Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 30-01-2020

ബല്ലാത്ത പഹയന്‍ എന്ന അപരനാമത്തില്‍ നവമാധ്യമങ്ങളില്‍ സുപരിചിതനായ വിനോദ് നാരായണന്‍ ജനുവരി 30 ന് വ്യാഴാച പാലക്കുന്നിലെ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 30-01-2020
ബല്ലാത്ത പഹയന്‍ 30ന് കാസര്‍കോട്ട് 

പാലക്കുന്ന്: (my.kasargodvartha.com 29.01.2020) ബല്ലാത്ത പഹയന്‍ എന്ന അപരനാമത്തില്‍ നവമാധ്യമങ്ങളില്‍ സുപരിചിതനായ വിനോദ് നാരായണന്‍ ജനുവരി 30 ന് വ്യാഴാഴ്ച പാലക്കുന്നിലെ വ്യാപാര ഭവനില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 'തൊഴില്‍ പ്രാപ്തി സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ വിദ്യാഭ്യാസം, സംരംഭകത്വം, സാമ്പത്തിക സാക്ഷരത നാടിനു വേണ്ടി' എന്ന കാര്യ പ്രസക്തമായ വിഷയങ്ങളില്‍ സംവദിക്കും. വിനോദ് നാരായണനെ പാലക്കുന്നില്‍ എത്തിക്കുന്നത് എം.ബി.കെ. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരളാ എന്ന ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പൊതു ജനങ്ങളുടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന നാട്ടുകാരുടെയും പ്രവാസികളുടെയും കൂട്ടായ്മയാണ്. പ്രവേശന ഫീസ് ഒന്നും ഇല്ലാത്ത ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ +971558645317 എന്ന വാട്സപ്പ് നമ്പറിലോ mbkkasaragod@gmail.com എന്ന ഐഡിയില്‍ ഇമെയില്‍ ചെയ്തോ മുന്‍കൂട്ടി അറിയിക്കുക. ഹാള്‍ സിറ്റിംഗ് കപ്പാസിറ്റി പ്രശ്നം ഉള്ളതിനാല്‍, ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കോഴിക്കോട് ചേവായൂരുകാരനായ വിനോദ് നാരായണന്‍, ആര്‍ ഇ സിയില്‍ നിന്നും എഞ്ചിനീറിംഗ് ബിരുദം നേടിയ ശേഷം നാട്ടിലും, ബംഗളൂരുവിലും, ദുബൈയിലും, ലണ്ടനിലും ജോലി ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷങ്ങളായി അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയിലാണ് താമസിക്കുന്നത്.

അര്‍ദ്ധസ്ഥിര ചെക്ക്ഡാം ശില്‍പശാല 30ന്

കാസര്‍കോട്: ജില്ലയില്‍ ജലപരിപാലനത്തിനുവേണ്ടി ചെലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ അര്‍ദ്ധസ്ഥിര ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ശില്‍പശാല ജനുവരി 30 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ജില്ലയിലെ വരള്‍ച്ചാ ലഘൂകരണത്തിന് ഉതകുന്ന ഇത്തരം അര്‍ദ്ധസ്ഥിര ചെക്ക്ഡാം നിര്‍മ്മാണം സംബന്ധിച്ച ശില്‍പശാലയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍വ്വഹിക്കും. ജലപരിപാലനം, കൃഷി സ്ഥലത്തെ ജലസ്രോതസ്സുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, പുഴകളിലെ ജലം നഷ്ടപ്പെടാതെ ഭാവിയിലേക്ക് സംരക്ഷിക്കുക തുടങ്ങിയവയാണ് അര്‍ദ്ധസ്ഥിര ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ജില്ലയിലെ ഡാമുകള്‍ ഇല്ലാത്ത കുറവ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാഹായിക്കും. ശില്‍പ്പശാലയില്‍ ചെറുകിട ജലസേചനവിഭാഗം  എക്സി.എഞ്ചിനീയര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധസ്ഥിര ചെക്ക് ഡാമുകളെക്കുറിച്ചുളള വിഷയാവതരണവും അധികൃതരുമായുളള ചര്‍ച്ചയും നടത്തും. ശില്‍പ്പശാലയില്‍ ജില്ലയിലെ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശഭരണ സ്ഥാപനത്തിലെ എഞ്ചിനീയര്‍മാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് എഞ്ചിനീയര്‍മാര്‍  മറ്റു അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അവലോകന യോഗം 30ന്

ജനുവരി 30 ന് രാവിലെ 10 ന് ആരോഗ്യജാഗ്രതാ, കൊറോണ വൈറസ് രോഗബാധ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ അവലോഗന യോഗം നടക്കും.

കിഫ്ബി പ്രദര്‍ശന മേളയില്‍ 30ന്

ജനുവരി 30 ന് രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. ഇതിനു പുറമെ രാവിലെ 10 മുതല്‍ ജില്ലയിലെ എം.എല്‍മാര്‍, വകുപ്പധ്യക്ഷന്മാര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ജില്ലയുടെ 10 വികസന  പദ്ധതികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജില്ലയിലെ പുതുതലമുറയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. വൈകുന്നേരം ആറ് മുതല്‍ കലാസന്ധ്യയും നടക്കും.

സ്റ്റേറ്റ് യൂത്ത് മീറ്റ് 30ന്

കാസര്‍കോട്: ചിന്മയ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ചിന്മയ മിഷനും കേരള ചിന്മയ യുവകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല യുവ സംഗമം ജനവരി 30 ന് ചിന്മയ ജന്മശതാബ്ദി ഹാളില്‍ രാവിലെ 9.30ന് നടക്കും.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; വ്യാഴാഴ്ച രാത്രി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മതപ്രഭാഷണം നടത്തും

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ് യിദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ചുളള പ്രഭാഷണ പരമ്പരയില്‍ വ്യാഴാഴ്ച രാത്രി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മതപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി, ബായാര്‍ തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും.

പൗരത്വ ഭേദഗതി; യു ഡി എഫ് മനുഷ്യ ഭൂപടം വ്യാഴാഴ്ച

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും വ്യാഴാഴ്ച കൂറ്റന്‍ മനുഷ്യഭൂപടം തീര്‍ക്കും. മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് വൈകിട്ട് 5.17ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് മനുഷ്യഭൂപടം തീര്‍ക്കുന്നത്. 5,000 ആളുകള്‍ അണിനിരന്നാണ് മനുഷ്യഭൂപടം തീര്‍ക്കുന്നത്. വൈകിട്ട് നാലു മണിക്ക് കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യു ഡി എഫ് എം പി, എം എല്‍ എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഘടകകക്ഷി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. ഭൂപടം തീര്‍ക്കുന്നതോടൊപ്പം പൊതുസമ്മേളനവും നടക്കും.

ഡി വൈ എഫ് ഐ സെക്യുലര്‍ അസംബ്ലി വ്യാഴാഴ്ച

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ വ്യാഴാഴ്ച ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ സെക്യുലര്‍ അസംബ്ലി സംഘടിപ്പിക്കും. 2,300 കേന്ദ്രങ്ങളില്‍ യുവജന റാലിയും പൊതുയോഗവും നടത്തും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 30-01-2020
 

Post a Comment