Join Whatsapp Group. Join now!

സക്രിയ നേതൃത്വം, അതിലേറെ ആത്മവിശ്വാസം: പിന്നെ പ്രശാന്ത് സുന്ദര്‍ മാഷ് പറഞ്ഞതും

ചിലരെ പരിചയപ്പെടണം, ചിലരെ പരിചയപ്പെടേണ്ട ആവശ്യമേയില്ല. ചിലരോട് അടുക്കണം, മറ്റു ചിലരില്‍ നിന്നകലം പാലിച്ചാലും News, Kerala, article about school and teacher
അസ്ലം മാവിലെ

(my.kasargodvartha.com 20.10.2019)
ചിലരെ പരിചയപ്പെടണം, ചിലരെ പരിചയപ്പെടേണ്ട ആവശ്യമേയില്ല. ചിലരോട് അടുക്കണം, മറ്റു ചിലരില്‍ നിന്നകലം പാലിച്ചാലും വലിയ വിഷയമല്ല. ഒരിരുത്തം മതി ചില വ്യക്തികളെ വായിച്ചെടുക്കാന്‍...

പ്രശാന്ത് മാഷെ ഞാന്‍ കൂടുതല്‍ കണ്ടുമുട്ടിയിട്ടില്ല. കണ്ടു മുട്ടിയ നേരങ്ങളാകട്ടെ അങ്ങനെ സൗകര്യത്തിലിരുന്ന് സംസാരിക്കാന്‍ പറ്റിയയതുമായിരുന്നില്ല. ആദ്യം കണ്ടത് പ്രിയമാതാവിന്റെ വേര്‍പാടറിഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍. പിന്നെ മിണ്ടിയത് സ്‌കൂളില്‍ നടന്ന അഞ്ചോ ആറോ പ്രോഗ്രാമുകളിലെ വേദികളില്‍.

ഇന്നലെയാണ് മാഷിനെ ഞാന്‍ ശരിക്കും കേട്ടത്, പിടിഎ ജനറല്‍ ബോഡിയില്‍ രക്ഷിതാക്കളെയും അധ്യാപകരെയുമദ്ദേഹം അഭിമുഖീകരിച്ച വേളയില്‍. ഒരു സ്ഥാപനമേധാവി എങ്ങനെയായിരിക്കണമെന്ന് ആ സംസാരം പറയുന്നുണ്ട്. നയം പറയുന്നു. അതിന്റെ വിശദീകരണം പറയുന്നു. ന്യായം പറയുന്നു. അതിനുപോല്‍ബലകമായ പശ്ചാത്തലം പറയുന്നു. കിതക്കാത്ത ഒരിടമാണ് ലക്ഷ്യം. ചാഞ്ചാടാന്‍ വെമ്പുന മനസ്സുകളെ പരിക്കില്ലാതെ നിയന്ത്രണ വിധേയമാക്കലാണ് ഉദ്ദേശം.

സ്പുടമാണ് കാര്യങ്ങള്‍. കണിശമാണ് നിലപാടുകള്‍. വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ സുഖമുണ്ട്. ആളുകുറവായ സദസ്സിലെ അഭിസംബോധന വലിയ ആള്‍ക്കൂട്ടങ്ങളുടെ ഫീലുണ്ടാക്കി. വന്ന നിങ്ങള്‍ ശ്രേഷ്ഠര്‍, വരാത്തവര്‍ വന്നവരെ വിശ്വാസമര്‍പ്പിച്ചതിനാല്‍ അതിലേറെ ശ്രേഷ്ഠര്‍.


പ്രസന്റേഷനുകളില്‍ സീനിയര്‍ പ്രൊജക്ട് മാനേജര്‍ സഅദ് അല്‍ ഗാംദിഇടക്കിടക്ക് പറയുന്നത് കേള്‍ക്കാറുണ്ട്, യാ അഖീ, കുന്‍ വഇസിഖാ - ഉടപ്പിറപ്പേ, ആത്മവിശ്വാസം കൈ കൊള്ളൂ എന്നാണെന്ന് തോന്നുന്നു അപ്പറയുന്നത്. (കേട്ടതിലപാകതയുണ്ടെങ്കില്‍ അറബിഭാഷാധ്യാപകര്‍ തിരുത്തട്ടെ)

ഇന്നലെ പിടിഎ പൊതുസഭയില്‍ രക്ഷിതാക്കളുടെ എണ്ണമെങ്ങനെ കുറഞ്ഞു - വേറിട്ട വായനയിലായിരുന്നു പ്രശാന്ത് സാര്‍. 'ആരും അങ്ങിനെയേ വരൂ. മക്കളുടെ പഠനമാണവര്‍ക്ക് വലുത്, ഓണപ്പരീക്ഷയിലെ മാര്‍ക്കവര്‍ കണ്ടു. അതിന്റെ വിലയിരുത്തലുകളില്‍ ഇക്കഴിഞ്ഞ ആഴ്ച മുഴുവന്‍ രക്ഷിതാക്കള്‍ വ്യാപൃതരായി, ഉമ്മമാരായിരുന്നു കൂടുതല്‍. കേള്‍ക്കേണ്ടതും പറയേണ്ടതും ആ ആഴ്ച മുഴുവനും അവര്‍ ചെയ്തു.'

കഴിഞ്ഞ വര്‍ഷം ഓണപ്പരീക്ഷയ്ക്ക് മുമ്പായിരുന്നു ജനറല്‍ ബോഡി, അന്നാധിക്യമുണ്ടായി രക്ഷിതാക്കളുടെ; ഒക്ടോബര്‍ മാസത്തിലെ ജനറല്‍ ബോഡി പരീക്ഷണങ്ങള്‍ ഇനി വേണ്ടെന്ന് കൂടിയുള്ള സൂചനകളായി ആ വാക്കുകള്‍.

ഇത്തരം കരുവാളിച്ച ഘട്ടങ്ങളില്‍ സംഘാടകര്‍ക്കും ഇരിക്കുന്നവര്‍ക്കും രക്ഷകര്‍തൃപ്രതിനിധികള്‍ക്കും സെയ്ഫ് സോണ്‍ കാണിക്കുന്ന സ്ഥാപന മേധാവിയെ ഞാനാദ്യമായി കാണുകയാണ്. ഇവരുള്ളിടത്ത് വര്‍ക്ക് ചെയ്യുന്ന സഹജീവനക്കാര്‍ക്ക്, സഹാധ്യാപകര്‍ക്ക് വഴിത്താര കണ്ടെത്താന്‍ മറ്റൊരു ഞെക്കുവിളക്കാവശ്യമില്ല.


നല്ല ലീഡര്‍ഷിപ്പിനെകുറിച്ച് പറയാറുള്ളത് ഇങ്ങനെ:ബലിഷ്ഠം, ദീര്‍ഘകാലം നിലനില്‍ക്കുന്നത് - സഹപ്രവര്‍ത്തകരോടുള്ള ബന്ധമതായിരിക്കും. നിര്‍മ്മാണാത്മകം, ഉല്‍പാദനപരം - കൂട്ടുകെട്ടിലിലേക്ക് ആ ബന്ധം നയിക്കുന്നതിന്റെ ഉദ്ദേശങ്ങളാണ്. മുന്നില്‍ ഒരവ്യക്തതയുമില്ല. രാജവീഥിക്കിരുവശമെങ്ങും പ്രതീക്ഷകളുടെ കത്തുന്ന വിളക്കുകാലുകള്‍ പ്രഭചൊരിഞ്ഞു കൊണ്ടിരിക്കും.


പ്രശാന്ത് സുന്ദര്‍ മാഷിന്റെ ഇരുത്തം വന്ന നിലപാടുകളും ഇടപെടലുകളും പട്‌ല സ്‌കൂളിലെ പുതിയ അധ്യാപക-രക്ഷാകര്‍തൃ, വികസന, നടത്തിപ്പ് സമിതികള്‍ക്കു മൊത്തം വലിയ മുതല്‍ക്കൂട്ടാണ്. വരുന്ന അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ സ്‌കൂള്‍ പരിസരങ്ങള്‍ക്ക് പുതിയ വര്‍ത്തമാനങ്ങള്‍ പറയാനുണ്ടാകുമെന്ന് മാത്രമിവിടെ കുറിക്കുന്നു. അന്നും നേതൃത്വങ്ങളിലുണ്ടാകേണ്ടത് പരിണിതപ്രജ്ഞരായിരിക്കണം, നിസ്വാര്‍ഥ സേവകരായിരിക്കണം, കഴിവും കാര്യ പ്രാപ്തിയുമുള്ളവരായിരിക്കണം. ദീര്‍ഘദൃഷ്ടിയും പുരോഗനചിന്തയും കൈമുതലായുള്ളവരുമായിരിക്കണം.

ഈയ്യിടെ എനിക്കു കുറച്ചു കപ്പല്‍ ജോലിക്കാരെ സുഹൃത്തുക്കളായി കിട്ടി. രാത്രിയിലെ ഏറെ വൈകിയുള്ള ഒന്നിച്ചിരുത്തങ്ങളില്‍ ഞാന്‍ ചോദിക്കും - ആഴക്കടല്‍ യാത്രാ കഥകള്‍ തുടരെത്തുടരെ കേള്‍ക്കുമ്പോള്‍ എനിക്കൊന്നറിയണം, എങ്ങിനെയാണ് ആടിയുലയുന്ന കരകാണാ സാഹസിക യാത്രകളില്‍ മനസ്സ് ധൈര്യപ്പെടുത്തുന്നത്, സ്ഥൈര്യപ്പെടുത്തുന്നത് ?

അവരുടെ മറുപടി : ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കിടയിലും ഭീതിജനിപ്പിക്കും കടലട്ടഹാസങ്ങളിലും മനംകോച്ചുന്ന തണുപ്പിലും സര്‍വ്വ പ്രതികൂല കാലാവസ്ഥയിലും അവമുഴുവന്‍ അതിജീവിച്ചു മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ കപ്പിത്താന്‍ കണ്ണിമ പൂട്ടാതെ മുന്നിലുള്ളപ്പോള്‍ ഞങ്ങള്‍ക്കെങ്ങിനെ ആത്മധൈര്യവും ആത്മവിശ്വാസവും ചോരും?

അവസാന വാക്ക്:
'സംസാരങ്ങള്‍, കൂടിക്കാഴ്ചകള്‍, ഇരുത്തങ്ങള്‍, സാന്നിധ്യങ്ങള്‍ ഇവ നിങ്ങള്‍ക്കെപ്പോഴും പുതിയ അറിവുകള്‍ നല്‍കിക്കൊണ്ടേയിരിക്കുമെങ്കില്‍ നിങ്ങള്‍ വഴിതെറ്റിയിട്ടില്ല.' അപ്പറഞ്ഞ അജ്ഞാത വ്യക്തിയെ അന്വേഷിക്കുകയാണ് ഞാന്‍.

Keywords: News, Kerala, article about school and teacher

Post a Comment