാനിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്.

നമാസ് യൂത്ത് ഫ്രണ്ട്‌സ് സില്‍വര്‍ ജൂവിലി 2023 ജനുവരി 15, 16, 17 തീയതികളില്‍ ആഘോഷിക്കുകയാണ് ചടങ്ങില്‍ മതപണ്ഡിതന്മാരും സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നു. മെഡിക്കല്‍ ക്യാമ്പ്, മതപ്രഭാഷണം , മാനവ സൗഹാര്‍ദ സദസ്, ബുര്‍ദ മജ്‌ലിസ്, ജില്ലാതല ഖിറാഅത്ത്, മദ്ഹ് ഗാനം, ദഫ് മുട്ട് മത്സരം എന്നിവ കോളിയടുക്കത്ത് നടക്കും. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടയില്‍ ഭാരവാഹികളാക്കെ മാറി മാറിവന്നു, തലമുറ തന്നെ മാറി, എന്നിട്ടും ആവേശം മാത്രം മാറിയില്ല, ഇപ്പോഴുള്ള നമാസിന്റെ പുതിയ കമ്മിറ്റിയും വളരെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നു. നമാസ് എന്ന് കേള്‍ക്കുമ്പോള്‍ കാല്‍നൂറ്റാണ്ടുമുമ്പുള്ള അതേ ആവേശമാണ് കോളിയടുക്കത്തിലെ യുവാക്കളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഇന്നും. കോളിയടുക്കത്തിന്റെ സ്പന്ദനമായ നമാസ് യൂത്ത് ഫ്രണ്ട്‌സ് എന്ന സംഘടന ഒരു പോറലുമേല്‍ക്കാതെ തലമുറകള്‍ മാറി മാറി മുന്നോട്ടു നീങ്ങട്ടെ.

Keywords: Article, Committee, Kasaragod, Kerala, Namaz Youth Friends, Namaz Youth Friends on the occasion of Silver Jubilee.
< !- START disable copy paste -->

Post a Comment