Join Whatsapp Group. Join now!

Ibrahim Cherkala | ഇനി കൂടെയുണ്ടാവില്ല എന്റെ ആത്മമിത്രം

My soulmate is no longer with me, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അനുസ്മരണം 

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(my.kasargodvartha.com) നാട് കണ്ട കഥ പറയാതെ ആത്മമിത്രം തിരിച്ചുപോയി. ഉത്തരേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഡല്‍ഹി, ആഗ്ര, അജ്മീര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ ഇബ്രാഹീം പതിവ് പോലെ എന്നേയും ക്ഷണിക്കാന്‍ മറന്നു പോയിരുന്നില്ല. എന്റെ ഉമ്മക്ക് സുഖമില്ലാത്തതിനാല്‍ മംഗലാപുരം യെനപ്പൊയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ ഞാന്‍ അതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ കാസര്‍കോട്ട് നിന്നും ട്രെയിന്‍ പുറപ്പെടുമ്പോഴും ഫോണ്‍ ചെയ്തു പലതും പറഞ്ഞു. ഡല്‍ഹിയും ആഗ്രയിലും അജ്മീറിലും കണ്ട കാഴ്ചകളുടെ ഫോട്ടോകള്‍ അയച്ചു തന്നതിന് ശേഷം വന്നുകഴിഞ്ഞ് വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു.
                    
Article, Kasaragod, Kerala, Obituary, Kuttianam Muhammad Kunhi, Ibrahim Cherkala, My soulmate is no longer with me.

ചെറിയ പനിയുണ്ടെന്നും കാലാവസ്ഥ മാറിയത് കൊണ്ടാവാമെന്നും സാഹിത്യ വേദിയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചു കാണാമെന്നും അന്നേരം എന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെ കുറിച്ച് വിശദമായി സംസാരിച്ചു തീരുമാനിക്കാമെന്ന് പറഞ്ഞ ആള്‍ തിരിച്ചു വന്ന് ഗോവയിലെത്തുമ്പോള്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി, കാസര്‍കോട് വണ്ടി ഇറങ്ങാന്‍ പത്തരയെങ്കിലുമാവും, നാളെയോ മറ്റന്നാളോ കാണാമെന്ന്. എന്നാല്‍ എന്തു കൊണ്ടോ തൊട്ടടുത്ത ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. യാത്രാ ക്ഷീണം കൊണ്ട് വിളിക്കാത്തതാകാം, ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് ഞാനും വിളിക്കാതിരുന്നത്. ഇരുപത്തൊന്നാം തീയതി വിളിച്ചപ്പോള്‍ ഭാര്യയാണ് ഫോണ്‍ എടുത്തത്. അവര്‍ക്ക് പനിയാണ്, ആസ്പത്രിയില്‍ പോകാന്‍ ഒരുങ്ങുകയാണ്, വിളിക്കാന്‍ പറയാമെന്നായിരുന്നു മറുപടി.
     
Article, Kasaragod, Kerala, Obituary, Kuttianam Muhammad Kunhi, Ibrahim Cherkala, My soulmate is no longer with me.

ഉച്ചകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍ ഗഫൂറിന്റെ കോള്‍ വന്നു, ഇച്ചാക്ക് പനി കൂടിയത് കൊണ്ട് മംഗലാപുരം യൂനിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന്. പിന്നീടുള്ള ഒരു കോളുകളിലും പ്രതീക്ഷക്ക് വക നല്‍കുന്ന വാക്കുകളായിരുന്നില്ല കിട്ടിക്കൊണ്ടിരുന്നത്. ഏഴ് മണി കഴിഞ്ഞപ്പോള്‍ റഹ്മാന്‍ തയലങ്ങാടി വിളിച്ചുചോദിച്ചു, നമ്മുടെ ഇബ്രാഹീമിന്റെ കാര്യത്തില്‍ എന്തൊക്കെയോ കേള്‍ക്കുന്നല്ലോ ശരിയാണോയെന്ന്. കേട്ടപ്പോള്‍ ഞാന്‍ തീര്‍ത്തും തളര്‍ന്നു പോയി. എങ്കിലും ഗഫൂറുമായി ബന്ധപ്പെട്ടപ്പോള്‍ ഇബ്രാഹിന്‍ച്ച പോയി എന്ന വിവരമാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞൊപ്പിച്ചത്.
                  
Article, Kasaragod, Kerala, Obituary, Kuttianam Muhammad Kunhi, Ibrahim Cherkala, My soulmate is no longer with me.

എന്റെ ഉമ്മയുടെ അമ്മാവന്‍ ചെര്‍ക്കള (സ്റ്റോറിലെ) അബ്ദുല്ല ഹാജിയുടെ മകന്‍ ഇബ്രാഹീമിനെ ചെറുപ്പത്തിലേ അറിയാമെങ്കിലും കാസര്‍കോട് ബോര്‍ഡ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ എത്തിയപ്പോഴാണ് ഞങ്ങള്‍ ഒരേ ക്ലാസില്‍ ഒന്നിച്ചാവുന്നത്. 1977 മുതല്‍ തുടക്കം കുറിച്ച ആ സ്‌നേഹ ബന്ധത്തിന്ന് ഒരിക്കലും മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് കാസര്‍കോട്ടെ ജനാവലിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണാം. ഏതെങ്കിലും ഒരു ദിവസം ഞങ്ങള്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ മത്സ്യ മാര്‍ക്കറ്റിലെ മീന്‍കാരിയും കടക്കാരരും കാണുന്നവരുമൊക്കെ മറ്റേ ആള്‍ എവിടെയെന്ന് ചോദിക്കാറുണ്ട്. അത് തന്നെയാണ് മറ്റു മേഖലകളിലെയും സ്ഥിതി.
                
Article, Kasaragod, Kerala, Obituary, Kuttianam Muhammad Kunhi, Ibrahim Cherkala, My soulmate is no longer with me.

സാഹിത്യത്തിലായാലും പൊതുരംഗത്തും മറ്റുമേഖലകളിലും ജീവിതത്തിലും ഒരിക്കലും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരേ ചിന്താഗതിയോടെ ഇത്രയും കാലം ഒരുമിച്ചു നീങ്ങിയ ആത്മബന്ധത്തിനാണ് ജൂലൈ 21ന് എന്റെ ആത്മമിത്രത്തിന്റെ പെട്ടന്നുള്ള വേര്‍പ്പാടോടെ നിശ്ചലമായിരിക്കുന്നത്. മരിച്ചാലും ഒരിക്കലും മറക്കാത്ത ഒത്തിരിയൊത്തിരി സംഭവങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ളത്. കുടുംബത്തിലും പൊതുഇടങ്ങളിലും എന്നു വേണ്ട, കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ നാട്ടില്‍ ജീവിക്കാന്‍ വേണ്ടി ചില കച്ചവടങ്ങള്‍ ചെയ്തു നോക്കിയെങ്കിലും അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഒരു പ്രവാസത്തിന്ന് ഒരുമ്പെട്ട് ചെന്നെത്തിയതും ഷാര്‍ജയിലായിരുന്നു.

അങ്ങിനെ ഇബ്രാഹിം ചെര്‍ക്കളുമായി ഇടപഴകി ജീവിക്കാനുള്ള അവസരം ദൈവം ഒരുക്കി തന്നതായിരിക്കാം ഈ നിയോഗമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. അങ്ങിനെ നീണ്ട പത്തു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ തൂവല്‍പക്ഷികളായി ഷാര്‍ജയില്‍ കഴിഞ്ഞു കൂടി. പ്രവാസ ജീവിതം മടുത്ത ഞാന്‍ ആദ്യം (2007) നാടുപിടിച്ചെങ്കിലും ഏറെ താമസിയാതെ ഇബ്രാഹീം ചെര്‍ക്കളയും നാടുപിടിച്ചു. കാസര്‍കോട്ടെ സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്താന്‍ തുടങ്ങി. മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ പല സാഹിത്യ സദസ്സുകളിലും ക്യാംപുകളിലും സംബന്ധിക്കാനും ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോയിരുന്നതും. അതുപോലെത്തന്നെ ഞങ്ങള്‍ നടത്തുന്ന സാഹിത്യരചനകള്‍ പോലും പരസ്പരം വായിച്ചു ആവശ്യമായ തിരുത്തലുകള്‍ നടത്തിയ ശേഷമാണ് പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയിരുന്നത്.

അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരസ്പര പൂരകങ്ങളായി ഇരുമെയ്യാണെങ്കിലും ഞങ്ങള്‍ ഒന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിയോഗം സംഭവിച്ചിരിക്കുന്നത്. ഇബ്രാഹീമില്ലാതെ ഞാന്‍ ഒറ്റക്ക് സംബന്ധിച്ച കഴിഞ്ഞ സാഹിത്യവേദി ജനറല്‍ ബോഡി യോഗത്തില്‍ പോലും സയാമീസ് ഇരട്ടകളില്‍ ഒരാള്‍ എവിടെയെന്ന് ടി എ ഷാഫിയും, പപ്പന്‍ മാഷുമടക്കമുള്ള പലരും ചോദിച്ചപ്പോള്‍ ഞാന്‍ പുഞ്ചിരിയില്‍ ചാലിച്ച വാക്കുകളില്‍ മറുപടി പറയുമ്പോഴും എപ്പോഴും എന്റെ വലം കയ്യായി പ്രവര്‍ത്തിച്ചിരുന്ന സുഹൃത്ത് കൂടെയില്ലാത്തതിന്റെ നീറ്റലും പരിഭവം പുറത്തു കാണിച്ചില്ലെന്ന് മാത്രം.

കാസര്‍കോട് സംഭാവന ചെയ്ത ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായ താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഒരു അനുസ്മരണം എഴുതിത്തരണമെന്ന് പല മാധ്യമ സുഹൃത്തുക്കളും ചോദിച്ചെങ്കിലും ഇബ്രാഹിം ചെര്‍ക്കള എന്ന അനുഗ്രഹീത സാഹിത്യകാരന്‍ എന്നോടൊപ്പം ഇല്ല എന്ന വസ്തുത എനിക്ക് ഇത് വരെയും സാധിക്കാത്തത് കൊണ്ട് തന്നെ ഞാന്‍ അതിന്ന് മുതിരുന്നില്ല. അദ്ദേഹം ഇപ്പോഴും ഒരു ടൂറിലാണെന്നാണ് എന്റെ വിശ്വാസം. അവിടത്തെ ജീവിതം ആനന്ദകരവും സ്വര്‍ഗ്ഗീയ തുല്യവുമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Keyword: Article, Kasaragod, Kerala, Obituary, Kuttianam Muhammad Kunhi, Ibrahim Cherkala, My soulmate is no longer with me.
< !- START disable copy paste -->

Post a Comment