Join Whatsapp Group. Join now!

ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികളുമായി ടി കെ പ്രഭാകരന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

സമകാലിക സംഭവവികാസങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. Kerala, News, T.K Prabhakaran's Cartoon Exhibition conducted
പെരിയ: (my.kasargodvartha.com 10.02.2019) സമകാലിക സംഭവവികാസങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ ഗവ എല്‍ പി സ്‌കൂളിലാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളുടെ നയങ്ങളെയും സമകാലിക സാഹചര്യങ്ങളെയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിച്ചത്.

ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യധാരയില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ട്ടൂണ്‍ എന്ന കലയെ ഗ്രാമങ്ങളിലേക്ക് കൊണ്ടുവന്ന് ആസ്വാദനം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കാന്‍ പ്രഭാകരന്‍ നടത്തുന്ന പരിശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു കാര്‍ട്ടൂണ്‍ പ്രദര്‍ശനം.

2015ലാണ് പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2015 ല്‍ കേരള ലളിത കലാ അക്കാദമിയുടെയും കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രഭാകരന്റെ കാര്‍ട്ടൂണുകള്‍ നാല് ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് ചിത്രകാരി അമ്മാളുവമ്മയുടെ ചിത്ര പ്രദര്‍ശനവും നടന്നു.



സി കെ അരവിന്ദന്റെ പുസതകചര്‍ച്ചയും സാംസ്‌കാരികസദസും നടത്തി

പെരിയ: ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി പുല്ലൂര്‍പെരിയ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്റെ ഒരു ദേശ സ്നേഹിയുടെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച നടത്തി. സ്വാതന്ത്ര്യ സമര സേനാനി ഗാന്ധി കൃഷ്ണന്‍ നായരുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പുസ്തകമാണ് 'ഒരു ദേശസ്നേഹിയുടെ കാല്‍പ്പാടുകള്‍'. പി.കെ കുമാരന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ കായക്കുളം, ഗോവിന്ദന്‍ രാവണീശ്വരം, കുന്നുമ്മല്‍ ബാലന്‍, ബി.വി കണ്ണന്‍ മാസ്റ്റര്‍, സി.മനോജ്, ടി.കെ പ്രഭാകരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സദസ്സ് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ഇന്ദിര ഉദ്ഘാടനം ചെയ്തു. ഭാസ്‌ക്കരന്‍ ചാലിങ്കാല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം അപര്‍ണ ജനാര്‍ദനന്‍ മുഖ്യാതിഥിയായിരുന്നു. പ്രമോദ് സി. ചെക്യാര്‍പ്പ്, മനോജ് സി. ചാലിങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഗോപാലന്‍ ചാലിങ്കാല്‍ സ്വാഗതവും ഗോപിമാസ്റ്റര്‍ ചാലിങ്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നയനാരായണന്‍, ഗാഥ കണ്ണൂര്‍, നീനമലപ്പുറം, ആര്യനന്ദ രവി എന്നിവര്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറി. ഇബ്രാഹിം വേങ്ങരയുടെ രചനയില്‍ പ്രഭാകരന്‍ ചാലിങ്കാല്‍ സംവിധാനം ചെയ്ത പെരിയ നാടകവേദിയുടെ ചിരോണ്ടന്‍ എന്ന നാടകവും അവതരിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, T.K Prabhakaran's Cartoon Exhibition conducted
  < !- START disable copy paste -->

Post a Comment