കാഞ്ഞങ്ങാട് : (my.kasargodvartha.com 03.11.2020) സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സ റദ്ദാക്കി കോവിഡ് രോഗികള്‍ക്കായി മാറ്റിയ ഉത്തരവ് പിന്‍വലിക്കുകയും കോവിഡ് രോഗികളെ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി ജില്ലാ ആശുപത്രി സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസിനു മുന്‍പില്‍ ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.
എഴുത്തുകാരനും പ്രുമുഖ വാഗ്മിയുമായ എം എന്‍ കാരശ്ശേരി ഓണ്‍ലൈന്‍ വഴി സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും സൂര്യനുദിച്ച ശേഷം വളരെ വൈകിയേ കാസര്‍കോട് ജില്ലയില്‍ ഉദിക്കാറുള്ളുവെന്ന് ആരോഗ്യവിദ്യഭ്യാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലയുടെ ദുരവസ്ഥ മനസ്സിലാക്കി 60 കോടിയിലധികം ചിലവഴിച്ചു കോവിഡ് ചികിത്സക്കായി ടാറ്റ നിര്‍മിച്ച ആശുപത്രി വെറും നോക്കുകുത്തിയാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടി യാതൊരു കാരണവശാലും അനുവദിക്കില്ലന്നു അധ്യക്ഷപ്രസംഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ യൂസുഫ് ഹാജി പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, സി എ പീറ്റര്‍, മുനീസ അമ്പലത്തറ, മാധ്യമ പ്രവര്‍ത്തകരായ മുഹമ്മദ് അസ്‌ലം, നാസര്‍ കൊട്ടിലങ്ങാട്, സമിതി അംഗങ്ങളായ സിജോ അമ്പാട്ട്, രാജേന്ദ്രകുമാര്‍, ശരത്ത് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
ഫൈസല്‍ ചേരക്കാടത്ത്, ടി അസീസ്, കെ പി രാമചന്ദ്രന്‍, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അനീസ് തോയമ്മല്‍, പവിത്രന്‍ തോയമ്മല്‍ എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു.തിങ്കളായ്ച വൈകുന്നേരത്തെ സമാപനത്തില്‍ വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി സജി കെ ജെ നാരങ്ങവെള്ളം നല്‍കി നിരാഹാരം അവസാനിപ്പിച്ചു.
Keywords: Kerala, News, COVID, Hospital, Strike, Tata, Kanhangad, District Hospital, Medical office, Janakiya Karma Samiti launches hunger strike demanding district hospital to be opened to ordinary patients