Join Whatsapp Group. Join now!

തൊട്ടതെല്ലാം പൊന്നാക്കിയ എന്റെ സുഹൃത്ത് അബ്ദുല്‍ മുനീര്‍ കെ എ

Remembrance about Muneer K A
യൂസുഫ് ബാപ്പു 

(my.kasargodvartha.com 14.01.2021) തളങ്കര പള്ളിക്കാലിലെ മുനീര്‍ (അബ്ദുല്‍ മുനീര്‍ കെ എ) മാഷിന്റെ അപ്രതീക്ഷിത മരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നതാണ് പരമാര്‍ത്ഥം. ബാല്യ കാലത്ത് ഞങ്ങള്‍ അയല്‍വാസികളും, തിരിച്ചറിവുണ്ടായ കാലം മുതല്‍ പിരിയാത്ത കൂട്ടുകാരുമായിരുന്നു. തലമയുറകള്‍ നീണ്ടു നില്‍ക്കുന്ന കുടുംബ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്. വലിയ തിരയിളക്കങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള അഞ്ചാറ് പൈതങ്ങളെ അനാഥരാക്കിക്കൊണ്ട് മുനീര്‍ മാഷിന്റെ, സഹോദരങ്ങളുടെ ഉപ്പ ഈ ലോകത്തോട് വിട പറയുന്നത്. പിന്നെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നാളുകളായിരുന്നു അവര്‍ക്ക്. പട്ടിണിയുടെ കൈപ്പും ആ കാലത്തവര്‍ നുണഞ്ഞിട്ടുണ്ടാവും. മുനീറിന്റെ ജേഷ്ടന്‍ ഗള്‍ഫിലെത്തിച്ചേരുന്നതോടെയാണ് പിന്നീടവിടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയരുന്നത്. 


സ്‌കൂളിലും കോളേജിലും മുനീര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ വിദ്യാര്‍ത്ഥിയാണ്. അക്കാലത്ത് മുനീര്‍ എല്ലാവരില്‍ നിന്നും, അടുത്ത കൂട്ടുകാരില്‍ നിന്നു പോലും ഒരു ഒളിച്ചോട്ടം നടത്തുകയായിരുന്നു. സൗഹൃദങ്ങളെ ഭയപ്പെടുന്ന പോലെ, ഏകാന്തത ഇഷ്ടപ്പെട്ട ഒരു കൗമാര കാലമാണ് അവന്റേതെന്നാണ് എനിക്കിപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്. കോളേജ് ഡെ ഫങ്ഷനില്‍ ഒരു പരിപാടിയിലും ഭാഗഭാക്കാവാതെ, എന്നാല്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടി പരിപാടി വീക്ഷിക്കും. ഇതൊന്നും തന്റെ ലോകമെ അല്ല എന്ന ചിന്തയോടെ അവന്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഓഡിറ്റോറിത്തിലേക്ക് ഒഴുകുമ്പോള്‍ ഒരലസ ഭാവത്തില്‍ ഏതെങ്കിലും കോണില്‍ നില്‍ക്കുകയാവും. തികച്ചും ഒരൊതുങ്ങിയ വിദ്യാര്‍ത്ഥി ജീവിതമായിരുന്നു അവന്റേത്. 

തന്റെ ഏതാനും കൂട്ടുകാര്‍ക്കിടയില്‍ പോലും മുനീര്‍ ഒരു നിശ്ശബ്ദ ജീവിയായി.. ഡിഗ്രി പരീക്ഷാ ഫലമാണ് അവനെ ആരെങ്കിലും ശ്രദ്ധിക്കാനിടയാക്കിയത്. അവന്റെ ജീവിതം മാറ്റി മറിച്ചതും മറ്റൊന്നല്ല. അവന്‍ പ്രതീക്ഷിച്ചോ എന്നറിയില്ല. പക്ഷെ അദ്ധ്യാപകരെ പോലും അമ്പരപ്പിച്ച് മുനീറിന് ബി എ ക്ക് ഫസ്റ്റ് ക്ലാസ്. അക്കാലത്ത് അത് ചെറിയൊരു കാര്യമായിരുന്നില്ല. അവന്റെ ജീവിതത്തിലെങ്കിലും അത് വലിയ മാറ്റത്തിന് കാരണമായി. 

എന്റെ സുഹൃത്തിന് സ്വല്‍പം ആത്മവിശ്വാസവും കൈവന്നത് അതോട് കൂടിയാണ.. എം എ ക്ക് കാര്യവട്ടം യുനിവേഴ്‌സിറ്റി കാമ്പസില്‍ തന്നെ പ്രവേശനം കിട്ടി. പക്ഷെ അവിടെയെത്തിയപ്പോള്‍, വീണ്ടും അവനെ പഴയ ഒറ്റപ്പെടല്‍ ബാധിച്ചുവോ എന്നറിയില്ല. അല്ലെങ്കില്‍ അമിതമായ ആത്മവിശ്വാസം ആവാം വില്ലനായത്. പ്രതീക്ഷിച്ചത്ര ഉയരാന്‍ അവനവിടെ സാധിച്ചില്ല. എം എ കഴിഞ്ഞ ഉടനെ ഇസ്ലാമിയ ടൈല്‍ കംപനിയില്‍ ജോലിക്ക് കയറി. അതിനിടയില്‍ തലശ്ശേരിയില്‍ നിന്ന് ബി എഡ്ഡും നേടി..

തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങി, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കിതക്കുന്ന ഒരു സമയത്താണ് മുനീര്‍ അതിന്റെ പ്രിന്‍സിപ്പള്‍ ആയി ചുമതലയേല്‍ക്കുന്നത്. ദഖീറത്തിനെ നല്ല നിലവാരത്തിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ തന്നെയാണ് മുനീറിന് കാലിക്കറ്റ് സര്‍വ്വ കലാശായിലെ ഭരണ നിര്‍വ്വഹണ വിഭാഗത്തില്‍ ജോലി തരമാകുന്നത്. അവിടെ ജോയിന്‍ ചെയ്ത് കഷ്ടിച്ച് ഒരു മാസം പിന്നിടവെ, അവന്‍ ലീവെടുത്ത് ഒമാന്‍ കസബിലെ ഒരു പ്രശസ്ത ട്രേഡിങ് കംപനിയില്‍ മാനേജറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്ന കസബില്‍ മുനീര്‍ സര്‍വ്വരാലും പ്രശംസിക്കപ്പെടുന്ന, സേവന രംഗത്ത് തിരക്കേറിയ ഒരു വ്യക്തിയായി മാറി. എല്ലാവരും എന്തിനും ആശ്രയിക്കുന്ന ഒരുവനായി മാറുകയായിരുന്നു. കസബിലെ അനൗദ്യോഗിക ഇന്ത്യന്‍ സ്ഥാനപതി തന്നെയായി മാറി എന്നും പറയാം. 

ഒമാന്‍ സര്‍ക്കാറിന്റെ പുതിയ നിയമ/നയമാറ്റത്തില്‍ കസബിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും ഏറെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരികയും ചെയ്തു. ആ വേളയില്‍ മുനീര്‍ തിരിച്ച് നാട്ടിലേക്ക് തന്നെ വിമാനം കയറി. അവന്‍ പച്ച പിടിച്ച്, വര്‍ഷങ്ങളോളം സമ്പാദിച്ച് സ്വരൂപിച്ചു വെച്ചതെല്ലാം ഒരു നാള്‍ എങ്ങനെയോ പൂര്‍ണ്ണമായി ഇല്ലാതായപ്പോള്‍ മുനീര്‍ തെല്ല് പോലും പതറുകയോ, സ്വയം നീറി നശിക്കുകയോ, കുടുംബത്തെ വേദനിപ്പിക്കുകയോ ചെയ്തില്ല. ആരെയും കുറ്റപ്പെടുത്തുകയും ഉണ്ടായില്ല. അവനത് വരെ പിന്‍പറ്റിയ വിശ്വാസാദര്‍ശം മുറുകെ പിടിച്ച്, പ്രവാചകന്റെ മാതൃകാ പരമായ രീതിയില്‍ തന്നെ ക്ഷമിച്ച് കൊണ്ട് മുന്നോട്ട് പോയി. പിന്നീട് ഒരു ബന്ധു മുഖേനയാണ് ഷാര്‍ജ ഏഷ്യന്‍ സ്‌കൂളില്‍ അവന് ജോലി കിട്ടുന്നത്. മുനീര്‍ പ്രവേശിക്കുമ്പോള്‍ ഇരുനൂറോളം കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഒരു സ്‌കൂളിനെ ആറായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഒരു മെഗാസ്ഥാപനമാക്കി മാറ്റാന്‍ അവന് അധിക സമയം വേണ്ടി വന്നില്ല. ഈ കോവിഡ് കാലത്ത് പോലും ഒരു ദിവസവും വിശ്രമമെടുക്കാതെ അവന്‍ സ്‌കൂളിലെത്തുമായിരുന്നു. ചില നാളുകളില്‍ വീട്ടിലെത്തുമ്പോള്‍ രാത്രി പത്ത് മണി കഴിയുമായിരുന്നുവത്രെ.. 

തളങ്കര ഉബൈദ് ലൈബ്രറിക്കും മുനീറിന്റെ സാന്നിദ്ധ്യം ഏറെ ഫലം ചെയ്തതിന്റെ സാക്ഷ്യം അയവിറക്കാനുണ്ടാവും. അതിന്റെ സുവര്‍ണ്ണ കാലമെന്നത് അക്കാലം തന്നെയാണ്. അവന്‍ മാറിപ്പോയതോടെ വീണ്ടും അത് നാഥനില്ലാക്കളരിയായി മാറിയോ എന്ന് സംശയം. തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വത്തിനുടമയാണ് മുനീറെന്ന് അവനെ എന്നും നോക്കിക്കണ്ടിരുന്ന സുഹൃത്തെന്ന നിലയില്‍ എനിക്ക് സാക്ഷ്യപ്പെടുത്താനാവും. 

മുനീര്‍ ബന്ധപ്പെടേണ്ടി വന്ന ഒരു വ്യക്തിക്കും, വലുതോ ചെറുതോ അതാരുമാകട്ടെ, ഗുണകരമല്ലാതെ ഒന്നും അവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. പ്രവൃത്തിയിലും വാക്കിലും നോട്ടത്തിലും, ആ ശരീര ഭാഷയില്‍ പോലും സഹജീവി സ്‌നേഹം വഴിഞ്ഞൊഴുകിയ, ഒഴുക്കിയ വ്യക്തിത്വമാണതെന്ന് അടുത്തവര്‍ക്കറിയാം.

ചെറിയ ക്ലാസുകള്‍ മുതല്‍ ഞങ്ങള്‍ ഒന്നിച്ച് പഠിച്ചതാണെങ്കിലും, ആ സൗഹൃദം പൂത്തുലയുന്നത് കോളേജ് പഠന ശേഷമാണ്. പഠനാനന്തരം ഞങ്ങള്‍ ഇരുമെയ്യാണെങ്കിലുമൊരൊറ്റ ഹൃദയം പോലെയാണ് കഴിഞ്ഞത്. നാട്ടില്‍ രണ്ട് പേരും ഉണ്ടാകുന്ന അപൂര്‍വ്വ വേളകളില്‍ ദിവസം രണ്ട് മൂന്ന് മണിക്കൂറെങ്കിലും ഒന്നിച്ചു ചിലവഴിക്കാതെ ഒരൊറ്റ ദിവസം പോലും കടന്നു പോയിട്ടുണ്ടാവില്ല. 

അവന്റെ അകാല വിയോഗം എനിക്ക് എന്റെ വലത് കൈ നഷ്ടപ്പെട്ട പോലെ അനുഭവപ്പെടകയാണ്. അവനെത്ര മാത്രം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാതെ ബാക്കി വെച്ചാവാം പോയത്.! കാലങ്ങളോളം തന്റെ സമ്പാദ്യം ചിലവിട്ട് നിര്‍മ്മിച്ച വീട്ടില്‍ ഒരു രാത്രി അന്തിയുറങ്ങാനാവാതെ.. ഏപ്രിലില്‍ വീട് കുടി കൂടണമെന്ന് അവന്‍ പറഞ്ഞത് ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന കൂടിക്കാഴ്ചയിലാണെന്ന് തോന്നുന്നു. വിവാഹം കഴിക്കാറായ രണ്ട് ആണ്‍മക്കളുടെ വിവാഹക്കാര്യവും ഒരിക്കല്‍ സൂചിപ്പിച്ചോ എന്ന സംശയം. മുനീറിന്റെ പേര് ഉയരത്തിലെത്തിക്കാന്‍ ജനിച്ചവളെന്ന തോന്നിപ്പിച്ച അതി മിടുക്കിയായ, ഇപ്പോള്‍ അവസാന വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ കല്യാണവും അവസാന നാളുകളില്‍ അവന്റെ മനസില്‍ പൂത്തിരി കത്തിച്ച്, മിന്നിയിരിക്കാം. 

കോളേജ് കാമ്പസില്‍, അന്ന് അറബിക്ക് വകുപ്പിലേക്കെത്തുന്ന പൊട്ടിത്തെറിച്ച സന്താനങ്ങളെ പോലും തന്റെ സ്വതസിദ്ധമായ വാക്ചാതുരി കൊണ്ട് അനുസരണയുള്ള വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളാക്കി മാറ്റിയിരുന്ന പൂവ്വഞ്ചേരി മാഷിന്റെ ആകസ്മിക മരണമാണ് മുനീര്‍ തന്റെ മരണത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. അതെ ശൂന്യത മുനീറിന്റെ വിയോഗത്തിലും അനുഭവപ്പെടുന്നു. മുനീറും പൂവ്വഞ്ചേരിയുടെ അരുമ ശിഷ്യരിലൊരാളായിരുന്നല്ലോ. മുനീറിന്റെ അന്ത്യാഭിലാഷം ഖുര്‍ആന്‍ പാരായണം കേട്ടു കൊണ്ട് ഇരിക്കാനായിരുന്നത്രെ. 

നാഥാ.. നിന്റെ ദറജയാര്‍ന്ന സ്വര്‍ഗ്ഗം നീ മുനീറിന് നല്‍കണെ. അവിടെ ഞങ്ങളേയും നീ ഒന്നിച്ച് പാര്‍പ്പിക്കണെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Keywords: Article, Abdul Muneer K A, Yusuf Bapu, Kasaragod, Kerala, Remembrance about Muneer K A

Post a Comment