Join Whatsapp Group. Join now!

പുതുവത്സര രാവില്‍ കാസര്‍കോട് ഉറങ്ങില്ല; 31ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 'ഒപ്പരം'

കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ 31 ന് Kerala, News
കാസര്‍കോട്: (my.kasargodvartha.com 30.12.2019) കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ 31 ന് വൈകിട്ട് 6 മണി മുതല്‍ വിവിധ കലാപരിപാടികളോടെ പുലിക്കുന്നിലെ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രണ്ടാമത് 'ഒപ്പരം' പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോടന്‍ ജനതയെ ഒപ്പം ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പരം' പുതുവര്‍ഷാഘോഷം സംഘടിപ്പിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികവ് കാട്ടിയ ഒപ്പന, തിരുവാതിര, മാര്‍ഗംകളി, ചവിട്ട് നാടകം എന്നിവക്കൊപ്പം കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അവതരിപ്പിക്കുന്ന ഗസല്‍, നാടന്‍പാട്ട്, കങ്കില നൃത്തം, ഫോക് ക്ലാസിക്കല്‍ ഫ്യൂഷന്‍, മോണോ ആക്ട്, പുരുഷന്മാരുടെ ഒപ്പന, റീഥം ബീറ്റ്‌സ്, കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് തുടങ്ങിയവ പുതുവര്‍ഷാഘോഷത്തിന് കൊഴുപ്പേകും. പുതുവര്‍ഷം പിറക്കുന്ന നിമിഷം വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു തീകൊളുത്തുന്നതോടെ ആഘോഷ പരിപാടി സമാപിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് ഹാജി എന്നിവര്‍ മുഖ്യാതിഥികളാകും.

Kerala, News, 'Oparam' at Sandhyaragam auditorium Ragam auditorium on dec 31

കാസര്‍കോടിന്റെ സായാഹ്നങ്ങളെ സജീവമാക്കുന്നതിനും എല്ലാ മാസവും കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും കാസര്‍കോട്ടെ കലാകാരന്മാര്‍ക്ക് ഒരു വേദി ഒരുക്കുന്നതിനും വേണ്ടി 2018 നവംബറില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ചെയര്‍മാനായി രൂപം കൊള്ളുകയും 'ഒപ്പരം-2019' പുതുവര്‍ഷാഘോഷത്തോടെ ഉജ്വലമായ അരങ്ങേറ്റം കുറിക്കുകയും ചെയ്ത കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി കാസര്‍കോടിന് മറക്കാനാവാത്ത പ്രതിമാസ പരിപാടികളും സാംസ്‌കാരിക തുടിപ്പുകള്‍ ഉണര്‍ത്തുന്ന നിരവധി ചടങ്ങുകളും സംഘടിപ്പിച്ചാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2019 ജനുവരി 12ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ 'അരങ്ങ്'എന്ന പേരില്‍ മൂന്ന് നാടകങ്ങള്‍ അവതരിപ്പിച്ചു.

ഫെബ്രുവരി 9ന് സവാക് എന്ന സംഘടനയുടെ സഹകരണത്തോടെ കലൈഡോസ്‌കോപ്പ് എന്ന പേരില്‍ സോപാന സംഗീതം, തുളു ഫോക് സോംഗ്, മോഹിനിയാട്ടം, തിരുവാതിര, കുച്ചിപ്പുടി, തായമ്പക, സിനിമാറ്റിക് ഡാന്‍സ്, തുളു ഫോക് ഡാന്‍സ്, കാവടി നൃത്തം, മോണോ ആക്ട്, കന്നഡലളിത സംഗീതം, ഡ്രാമ സോംഗ്, മാപ്പിളപ്പാട്ട്, മിമിക്രി, പിന്നല്‍ തിരുവാതിര, സാംബ നൃത്തം തുടങ്ങിയവ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ന്, സര്‍ക്കാരിന്റെ ആയിരം ദിനങ്ങളുടെ ഭാഗമായി 'ആയിരം വര്‍ണ്ണങ്ങള്‍' എന്ന പേരില്‍ ആഘോഷ പരിപാടികളും ഒരുക്കി. ശിങ്കാരി മേളം ഫ്യൂഷന്‍ ഡാന്‍സ്, അക്രോബാറ്റിക് ഡാന്‍സ്, ബോളിവുഡ് ഹങ്കാമ ഡാന്‍സ്, മലയാളം ഫിലിം ഡാന്‍സ്, ഫയര്‍ ഡാന്‍സ്, മെന്റലിസ്റ്റ് മാജിക് ഷോ, സ്‌കിറ്റ്, ഫാഷന്‍ ഫെസ്റ്റ്, മ്യൂസിക് മാസ്‌ട്രോ എന്നിവ അവതരിപ്പിച്ചു.

മാര്‍ച്ച് 16ന്, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലടക്കം പ്രശംസ നേടിയ, കാസര്‍കോട് ജില്ലക്കാരനായ വിനു കോളിച്ചാല്‍ സംവിധാനം ചെയ്ത 'ബിലാത്തികുഴല്‍' എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും വിനു കോളിച്ചാല്‍ അടക്കം സിനിമയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും സ്വീകരണം നല്‍കുകയും അനുമോദിക്കുകയും ചെയ്തു. മാര്‍ച്ച് 27ന് വേള്‍ഡ് തിയേറ്റര്‍ ഡേയോടനുബന്ധിച്ച് നാട്ടക് എന്ന സംഘടനയുടെ സഹകരണത്തോടെ നാടക കലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കുകയും 'ചൂട്' എന്ന നാടകം അവതരിപ്പിക്കുകയും ചെയ്തു. മെയ് 18ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 'ഇയാഗോ' എന്ന നാടകം അവതരിപ്പിച്ചു. ജൂണ്‍ 15 ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തീവണ്ടിപ്പാട്ട് കൂട്ടത്തിന്റെ പാട്ടരങ്ങ് സംഘടിപ്പിച്ചു. പ്രളയം കാരണം ജൂലായ്, ആഗസ്ത് മാസങ്ങളില്‍ പ്രതിമാസ പരിപാടി ഒഴിവാക്കി. സെപ്തംബര്‍ 19ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികള്‍ ഒരുക്കി.

തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. നയിച്ച ജനപ്രതിനിധികളുടെ ടീമും ജില്ലാ കലക്ടര്‍ നയിച്ച ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ടീമും തമ്മിലുള്ള സൗഹാര്‍ദ്ദ ഫുട്‌ബോള്‍ മത്സരവും സെപ്തംബര്‍ 20ന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ജില്ലാ തല കമ്പവലി മത്സരവും സംഘടിപ്പിച്ചു. സെപ്തംബര്‍ 21ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ റാഫി-കിഷോര്‍ മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 19ന്, വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ബഷീര്‍ ഓര്‍മ്മയും രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ബഷീര്‍ ദി മാന്‍, മൈ നെയിം ഈസ് ബഷീര്‍ എന്നീ സിനിമകളുടെ പ്രദര്‍ശനവും ഒരുക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നവംബര്‍ 28 മുതല്‍ 30 വരെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് സമീപം, മുന്‍ സംസ്ഥാന കലോത്സവ കലാതിലകം സബീന ഉല്ലാസിന്റെ പെയിന്റിംഗ് പ്രദര്‍ശനം ഒരുക്കി.

കടന്നു പോകുന്ന ഒരു വര്‍ഷം നിരവധി കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിക്കുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി സെക്രട്ടറി ടി എ ഷാഫി, ട്രഷറര്‍ ടി വി ഗംഗാധരന്‍, അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളായ ജി ബി വത്സന്‍, സുബിന്‍ ജോസ്, ഉമേശ് ശാലിയന്‍, കെ എസ് ഗോപാലകൃഷ്ണന്‍, അഹ്‌റാസ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, 'Oparam' at Sandhyaragam auditorium Ragam auditorium on dec 31

Post a Comment