Join Whatsapp Group. Join now!

ചപ്പാരപ്പടവ് ഒരുങ്ങി; ജാമിഅ ഇര്‍ഫാനിയ്യ 28-ാം വാര്‍ഷിക 20-ാം സനദ് ദാന മഹാ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം

കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ് ദാന സ്ഥാപനമായ ചപ്പാരപ്പടവിലെ ജാമിഅഃ ഇര്‍ഫാനിയ്യ അറബിക് കോളേജ് ചതുര്‍ദിന മഹാസംഗമത്തിന് വ്യാഴാഴ്ച തുടക്കം Kerala, News, Jamia Irfaniya 28th anniversary celebration on Thursday
കാസര്‍കോട്: (my.kasargodvartha.com 18.02.2020) കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ് ദാന സ്ഥാപനമായ ചപ്പാരപ്പടവിലെ ജാമിഅഃ ഇര്‍ഫാനിയ്യ അറബിക് കോളേജ് ചതുര്‍ദിന മഹാസംഗമത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉന്നത ദീനി വിജ്ഞാന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഉന്നതമായ കുതിച്ചു ചാട്ടം നടത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചപ്പാരപ്പടവിലെ ജാമിഅഃ ഇര്‍ഫാനിയ്യയുടെ 28-ാം വാര്‍ഷിക 20-ാം സനദ് ദാന മഹാ സമ്മേളനം ഫെബ്രുവരി 20 മുതല്‍ 23 വരെ തിയ്യതികളിലായി ചപ്പാരപ്പടവ് ഖിള്രിയ്യ നഗറില്‍ നടക്കും.

20 ന് വ്യാഴാഴ്ച മഗ്രിബിന് ശേഷം സ്ഥാപനത്തിന്റെ ശില്‍പി ശൈഖുനാ ഉസ്താദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഖുതുബിയ്യത് മജ്ലിസ് ആണ് പ്രാരംഭ ദിവസത്തിലെ മുഖ്യ ഇനം. വെള്ളിയാഴ്ച്ച മൂന്നു മണിക്ക് അജ്മീര്‍ മൗലൂദിന് ശൈഖുനാ നേതൃത്വം നല്‍കും. നാലു മണിക്ക് സമ്മേളനം സയ്യിദ് ഹാഷിം അലി നദ്വി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ്  സഫ്വാന്‍ തങ്ങള്‍ ഏഴിമല  അധ്യക്ഷത വഹിക്കും. മഗ്രിബിന് ശേഷം കെ കെ അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന പഠന ക്ലാസ് കരീം ഉസ്താദ് ഉദ്ഘാടനം ചെയ്യും. മഹാന്മാരുടെ ഭാഷയും ശൈലിയും, മഖ്ദൂമികളുടെ കേരളം, മൗലാന്റെ വഴി മഹനീയ വഴി എന്നീ മൂന്ന് വിഷയങ്ങള്‍ യഥാക്രമം ബഷീര്‍ ഫൈസി ദേശമംഗലം, ഖലീല്‍ ഇര്‍ഫാനി, ഉമര്‍ ഫൈസി ഇര്‍ഫാനി എന്നിവര്‍ അവതരിപ്പിക്കും.

മൂന്നാം ദിവസമായ ശനിയാഴ്ച വിവിധ സെക്ഷനുകളിലായി വ്യത്യസ്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമാപന ദിവസമായ ഞായറാഴ്ച  ഉച്ചയ്ക്ക് ബദ്‌റ് മൗലീദ് മജ്ലിസ് നടക്കും. വൈകിട്ട് നടക്കുന്ന മഹാ സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം ടി  അബ്ദുല്ല മുസ്ലിയാര്‍, പി കെ പി അബ്ദുല്‍ സലാം മുസ്ലിയാര്‍, പി പി ഉമര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതന്‍മാര്‍ സംബന്ധിക്കും. ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് സനദ് ദാനവും സനദ് ദാന പ്രസംഗവും നടത്തും. കാല്‍ ലക്ഷം പേര്‍ അണിനിരക്കുന്ന ആത്മീയ സദസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും ശൈഖുനാ അല്‍ ഉസ്താദ് നേതൃത്വം നല്‍കും.

സമ്മേളനത്തിന്റെ നാല് ദിനങ്ങളിലും സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, പ്രമുഖ പ്രഭാഷകരായ അബ്ദുല്‍ സമദ് പൂക്കോട്ടുര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവരും സംബഡിക്കും. കേരളത്തിലും കര്‍ണാടകയിലും ലക്ഷദ്വീപിലുമായി നിരവധി ദീനീ  സ്ഥാപനങ്ങള്‍ ഇര്‍ഫാനിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ മുഖ്യ രക്ഷാധികാരിയും ചപ്പാരപ്പടവ് ജാമിഅഃ ഇര്‍ഫാനിയ്യ പ്രിന്‍സിപ്പളുമാണ് വി മുഹമ്മദ് മുസ്ലിയാര്‍.

വാര്‍ത്താ സമ്മേളനത്തില്‍ ദഅ് വ സംഘം കാസര്‍കോട് മേഖലാ കമ്മിറ്റി ഭാരവാഹികളായ ഹാഷിര്‍ ഫൈസി ഇര്‍ഫാനി, ദൃശ്യ മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് പൊവ്വല്‍, ഉമര്‍ ഫൈസി ഇര്‍ഫാനി, മുഹമ്മദ് ഇര്‍ഫാനി പാലാര്‍, സവാദ് ബദ്രിയ്യ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Jamia Irfaniya 28th anniversary celebration on Thursday
 

Post a Comment