Join Whatsapp Group. Join now!

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് മാര്‍ച്ച് ഒന്നിന് തുടങ്ങും

കേരള സ്റ്റാര്‍ട്ട് അപ് മിഷനും സി പി സി ആര്‍ ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് മാര്‍ച്ച് Kerala, News, Video, Rural India Business Conference on March 1st
കാസറകോട്: (my.kasargodvartha.com 27.02.2020) കേരള സ്റ്റാര്‍ട്ട് അപ് മിഷനും സി പി സി ആര്‍ ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ് മാര്‍ച്ച് ഒന്നിന് രാവിലെ 10 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യാതിഥിയായി 'പവര്‍ വുമണ്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ചാവി രജാവത് പങ്കെടുക്കും.

തന്റെ ചെറിയ പ്രായത്തില്‍ തന്നെ കോര്‍പ്പറേറ്റ് ജീവിതം ഉപേക്ഷിച്ചു സ്വന്തം നാടായ രാജസ്ഥാനിലെ സോഡാ ഗ്രാമത്തില്‍ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട് നിരവധി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും സ്ത്രീ ശാക്തീകരണ പരിപാടികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി ലോക ശ്രദ്ധ നേടിയ ചാവി രജാവത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യങ് ഗ്ലോബല്‍ ലീഡര്‍ അവാര്‍ഡ് ജേതാവാണ്. കൂടാതെ സി എന്‍ എന്നിന്റെ യങ് ഇന്ത്യന്‍ ലീഡര്‍ അവാര്‍ഡും, മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം പ്രത്യേക പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

'സാങ്കേതികതയിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളെയും കാര്‍ഷിക മേഖലെയെയും ശക്തിപ്പെടുത്തുക' എന്ന പ്രേമേയം ആസ്പദമാക്കി ഇന്ത്യയിലെ അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ് സംരംഭകരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഫൗണ്ടേഴ്‌സ് ടോക്ക്, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരും, അക്കാദമിക് വിദഗ്ധരും, സ്റ്റാര്‍ട്ടപ്പ് സംരംഭകരും തമ്മിലുള്ള പാനല്‍ ഡിസ്‌കഷന്‍, നിക്ഷേപക-സംരംഭക സംഗമം എന്നിവ മാര്‍ച്ച് ഒന്നിന് നടക്കും.

ആദ്യ ദിനം കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഫ്രഷ് ടു ഹോം എന്ന ഡെലിവറി സ്റ്റാര്‍ട്ടപ്പിലൂടെ ലോക ശ്രദ്ധ നേടിയ മാത്യൂസ്, ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി സേവ് മോം എന്ന ഡിജിറ്റല്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത സെന്തില്‍ കുമാര്‍, 10 സംസ്ഥാനങ്ങളിലായി ആയിരത്തിലധികം വറ്റി വരണ്ട കുഴല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്ത് ശ്രദ്ധേയനായ എനര്‍ജി ഗ്ലോബ് വേള്‍ഡ് അവാര്‍ഡ് ജേതാവുമായ സിക്കന്ദര്‍ മീര നായിക്, തെങ്ങോലയില്‍ നിന്നും സ്‌ട്രോ നിര്‍മിച്ചു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോ. സജി വര്‍ഗീസ്, മാലിന്യത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം പടുത്തുയര്‍ത്തിയ ഗ്രീന്‍ വേര്‍മ്മസ് സഹ സ്ഥാപകന്‍ ജംഷീര്‍ എന്നിവര്‍ സംബന്ധിക്കും.

നിരവധി സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകനും സ്റ്റാര്‍ട്ടപ് മെന്ററുമായ നാഗരാജ പ്രകാശം രണ്ടാം ദിനം സോഷ്യല്‍-അഗ്രി സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളെ കുറിച്ച് സംസാരിക്കും. കാര്‍ഷിക മേഖലയിലെ നൂതന ടെക്‌നോളജികള്‍, സംരംഭക സാധ്യതകള്‍, സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങളെ കുറിച്ച് ഇന്ത്യയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന 'ഡ്രീം ബിഗ് കല്പ' സെഷന്‍ രണ്ടാം ദിവസമാണ് നടക്കുക.

കൂടാതെ സംരംഭം തുടങ്ങാനാവശ്യമായ നിയമ സഹായങ്ങളെ കുറിച്ച് നിയമ വിദഗ്ദ്ധന്‍ ഹരികൃഷ്ണന്‍ സി എ ക്ലാസെടുക്കും. ഫെബ്രവരി 29, മാര്‍ച്ച് ഒന്ന് തീയ്യതികളില്‍ അഗ്രി ടെക് ഹാക്കത്തോണും, ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് മൂന്നു വരെ അഗ്രി-സ്റ്റാര്‍ട്ടപ് എക്‌സ്‌പോയും നടക്കും. രണ്ടു ദിവസത്തെ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  https://startupmission.in/rural_business_conclave/ എന്ന വെബ്‌സൈറ്റില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. സി.പി.സി.ആര്‍.ഐ എക്സിബിഷനില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും  +91 98473 44692 എന്ന നമ്പറില്‍ ബന്ധപ്പെടാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനുള്ള അവസരം. സ്‌പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ അനിത കരുണ്‍, സയ്യിദ് സവാദ്, ഡോ. കെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Video, Rural India Business Conference on March 1st

Post a Comment