നാസര്‍ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.10.2020) ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ മലയോരത്ത് നിന്നെത്തുന്ന പട്ടിക വിഭാഗക്കാര്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു.
ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയ തീരുമാനം പാവപ്പെട്ടവര്‍ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഉപവാസം സംഘടിപ്പിച്ചു.
രാവിലെ 10 മുതല്‍ ഉച്ചവരെ ഡി എം ഒ ഓഫീസിനു മുന്നില്‍ നിരവധി പേരെ പങ്കെടുപ്പിച്ച് നടത്തിയ ഉപവാസം വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഹ് മദ് ശെരീഫ് ഉദ്ഘാടനം ചെയ്തു.
ടാറ്റ ഗ്രൂപ്പ് തെക്കിലില്‍ പണി പൂര്‍ത്തിയാക്കിയ കോവിഡ് ആശുപത്രി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കുക, സാധാരണക്കാരുടെ ചികിത്സാ കേന്ദ്രമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുക എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
അല്ലാത്തപക്ഷം വലിയ ജനകീയ സമരത്തിന് തന്നെ നടപടി സ്വീകരിക്കുമെന്നും അതിനുവേണ്ടി കര്‍മ്മ സമിതി നടത്തുന്ന സമരത്തിന് മുന്നില്‍ വ്യാപാരി വ്യവസായി സംഘടന അവസാനം വരെ നില്‍ക്കുക തന്നെ ചെയ്യുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ആതുര സേവന രംഗത്ത് എന്നും അവഗണിക്കപ്പെട്ടിട്ടുള്ള കാസര്‍കോട് ജില്ലയിലെ സാധാരണക്കാര്‍ക്ക് ആശ്വാസമായി ആകെ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റിയതിലൂടെ സാധാരണക്കാരനുള്ള അവകാശ നിഷേധമാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ വേണ്ടി വന്നാല്‍ മരണം വരെ നിരാഹാരം കിടക്കാന്‍ വരെ തയ്യാറാണെന്ന് സത്യാഗ്രഹത്തിന് അധ്യക്ഷന്‍ വഹിച്ച കര്‍മ്മ സമിതി ചെയര്‍മാന്‍ യുസഫ് ഹാജി പറഞ്ഞു.
കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം, എന്‍ഡോസള്‍ഫാന്‍ സമര നായിക മുനീസ അമ്പലത്തറ, രമേശന്‍ മലയാറ്റൂര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ സുബൈര്‍, ശിഹാബ്, ഫൈസല്‍ ചേരക്കടത്ത്, അനീസ് തോയമ്മല്‍, നാസര്‍ കൊട്ടിലങ്ങാട്, സിസ്റ്റര്‍ ജയ മംഗലത്ത്, അഡ്വ. നിസാം ഫലാഹ്, സിജോ അമ്പാട്ട്, സുലേഖ മാഹിന്‍, പിസി ബാലചന്ദ്രന്‍, രതീഷ് കാട്ടുമാക്കം, ബാബു അമ്പലവയല്‍, സി എ പീറ്റര്‍, ശരത് അമ്പലത്തറ, പവിത്രന്‍ തോയമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Hospital, COVID, People's satyagraha began in protest of the conversion of the district hospital into a COVID hospital