(my.kasargodvartha.com) ഹര്‍ഷാത്മതമായ ചെറിയപെരുന്നാളിന്റെ സുദിനത്തില്‍ മണ്ണംകുഴി ഹൗസിന്റെ മുന്നില്‍ പത്ത്-ഇരുപത് രൂപയുടെ ഒരട്ടി നോട്ട് പിടിച്ച, തൂവെള്ളയണിഞ്ഞ മന്ദസ്മിതമായി നില്‍ക്കുന്ന ലണ്ടന്‍ മുഹമ്മദ് ഹാജിയെ ജമാഅത്തിലെ ബാല്യങ്ങള്‍ക്ക് പോലും സുപരിചിതമാണ്. ലേഖകന്റെ ബാല്യോര്‍മകളിലും ഹാജിയാരുടെ 'പെരുന്നാള്‍ പൈസ'യോര്‍മ്മ തെളിമയോടെ വാഴുന്നുണ്ട്. മറ്റൊന്ന് പള്ളിയില്‍ ഹസ്തദാനം നല്‍കിയാല്‍ പോക്കറ്റില്‍ സൂക്ഷിക്കുന്ന സുഗന്ധം പങ്കിടുന്നതാണ്. മുഖ്യമായും ഈ രണ്ട് കാര്യങ്ങളെ കൊണ്ട് പൊതുവായി ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഞങ്ങള്‍ മനസ്സിലാക്കിയത്.
പ്രദേശവാസികളും മറ്റും മരണാനന്തരകര്‍മ്മങ്ങളോടനുബന്ധിച്ച് ചൊവ്വാഴ്ച്ച നടത്തിയ അനുശോചന സംഗമത്തിലായിരുന്നു ശാരീരിക-സാമ്പത്തിക മേഖലയിലും നിരാലംബരെ ചിറകോടെ ചേര്‍ത്ത, അനാഥരുടെ ആശ്രയ കേന്ദ്രവും, വിനയത്വത്തിന്റെ വിശ്വരൂപവുമായ ലണ്ടന്‍ മുഹമ്മദ് ഹാജിയെന്ന നിസ്തുലമായ രഹസ്യ-സേവകന്റെ വ്യക്തിത്വം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. 'ഇടത് കൈ കൊടുത്താല്‍ വലത് കൈ അറിയരുത്' എന്ന മുഹമ്മദ് നബിയുടെ മഹനീയത ഉള്‍കൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ ഹൃസ്വ ജീവിതം ജനസേവനത്തിനായി ചിലവഴിച്ചത്. ഉപ്പളയിലെ പ്രമുഖ വ്യവസായിയായ ലത്തീഫ് പങ്കുവെച്ച ഹാജിക്കയുടെ ജീവിതത്തിലെ സൂക്ഷ്മതയിലേക്ക് നോക്കാം
'ഞാനും ഹാജിക്കയും തമ്മില്‍ അഭേദ്യമായ ആത്മ ബന്ധമുള്ളതിനാല്‍ ഹാജിക്ക എന്നൊട് അഭ്യര്‍ത്ഥനക്ക് പകരം ആധികാരികമായാണ് പലതും കല്‍പിക്കാറുള്ളത്. ഒരു വേളയില്‍ എന്നെ വിളിച്ച് നീ ഒരു കുടുംബത്തിന് ഒരു തുക കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ഇന്ന വ്യക്തിയിലേല്‍പ്പിക്കാം, നിങ്ങള്‍ വാങ്ങിച്ചോ എന്ന് പറയുമ്പോള്‍, പോരാ.. നിശ്ചിതമായ തുക എല്ലാ മാസവും നല്‍കണമെന്ന് ഹാജിക്ക പറഞ്ഞു. സമൂഹത്തിലിറങ്ങി കൈ നീട്ടാന്‍ പോലും അസാധ്യമായ കാന്‍സര്‍ രോഗിയുടെ വീട്ടിലേക്ക് തുകയേല്‍പ്പിക്കുമ്പോഴാണ് ഇതു വരെയുള്ള വര്‍ഷങ്ങളില്‍ ലണ്ടന്‍ ഹാജിയായിരുന്നു ചിലവിന് വക നല്‍കിയത് എന്ന സത്യം മറ നീക്കി പുറത്ത് വരുന്നത്, മറ്റൊരിക്കല്‍ നീ ഒരു കുടുംബത്തിന്‍ ഫ്രിഡ്ജ് കൊടുക്കണം എന്ന് പറയുകയും വാക്ക് പോലെ അവരിലേല്‍പ്പിക്കുമ്പോഴാണ്, അഗതികളായ ആ കുടുംബിനികള്‍ക്കുള്ള ഫര്‍ണീച്ചര്‍ വകകള്‍ മുഴുവനും ഹാജിക്കയുടെ വകയാണെന്ന സത്യം ഞാനറിയുന്നത്'. ഫര്‍ണീച്ചര്‍ ഞാന്‍ കൊടുത്തു എന്ന് ഒരു തരി സൂചനകളും ആത്മ മിത്രമായ ലത്തീഫിനോട് പോലും ഹാജിക്ക പറഞ്ഞില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ മൈക്രോ സൂക്ഷമതയോടെയുളള നിസ്വാര്‍ത്ഥ ജീവിതം സ്ഫടികം പോലെ വ്യക്തമാവുന്നത്.
ഒരു കുടയും വെള്ള വസ്ത്രവുമണിഞ്ഞ സ്മിതം കൈവെടിയാത്ത സിമ്പിള്‍ വ്യക്തിയായാണ് ഒരാള്‍ ഹാജിക്കയെ വര്‍ണിച്ചത്. വര്‍ണ്ണനകള്‍ക്കപ്പുറം അതൊരു മറച്ച് വെക്കാനാവാത്ത വസ്തുതയാണ്. സ്വന്തമായി വാഹനമില്ലാത്തതും, സ്വന്തമായി സ്മാര്‍ട്ട് ഫോണുപയോഗിക്കാത്തതും ഹാജിക്കയുടെ ആഢംബര രഹിതമായ ജീവിതത്തെ വ്യക്തമാക്കുന്നു. ഫോണില്ലെങ്കിലും ചോദിച്ചവരുടെ നമ്പറുകളും, വ്യക്തികളുടെ ഡാറ്റ ബേസും ലഭിക്കുന്ന ഓര്‍മ്മശക്തിയുള്ളതും, സമ്പന്നരുടെയും ദരിദ്രരുടെയും വീട്ട് ചടങ്ങിലെ ക്ഷണങ്ങള്‍ നിരസിക്കാതെ സജീവ സാന്നിധ്യമായി പങ്കെടുക്കുന്നതും, അഗതി- അനാഥരെ കണ്ടെത്തി സഹായിക്കുന്നതില്‍ സുഖം കണ്ടത്തിയതുമായ ഹാജിക്ക അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായി ജനഹൃദയങ്ങളില്‍ മുദ്ര പതിപ്പിച്ചിരിക്കുന്നു.
സംഘടനാ ആശയങ്ങള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാതെ സഅദിയ്യ, ഇമാം ശാഫിഈ , മുഹിമ്മാത്ത്, മള്ഹര്‍, തുടങ്ങിയ ഒട്ടനേകം മത-സ്ഥാപനങ്ങളുടെ ഭാരവാഹിത്വം വഹിക്കുകയും, ഹൃദയം നിറഞ്ഞ സംഭാവനകളും നല്‍കിയ വിശാല മനസ്‌കനാണ് ഹാജിക്ക. സയ്യിദ് പരമ്പരയെയും, സ്ഥാപന മേധാവികളെയും മുതഅല്ലിമീങ്ങളെയും നെഞ്ചോടെ ചേര്‍ത്ത് പിടിക്കാന്‍ ഹാജിക്ക സമയം കണ്ടെത്തി.
ഹാജിക്കയുടെ പ്രിയപ്പെട്ട ഹിന്ദുസ്ഥാന്‍ മോണുച്ച പങ്കു വെച്ചത് കൗതുകരമായ സംഭവമാണ്. തന്നെ എല്ലാ വെള്ളിയാഴ്ച രാവിലും വിളിച്ച് 'ഇന്ന് വെളളിയാഴ്ചയാണ് ഞാന്‍ മരിക്കും' എന്നും, ജുമുഅ കഴിഞ്ഞ് തിരിച്ച് വിളിച്ച് 'എവിടെയാ ഖബ്‌റിലാണോ' എന്ന് ചോദിക്കുന്ന പല വെള്ളിയാഴ്ചകളും അവരുടെ ഇടയില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. അങ്ങനെ ഇസ്ലാമിക വിശ്വാസ പ്രകാരം പവിത്രമാക്കപ്പെട്ട മുഹറം മാസത്തിലെ വെള്ളിയാഴ്ച അനശ്വരമായ ലോകത്തേക്ക് ഹാജിക്ക വിടപറയുകയും, ജനസാഗരത്തിന്റെ സാന്നിധ്യത്തില്‍ മണ്ണംകുഴിയുടെ മണ്ണില്‍ ഖബറടക്കുകയും ചെയ്തു.
ഇനി ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത ജീവിതത്തിന്റെ ഓര്‍മ്മകളും, ചെയ്തുവെച്ച സദ്പ്രവൃത്തിയുമാണ് ശേഷിച്ചിരിക്കുന്നത്. ലണ്ടന്‍ ഹാജിയെ നാട് മറന്നു കൂടാ എന്ന ലക്ഷ്യത്തില്‍ വലിയ സ്മാരകം എംഎല്‍എയും ബന്ധപ്പെട്ടവരും പ്ലാന്‍ ചെയ്യുന്നുണ്ട്. തീരാനഷ്ടമാണ് ലണ്ടന്‍ ഹാജിയുടെ വിയോഗത്തിലൂടെ നാടിന് സംഭവിച്ചിരിക്കുന്നത്. കാരണവര്‍, സേവകന്‍, നേതൃത്വം തുടങ്ങി ഒട്ടനേകം സ്ഥാനം സംഗമിക്കുന്ന ഹാജിക്കയുടെ വിടവ് നികത്താനാവാതെ തുടര്‍കാലങ്ങളില്‍ അവശേഷിക്കുക തന്നെ ചെയ്യും.
Keywords: Article, Kasaragod, Kerala, London Muhammad Haji, Memories of London Muhammad Haji.
< !- START disable copy paste -->
No comments: