Join Whatsapp Group. Join now!

സി.ബി.ഐയുടേത് അന്വേഷണമെന്ന പ്രഹസന നാടകം: കല്ലട്ര മാഹിന്‍ ഹാജി; ഉന്നത തല ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഖാസി സംയുക്ത സമര സമിതി

സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്നത് അന്വേഷണ പ്രഹസന നാടകമാണെന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി Kerala, News, Khazi case; Kallatra Mahin Haji on CBI
മേല്‍പ്പറമ്പ്: (my.kasargodvartha.com 29.09.2018) സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്നത് അന്വേഷണ പ്രഹസന നാടകമാണെന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇതേ തുടര്‍ന്നാണ് അബ്ദുല്ല മൗലവിയുടെ കുടുംബവും, സംയുക്ത ജമാഅത്ത് ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ വിവിധ ആക്ഷന്‍ കമ്മിറ്റികളും ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ കക്ഷികള്‍ ആവശ്യപ്പെട്ട തരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള യാതൊരു വിധ അന്വേഷണവും കേസില്‍ നാളിതു വരെയായി സി.ബി.ഐ നടത്തിയിട്ടില്ല. എസ്.പിക്ക് മുകളില്‍ റാങ്കുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കേസന്വേഷണവുമായി ഇതുവരെ കാസര്‍കോട്ട് എത്തിയിട്ടില്ലെന്നും ആദ്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും അന്വേഷണമെന്ന പ്രഹസന നാടകം നടത്തുന്നതെന്നും മാഹിന്‍ ഹാജി വ്യക്തമാക്കി. സി.ബി.ഐയുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ  ഉന്നത തല അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഉന്നത തല ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം: ഖാസി സംയുക്ത സമര സമിതി

സി.ബി.ഐയുടെ ഉന്നത തല ഉദ്യോഗസ്ഥരെ കൊണ്ട് കേസന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സി തയ്യാറാകാത്തതാണ് അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് ഖാസി സംയുക്ത സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സി.ബി.ഐ. ശരിയായ വഴിയില്‍ അന്വേഷണം നടത്തിയിരുന്നതായി തോന്നിപ്പിച്ചെങ്കിലും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനു പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഇതേ തുടര്‍ന്ന് കോടതിയെ സമീപിച്ച അബ്ദുല്ല മൗലവിയുടെ കുടുംബവും, സംയുക്ത സമര സമിതി ഉള്‍പ്പെടെയുള്ള വിവിധ ആക്ഷന്‍ കമ്മിറ്റികളും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ഉന്നത തല അന്വേഷണ സംഘം കേസ് അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

എസ്.പിക്ക് മുകളില്‍ റാങ്കുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ തയ്യാറാകുന്നതിന് പകരം സി.ബി.ഐയുടെ ആദ്യ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ വീണ്ടും വീണ്ടും അന്വേഷണമെന്ന നാടകം നടത്തിക്കുന്നത് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയെന്ന് അവകാശപ്പെടുന്ന സി.ബി.ഐക്ക് യോജിച്ചതല്ല. കേസില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പറയുന്ന അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ കിട്ടാവുന്ന തെളിവുകള്‍ ഉള്‍പ്പെടെ നശിപ്പിച്ച ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതികളാക്കി  തെളിവുകള്‍ ശേഖരിക്കണമെന്നും ഭാരവാഹികളായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ, ഇബ്രാഹിം ചെര്‍ക്കള, റിയാസ് ഹാജി മംഗളൂരു, ഖാസിം ദാരിമി, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനു പകരം അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ നടത്തുന്നത് നീതി പീഠത്തെയും, പൊതു സമൂഹത്തെയും വെല്ലു വിളിക്കുന്ന നിലപാടാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Khazi case; Kallatra Mahin Haji on CBI
  < !- START disable copy paste -->

Post a Comment