വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.11.2020) വ്യാപാര മേഖലയെ പ്രണയിച്ച പ്രിയതമന്റെ വേര്‍പാടിന് ശേഷം 86 ന്റെ അവശതയില്‍ കഴിയുന്ന മറിയാമ്മ ചേട്ടത്തിക്ക് വ്യാപാരി സമൂഹത്തിന്റെ സാന്ത്വന സ്പര്‍ശം.
മാലോത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക സമിതി നേതാവും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പരേതനായ എടയോടിയില്‍ സകറിയയയുടെ ഭാര്യ മറിയാമ്മയെയാണ് വ്യാപാര സമൂഹം സ്‌നേഹ സാന്ത്വന സ്പര്‍ശം നല്‍കി മാറോടണച്ചത്.
കാസര്‍കോട് ജില്ലയിലെ തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളില്‍ ഏറ്റവും പ്രായം കൂടിയ ആളും ദീര്‍ഘ കാലം മലയോരത്തെ വ്യാപാരി സംഘടനയില്‍ ഉന്നത സ്ഥാങ്ങളും വഹിച്ചിരുന്ന മാലോത്തെ എടയോടിയില്‍ സ്‌കറിയ അഞ്ചു മാസം മുന്‍പാണ് വിട പറഞ്ഞത്.
കാസര്‍കോട് ജില്ലയിലെ വ്യാപാരി സമൂഹത്തിലെ കുടുംബ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യാപാരികള്‍ക്ക് മരണ ശേഷം നല്‍കുന്ന ഫണ്ട് കൈമാറാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഹ് മദ് ശെരീഫ് തന്നെ ബുധനാഴ്ച രാവിലെ മറിയാമ്മയുടെ മാലോത്തെ വീട്ടിലെത്തി. മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയുടെ ചെക്ക് കൈമാറിയപ്പോള്‍ തന്റെ പ്രിയ തമനെ ഓര്‍ത്ത് അവര്‍ വിതുമ്പി.
വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ സ്‌കറിയ എടയോടിയില്‍ എന്ന വ്യാപാരി നേതാവ് വ്യാപാരി സമൂഹത്തോട് കാണിച്ച സ്‌നേഹ നിമിഷങ്ങള്‍ അഹ് മദ് ശെരീഫും മറ്റു വ്യാപാരി നേതാക്കളും പങ്കു വെച്ചു.
ജില്ലാ സെക്രട്ടറി മുരളീധരന്‍, മേഖല പ്രസിഡന്റ് കെ എം കേശവന്‍ നമ്പീശന്‍, മാലോം യൂണിറ്റ് സെക്രട്ടറി ബിജോ വര്‍ണ്ണം, പ്രസിഡന്റ് ടോമിച്ചന്‍ കാഞ്ഞിര മറ്റം, ഉസ്മാന്‍ അതുല്യ എന്നിവരും സംഖത്തിലുണ്ടായിരുന്നു.
Keywords: News, Kerala, Kasargod, Vellarikund, Business community Supports Mariamma in Memory of Husband