Join Whatsapp Group. Join now!

എൻ എ മുഹമ്മദ് ശാഫിയുടെ വിയോഗം തീർക്കുന്ന വേദന

Memoirs of N A Muhammad Shafi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
- അസീസ് പട്ള

(my.kasargodvartha.com)
എന്റെ സെക്കൻഡ് കസിൻ, നായന്മാർമൂല ടിഐഎയുപി സ്കൂളിലെ വന്ദ്യ ഗുരുനാഥൻ പരേതനായ എൻ കെ അബ്ദുൽ റഹ്മാൻ (കുൻച മാഷ്) മാസ്റ്ററുടേയും ബീഫാത്തിമയുടെയും മകൻ, എൻഎ മുഹമ്മദ് ഷാഫി കഴിഞ്ഞ വെള്ളിയാഴ്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് മടങ്ങിയെന്ന വാർത്ത ഏറെ വേദനയാണ് സൃഷ്ടിച്ചത്.

ഷാഫിയുടെ ജ്യേഷ്ഠൻ, പണ്ഡിതനും, പ്രഗൽഭ വാഗ്മിയും എന്റെ സുഹൃത്തും ക്ലാസ്മേറ്റുമായ സിദ്ദീഖ് നജ്മീ മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞത് പോലെ, ഉമ്മയുടെ ഗർഭാശയത്തിൽ വെച്ച് അല്ലാഹു അവന് കണക്കാക്കിയ ആയുസ്സ് തീർന്നിരിക്കുന്നു, ആ യാഥാർഥ്യം നമുക്ക് ഇപ്പോഴാണ് അനുഭവവേദ്യമായത്. ക്ഷമിക്കുക, സഹിക്കുക, പാപമോചനം നൽകി ഷാഫിയുടെ പദവി ഉയർത്താൻ നാഥനോട് തേടാം.
  
Kasaragod, Kerala, News, Article, Remembrance, Memoirs of N A Muhammad Shafi.

കഴിഞ്ഞ മാസം മെയ് 15ന് സിദ്ദീഖ് മൗലവിയുടെ മകളുടെ നിക്കാഹ് ആയിരുന്നു, 12ന് രാത്രി ഞാനും കുടുംബവും കല്യാണവീട്ടിൽ ചെന്നപ്പോൾ അനുജന്മാർ മുഹമ്മദ് ഷാഫിയും, നിസാറുമായി മൗലവി കല്യാണ മുന്നൊരുക്കത്തിന്റെ തിരക്കിട്ട ചർച്ചയിലാണ്, എന്നെ കണ്ടതും ഷാഫി അടുത്ത് വന്ന് കെട്ടിപ്പിടിച്ചു ഒരുപാട് കുശലങ്ങൾ പങ്കിട്ടു, ഞങ്ങൾ നേരിൽ സംസാരിച്ചിട്ട് ഏകദേശം നാൽപ്പത് വർഷത്തോളമായിരിക്കും, കുട്ടിക്കാലത്ത് കണ്ടതാണ്.

ഷാഫി എന്നെക്കാളും മൂന്നോ നാലോ വയസ്സിന്റെ ഇളപ്പമേയുള്ളൂ, അവരുടെ തറവാട് വീടിനെ ചുറ്റിപ്പറ്റി 77-78 കാലത്തെ പച്ചയായ യാഥാർഥ്യവും, ഞങ്ങളുടെ കുട്ടിക്കാലവും മറ്റു നർമ്മരസങ്ങളും ഇഴ ചേർത്ത് 'പുളിമരച്ചോട്ടിൽ' എന്ന ഒരു പരമ്പര ഇറക്കിയിരുന്നു, അതിൽ അതീവ ആകൃഷ്ടനായ ഷാഫി അതിനെ ഒരു പുസ്തകരൂപത്തിലാക്കി വരും തലമുറയ്ക്ക് പകരണം എന്നൊക്കെ ആ ചുരുങ്ങിയ നിമിഷങ്ങളിൽ വാ തോരാതെ പറഞ്ഞു തീർത്തത് ഇനിയൊരിക്കലും തമ്മിൽ കാണില്ല എന്നു നീ കരുതി ഉറപ്പിച്ചിരുന്നോ ഷാഫി എന്നു തോന്നിപ്പോകും, ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങും. 

77 കാലത്ത് ഞാൻ നായന്മാർമൂലയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഞായറാഴ്ചകളിൽ മൂത്ത സഹോദരിയുടെ ഭർത്താവ്, ഷാഫിയുടെ എളയുപ്പയുമായ എൻ കെ ഇബ്രാഹിംച്ചയുടെ പലചരക്ക് കട ബി സി റോഡിലായിരുന്നു, എന്റെ കൂടെ കടയിൽ വരാൻ ശാഠ്യംപിടിച്ച ഷാഫിയെ നാഷണൽ ഹൈവെയുടെ അരികിലൂടെ പോകേണ്ടതിനാൽ ഒരു കൊച്ചനുജന്റെ ചേർത്ത്പിടിക്കുന്ന പ്രതീതിയിൽ വളരെ സൂക്ഷിച്ചു കൊണ്ടുപോയി നക്ഷത്ര രൂപത്തിലുള്ള മിഠായി ഞാൻ തന്നെ ഭരണിയിൽനിന്നും എടുത്തു കൊടുത്തപ്പോൾ അവന്റെ സന്തോഷം കണ്ട എന്നെ, അവന്റെ വിയോഗം മങ്ങലേൽപ്പിക്കുന്നു.

ആ കുടുംബത്തിനും ചുറ്റുവട്ടത്തിലും മാത്രമല്ല, അവനെ അറിയുന്നവർക്കെല്ലാം അവൻ സ്വയം മറന്നു പരോപകാരം ചെയ്യുന്ന മാനുഷി, സൗമ്യത്തിന്റെയും സൽസ്വഭാവത്തിന്റെയും നിറകുടം, ദീനീ പ്രബോധന സരണിയിൽ അക്ഷീണ പ്രവർത്തകനുമൊക്കെയായിരുന്നു. നിലവിൽ ബദർ ജുമാ പള്ളിയുടെയും, തൻബീഹൂൽ ഇസ്ലാം വനിതാ കോളേജിലെയും നിർവാഹകസമിതി അംഗമായിരിക്കെയാണ് വിടവാങ്ങിയത്.

ഷാഫിയുടെ പരലോക ജീവിതം അല്ലാഹു പ്രകാശപൂരിതമാക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Keywords: Kasaragod, Kerala, News, Article, Remembrance, Memoirs of N A Muhammad Shafi.

Post a Comment