കാസർകോട്: (my.kasargodvartha.com 13.08.2020) എയിംസ് കാസർകോട് തന്നെ വേണമെന്ന ആവശ്യവുമായി ബേക്കൽ സൈക്ലിങ് ക്ലബ് ജില്ലാ പ്രയാണം ആരംഭിച്ചു. വിദഗ്ധ ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ ജില്ലയിൽ കഴിഞ്ഞ ലോക്ക്ടൗൺ കാലത്ത് അനവധി രോഗികളാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. എയിംസ് കാസർകോട് തന്നെ വരണമെങ്കിൽ ആദ്യം ജനങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരാകണം.
ബാധവത്കരണം ലക്ഷ്യമിട്ടാണ് സൈക്കിൾ പ്രയാണം ആരംഭിച്ചത്. ഇതിനു വേണ്ടി മഞ്ചേശ്വരം മുതൽ കരിവെള്ളൂർ വരെ സൈക്കിൾ ചവിട്ടി നിശ്ചിത പോയിന്റുകളിൽ പ്ലക്കാർഡ് പ്രദർശിപ്പിച്ച് ജനങ്ങളെ ഉല്ബുദ്ധരാക്കും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ബേക്കൽ കോട്ടക്ക് സമീപം നിർവഹിച്ചു.
ന്യൂ നോർമൽ കാലത്ത് സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചു കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച കായിക വിനോദമാണ് സൈക്ലിങ്. ശാരീരിക ആരോഗ്യം മാത്രമല്ല മാനസികമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ സൈക്ലിങ് ഉപകാരപ്രദമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടി സൈക്കിൾ ചവിട്ടുന്ന ശീലം യുവാക്കളിൽ വളർത്തിയെടുക്കാൻ ബേക്കൽ സൈക്ലിങ് ക്ലബ് പുത്തൻ പദ്ധതികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. നിലവിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചെറു സംഘങ്ങളായും ഒറ്റക്കും ദിനേന സൈക്കിൾ റൈഡുകൾ നടത്തുന്നുണ്ട്.
Keywords: Kerala, News, Kasargod, Bekal, AIIMS, Cycling Club, District, Ride, We need AIIMS; Bekal Cycling Club started cycling.