Kerala

Gulf

Chalanam

Obituary

Video News

നാടിന്റെ സ്നേഹസ്മരണകളില്‍ അബ്ബാസ് കപ്പലിന് മരണമില്ല.....

ബി എം പട്‌ല

(my.kasargodvartha.com 03.11.2020) മുഖത്ത് സദാ തെളിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിയും സമീപനത്തിലെ സൗമ്യതയുമായി നാടിന്റെ സ്നേഹസ്മരണകളില്‍ മരണമില്ലാതെ തിളങ്ങി നില്‍ക്കുകയാണ് അബ്ബാസ് കപ്പല്‍ എന്ന പട്‌ലക്കാരന്‍.

അബുദാബിയില്‍ നടന്ന ആ മരണവാര്‍ത്ത കഴിഞ്ഞ വ്യാഴാഴ്ച നാട്ടില്‍ പരന്നപ്പോള്‍ കേട്ടതു സത്യമായിരിക്കല്ലേയെന്നു പ്രാര്‍ത്ഥിച്ചവര്‍ അനവധി. പ്രാര്‍ത്ഥനകള്‍ക്കും സങ്കടങ്ങള്‍ക്കുമിടെ മരണമെന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ സമയമേറെ എടുത്തവരായിരുന്നു ഏറെയും. മുഖത്ത് സദാ തെളിഞ്ഞു നില്‍ക്കുമായിരുന്ന പുഞ്ചിരി ആ സൗമ്യ വ്യക്തിത്വത്തിന്റെ ആഴങ്ങളിലേക്കുള്ള സ്നേഹക്ഷണമായിരുന്നു.

അതു കൊണ്ടു തന്നെയാണ് ഒരാളോ രണ്ടാളോ ഒരു കൂട്ടമാളുകളോ അല്ലാതെ ഒരു നാടൊട്ടാകെ ഈയൊരു മരണത്തില്‍ ഇത്രയേറെ സങ്കടപ്പെടുന്നതും. വേണ്ടപ്പെട്ടവരോടുപോലും ഒരു വാക്കുപറയാതെ നാഥന്റെ സന്നിധിയിലേക്കു നടന്നടുത്ത അങ്ങയുടെ ഓര്‍മകള്‍ക്ക് പക്ഷേ മരണമില്ല. ഓര്‍മയില്‍ ഓളം വെട്ടി നില്‍ക്കുന്ന ഓരോ നിമിഷങ്ങളും ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓര്‍മകള്‍ക്കൊപ്പമായിപ്പോകുമ്പോള്‍ ഹൃദയം വിങ്ങും. കനിവിന്റെ ആയിരം ഉറവകളാണ് താങ്കളില്‍ നിന്ന് ലഭിച്ചത്. 

Memories of Abbas Kappal

ആരു വന്നു പറയുന്ന സങ്കടങ്ങളും ആരാന്റേതായി കാണാതെ തന്റേതാക്കി ഇടപെടുന്ന ദയാപരന്‍. ലക്ഷംവീട് കോളനിയിലേക്കുള്ള നടപ്പാത നവീകരിക്കുന്ന കാര്യം പറയാന്‍ താങ്കളെ സമീപിച്ചപ്പോള്‍ ഒരു സംഖ്യ വാഗ്ദാനം ചെയ്യുക മാത്രമായിരുന്നില്ല താങ്കള്‍. വാഗ്ദാനത്തിനപ്പുറം തന്റെ ചെയ്തിയെക്കുറിച്ചൊരക്ഷരം പറയാതെ ഈ പ്രവര്‍ത്തനത്തെ മഹത്വപ്പെടുത്തി ഞങ്ങളെ തുടര്‍ പ്രവര്‍ത്തനത്തിന് ഊര്‍ജസ്വലരാക്കുകയായിരുന്നു. ആ സംഭവമൊക്കെ ഇന്നലെയന്നതു പോലെ മനസിലൂടെ കടന്നു പോകുന്നു. ഇങ്ങനെയെത്ര പേരുടെ പ്രാര്‍ത്ഥനകളുണ്ട് നിലയ്ക്കാത്ത പ്രവാഹമായി അങ്ങയെ തേടിയെത്താന്‍. വിശുദ്ധ ഖുര്‍അനുമായുള്ള അഭേദ്യ ബന്ധവും താങ്കളെ വ്യത്യസ്തനാക്കിയിരുന്നു.

സര്‍വരോടും പ്രായഭേദമില്ലാതെ ഇടപെട്ടതാണ് മറ്റൊരു ആകര്‍ഷണം. അതുകൊണ്ടാണല്ലോ അബുദാബിക്കു പോകുന്നതിനു തലേന്ന് വീടിന്റെ ഉമ്മറത്തിരുന്ന് ഒരുപാടു സംസാരിച്ചതും പിന്നീട് വാട്സ് ആപ് വഴി എത്രയോ സ്നേഹസന്ദേശങ്ങള്‍ കൈമാറിയതും. പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പഠന ബാച്ചില്‍ സഹപാഠികളുമായിരുന്നതിനാല്‍ വര്‍ത്തമാനങ്ങളെല്ലാം വഴിമാറി വിശുദ്ധ വചനങ്ങളിലോ ഖുര്‍ആനിക പ്രബോധനങ്ങളിലോ ചെന്നവസാനിക്കാറായിരുന്നു പതിവ്.

കോവിഡിനെയും കൂസാതെ അവസാനമായി താങ്കളുടെ മുഖമൊന്നു കാണാനും ജനാസയില്‍ സംബന്ധിക്കാനുമെത്തിയ ജനക്കൂട്ടത്തിന്റെ വ്യാപ്തി വിളിച്ചോതിയതു താങ്കളുടെ വ്യക്തിത്വ മഹത്വം കൂടിയായിരുന്നു. പട്‌ല ജുമാ മസ്ജിദിനു ചാരെ ഭൗതിക ശരീരം മണ്ണോടു ചേര്‍ന്നപ്പോള്‍ അതിലേക്ക് അടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികളെത്രയായിരിക്കണം. നിഴലും നിലാവും ഇരുട്ടും വെളിച്ചവുമെല്ലാം താങ്കളുടെ സൗമ്യത ഒപ്പിയെടുക്കാന്‍ മത്സരിക്കുകയായിരുന്നിരിക്കണം. കടന്നുപോയ ഇളംകാറ്റു പോലും സംസാരിച്ചതും മറ്റൊന്നായിരിക്കില്ല. വാക്കുകളുടെ പരിമിതി തിരിച്ചറിയുകയാണ്. പാരത്രിക ലോകത്ത് വിജയസോപാനത്തിലേക്ക് പറന്നുയരട്ടെ താങ്കളുടെ ആത്മാവ്. അതിനായി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളോടെ....Keywords: Article, Obituary, Memories, Abbas Kappal, B M Patla, Memories of Abbas Kappal.

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive