കാനത്തൂര്‍: (my.kasargodvartha.com 19.01.2022) ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ മികച്ചതും വൈവിധ്യമുള്ളതുമാക്കി കാനത്തൂര്‍ സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി നടത്തുന്ന പ്രത്യേക പരിപാടി ശ്രദ്ധേയമാകുന്നു. 'നമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത്' എന്ന ഭക്ഷ്യ സുരക്ഷാ മുദ്രാവാക്യം മുറുകെ പിടിച്ച് തങ്ങളുടെ അടുക്കളവശത്തും വീട്ടുമുറ്റങ്ങളിലും പറമ്പിലും വിളയുന്ന പച്ചക്കറികളില്‍ ഒരു വിഹിതം സ്‌കൂളിന്റെ അടുക്കളയിലെത്തിക്കാനും അവ രുചികരമായി വെച്ചുവിളമ്പാനും രക്ഷിതാക്കള്‍ മുന്‍കൈയെടുക്കുന്നു.
കൂടാതെ, സ്‌കൂളില്‍ ചീരത്തടമൊരുക്കി ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കാനുള്ള ശ്രമവും വിജയപാതയിലാണ്. സ്വന്തം വയലില്‍ വിളയിച്ച നെല്ല് കുത്തിയുണ്ടാക്കിയ നല്ലരിയുമായി മൂന്നാം ക്ലാസിലെ അര്‍ഷ കെയുടെ അമ്മ സി ശാന്തകുമാരിയും അദ്വൈതിന്റെ അമ്മ വി ബി കലാവതിയും സ്‌കൂളിലെത്തിയത് സവിശേഷ അനുഭവമായി.