മുഹമ്മദ് മൊഗ്രാൽ
(my.kasargodvartha.com 23.09.2021) 'ഇതാ നാളെയാണ് ഉദ്‌ഘാടനം' എന്ന മട്ടിൽ കൊട്ടിഘോഷിച്ച കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്സ്ന്റെ പണി എവിടെ വരെ എത്തി എന്ന് വല്ല വിവരവുമുണ്ടോ?. ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും വെറുതെ 'തള്ളാനും' ജനങ്ങളെ പറ്റിക്കാനും ക്ഷമ പരീക്ഷിക്കാനും ഭരണ കൂടങ്ങൾ കാണിക്കുന്ന സ്ഥിരം പരിപാടിയിൽ (Gimmick) ഒന്ന് മാത്രമായി മാറുകയാണോ ഇതൊക്കെ?.
മീൻ മാർക്കറ്റിന്റെ കഥയാണെങ്കിൽ പറയാതിരിക്കലാണ് ഭേദം. നിന്ന് തിരിയാനോ മര്യാദക്ക് ഒരു ഓട്ടോ റിക്ഷ പോലും പോകാനോ സൗകര്യമില്ലാത്ത റോഡിലും നടപ്പാതയിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലും ഒക്കെയാണ് മത്സ്യ വിൽപന. നമ്മുടെ കുടിവെള്ള പദ്ധതികളുടെയും ആശുപതി വികസനത്തിന്റെയും ഓവുചാൽ നിർമാണങ്ങളുടെയും റോഡുകളുടെയും ട്രാഫിക് സംവിധാനങ്ങളുടെയും, തീരദേശ സംരക്ഷണത്തിന്റയും ഒക്കെ സ്ഥിതി ഇത് തന്നെയല്ലേ?.
കാസർകോട് മുതൽ തലപ്പാടി വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും നാം വലിച്ചറിഞ്ഞു കുമിഞ്ഞു കൂടി പരിസ്ഥിതിക്കും ജീവനും ഭീഷണിയായിതീർന്നിട്ടുള്ള മാലിന്യങ്ങൾ നമ്മെ തെല്ലും അലോസരപ്പെടുത്താത്തതെന്തേ?. കേന്ദ്ര സർക്കാരിന് ഈ രാജ്യം ഏതാനും മുതലാളിമാർക്ക് തീറെഴുതി കൊടുക്കുന്ന തിരക്കായത് കൊണ്ടും, സംസ്ഥാന സർക്കാർ, ജനങ്ങളെ തമ്മിലടിപ്പിച്ചു തുടർഭരണങ്ങൾ എങ്ങിനെ നില നിർത്താം എന്ന ഗവേഷണത്തിലായതിനാലും അവരെ വിട്ടേക്കാം. പക്ഷെ പഞ്ചായത്തും, ബ്ലോക്കും മുനിസിപ്പാലിറ്റിയും ഒക്കെ ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥന്മാർക്കുമൊക്കെ എന്താണ് പണി? 'ടൗൺ പ്ലാനിങ്' എന്ന ഒരു വിഭാഗം തന്നെ എല്ലായിടത്തും ഉണ്ടല്ലോ?
വീട്ടിൽ കിടന്നുറങ്ങി മെയ്യാനങ്ങാതെ മാസാമാസം കിട്ടുന്ന ശമ്പളവും തങ്ങൾക്കും കുടുംബത്തിനും ആയുഷ്ക്കാലം മുഴുവൻ കിട്ടുന്ന ആനുകൂല്യങ്ങളും പറ്റി നാടിന്റെ വികസനത്തിന് ഒരുപകാരവും ഇല്ലാത്തവരെ നിലക്ക് നിർത്താനോ കണ്ണടച്ചിരുട്ടാക്കുന്നതിനെതിരെ പ്രതികരിക്കാനോ പ്രവർത്തിക്കാനോ ഇവിടെ ഒരു നിയമവുമില്ലേ?. ഒരൽപ്പം മനസ്സാക്ഷിയും ജനങ്ങളോട് ഒരല്പം കൂറും പ്രതിബദ്ധതയും കാണിക്കാൻ ഇവിടത്തെ രാഷ്ട്രിയ ഉദ്യോഗസ്ഥ ഭരണകൂട സംവിധാനങ്ങളും നേതൃത്വവും തയ്യാറായിരുന്നെങ്കിൽ നമ്മുടെ നാട്ടിന് ഈ ഗതി വരുമായിരുന്നോ?.
എയിംസ് പോലെയുള്ള വമ്പൻ പദ്ധതികൾ നമ്മുടെ ജില്ലയിൽ അനുവദിച്ചു കിട്ടാൻ വേണ്ടി നാം കാണിക്കുന്ന ശുഷ്‌കാന്തി, മര്യാദക്കൊരു മൂത്രപ്പുരയോ, മഴയും വെയിലും കൊള്ളാതെ ഒരല്പനേരം നിൽക്കാൻ ഒരു ബസ്സ്‌റ്റോപ്പോ, ഒരു സൈക്കിളിങ്കിലും പാർക്ക് ചെയ്യാനുള്ള സംവിധാനമോ പോലും നിർമിക്കാൻ വേണ്ടി കാണിക്കാതിരിക്കുന്നത് എന്ത് മാത്രം വിരോധാഭാസമാണ്. എല്ലാം തികഞ്ഞവരെന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെയും പൗര ബോധത്തിന്റെയും നിലവാരം നാം എപ്പോഴെങ്കിലും അളന്നു നോക്കിയിട്ടുണ്ടോ. നാം വിശ്വസിക്കുന്ന ആദർശത്തിനും നാം പിടിക്കുന്ന കൊടിക്കും ഒരല്പം കറ പുരളുമ്പോൾ മാത്രമാണോ നമ്മുടെ വർഗ്ഗ ബോധവും പൗര ധർമവും ഉണരേണ്ടത്.
മഹാമാരികൾ ഒന്നിന് പിറകെ ഒന്നായി നമ്മെ ബാധിച്ചപ്പോൾ തൊഴിലുകൾ നഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു സംസ്ഥാനത്ത്, സർക്കാർ 15 ദിവസത്തെ ശമ്പളം കടം ചോദിച്ചപ്പോൾ വളരെ ദാർഷ്ട്യത്തോടെ പെരുമാറിയ ഉദ്യോഗസ്ഥരോടും, തല ചായ്ക്കാൻ ഒരിടമില്ലാത്ത ലക്ഷക്കണക്കിന് പേരുള്ള നാട്ടിൽ, സ്ഥാനത്തും അസ്ഥാനത്തും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ധൂർത്തും പിടിപ്പ്കേടും മൂലം കോടികൾ കടബാധ്യതായാൽ നട്ടം തിരിയുന്ന സർക്കാറുകളോടും ധാർമികത ഉപദേശിച്ചിട്ടെന്ത് പ്രയോജനം?. ഈ പാപക്കറകൾ എത്ര ഡോസ് വാക്‌സിൻ കുത്തിവെച്ചാലാണ് മാറിക്കിട്ടുക?.
Keywords: Kasaragod, Kerala, Article, Busstand, Kumbala, Government, Aiims, Thalappady, Auto Ricksahw, Promises that go into oblivion.