Join Whatsapp Group. Join now!

വിദ്യയുടെ നറുമണം ബാക്കിവെച്ച്, വികസന സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കി, നിറഞ്ഞ മനസ്സോടെ റാണി ടീച്ചര്‍ പടിയിറങ്ങുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം 2012 മുതല്‍ ഞാന്‍ രക്ഷിതാവെന്ന നിലയില്‍ ഒരിക്കല്‍ കൂടി പട്‌ള സ്‌കൂള്‍ വരാന്തയിലുണ്ട്. മക്കള്‍ സാനിനെയും സമീയെയും സഹോദരി പുത്രന്‍ ഫുവാദിനെയുംKerala, Article, Aslam Mavilae, Rani Teacher retiring from Patla School
അസ്ലം മാവില

(my.kasargodvartha.com 28.03.2018) ചെറിയ ഇടവേളയ്ക്ക് ശേഷം 2012 മുതല്‍ ഞാന്‍ രക്ഷിതാവെന്ന നിലയില്‍ ഒരിക്കല്‍ കൂടി പട്‌ള സ്‌കൂള്‍ വരാന്തയിലുണ്ട്. മക്കള്‍ സാനിനെയും സമീയെയും സഹോദരി പുത്രന്‍ ഫുവാദിനെയും കെ. എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പട്‌ള സ്‌കൂളിലേക്ക് പറിച്ചു നട്ടത് ആ വര്‍ഷമാണ്. ആ വര്‍ഷം തന്നെയാണ് പി.ടി.എയ്ക്ക് ബദല്‍ സംവിധാനമെന്ന രൂപത്തില്‍ എസ്.എം.സി. സംസ്ഥാനത്തുടനീളം നടപ്പാകുന്നത്. അന്ന് അതിന്റെ കല്ലുകടിയിലാണ് കേരളം മൊത്തം സ്‌കൂളുകള്‍.

അതിരാവിലെ പി.ടി.എ. പ്രസിഡണ്ട് സെയ്ദ് എനിക്കൊരു കൈപുസ്തകം തന്നു. 'ഇത് വായിക്കണം, പലരും പലതും പറയുന്നു, നമ്മുടെ സ്‌കൂളില്‍ സൗന്ദര്യപിണക്കമില്ലാതെ തന്നെ ഈ സംവിധാനവുമിരിക്കട്ടെ. പിടിഎയ്ക്ക് കുറച്ചു ഭാരവും കുറഞ്ഞു കിട്ടുമല്ലോ'. നോട്ട്‌സ് വായിച്ചപ്പോള്‍ പിടിഎക്കാളും കുറച്ചു കൂടി വൈവിധ്യവത്ക്കരണമുണ്ടാകാന്‍ സാധ്യതയുള്ള കൂട്ടായ്മയാണ് എസ് എം സി എന്ന് തോന്നി. നാട്ടിലെ വിവിധ മേഖലകളില്‍ പ്രാവിണ്യമുള്ള വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള ഇലാസ്തികയുള്ള സംവിധാനം. അത് തന്നെയാകാം എതിര്‍പ്പിന് കാരണമെന്നും ഒറ്റ നോട്ടത്തില്‍ മനസിലായി. മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്ന പോലെ കേരളത്തില്‍ നേരെ ചൊവ്വെ വര്‍ക്ക് ഔട്ടാകാന്‍ ഒരു സാധ്യതയുമില്ല.

'തുടക്കാരി' എന്ന നിലയില്‍ എസ്.എം.സി ക്ക് ചില പ്രാഥമിക പേപ്പര്‍ വര്‍ക്കുകളുണ്ടായിരുന്നു. ബൃഹത്തായ ഡാറ്റാ കളക്ഷന്‍. പട്‌ള സ്‌കൂളിന്റെ ചരിത്രമൊക്കെ അന്നേരമാണ് എസ് എം സിക്ക് വേണ്ടി പിടിഎ പ്രസിഡണ്ട് ആവശ്യപ്പെട്ട പ്രകാരം ഞാന്‍ പഠിക്കുന്നതും തയ്യാറാക്കുന്നതും. ചില സ്വപ്ന പദ്ധതികളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റെടുത്തവന്റെ തലയില്‍ മാറാപ്പ് വെച്ചു കെട്ടുക എന്നതിന്റെ സ്വാഭാവികതയുടെ ഭാഗമായി എസ്.എം.സിയുടെ ആദ്യ ചെയര്‍മാന്‍ പദവി എന്റെ തലയില്‍ ഓര്‍ക്കാപുറത്ത് വീണു. അതിന്റെ തിരക്കിനിടയിലാണ് കുമാരി റാണി ടീച്ചര്‍ പട്‌ള സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുക്കുന്നത്. അന്ന് മുതലാണ് അവരെ എനിക്ക് പരിചയവും. ആ ഒരു സദ്ബന്ധം സ്‌നേഹാദരവിന്റെ നിറച്ചാര്‍ത്തില്‍ ഇന്നും ഞാന്‍ നില നിര്‍ത്തുന്നു.

റാണി ടീച്ചര്‍ പട്‌ള സ്‌കൂളിന്റെ പടി ഇറങ്ങുകയാണ്. മറ്റൊരു സ്‌കൂളിലും അവര്‍ ഇനി ജോയിന്‍ ചെയ്യുന്നില്ല. She is retiring. സംശയമില്ല, തന്റെ സര്‍വീസിനിടയ്ക്ക് ഒരു പക്ഷെ ഏറ്റവും നല്ല ഓര്‍മ്മകളുമായിട്ടായിരിക്കും അവര്‍ പട്‌ള സ്‌കൂളിന്റെ തിരുമുറ്റം വിടുന്നത്. അത്രമാത്രം ബൃഹത്തായ ആത്മബന്ധം അവര്‍ ഈ പള്ളിക്കൂടവുമായി ഉണ്ടാക്കിത്തീര്‍ത്തിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ പട്‌ള സ്‌കൂളിന് കുറേ പ്രധാന അധ്യാപകരുണ്ട്. അവരില്‍ തന്നെ മൊയ്തീന്‍ഖാന്‍, മുഹമ്മദ് ഹനീഫ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അതിപ്രധാനികളാണ്. ഇവര്‍ക്കൊന്നിച്ചുള്ള ഒന്നാം കസേരയിലാണ് റാണി ടീച്ചറുടെ ഇടമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.

സ്‌കൂള്‍ അധ്യയന വിഷയത്തിലും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും സ്‌കൂളിന്റെ അച്ചടക്കം നിലനിര്‍ത്തുന്നതിലും അധ്യാപക- രക്ഷാകര്‍തൃ സൗഹൃദാന്തരീക്ഷം ഒരുക്കൂട്ടുന്നതിലും സ്‌കൂള്‍ ദൈനംദിനങ്ങളില്‍ പാഠ്യേതരവിഷയങ്ങള്‍ മതിയായ പ്രധാന്യം നല്‍കി അക്കമഡേറ്റ് ചെയ്യുന്നതിലും റാണി ടീച്ചര്‍ കാണിച്ച സ്വപ്നസമാനമായ നേതൃപാടവമുണ്ട്. ഒറ്റവാക്കില്‍-  Fabulous & fantastic!

കാണെക്കാണെയാണ് നമ്മുടെ സ്‌കൂള്‍ പ്രശസ്തമായത്. പേരും പെരുമയും വന്നത്. ഒരു മോഡല്‍ സര്‍ക്കാര്‍ സ്‌കൂള്‍ കാണണോ പട്‌ളയിലേക്ക് പോകൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഉപമേധാവിയെക്കൊണ്ട് പറയുമാറ് നമ്മുടെ സ്‌കൂള്‍ ഭൗതികമായി ഉന്നതിയിലെത്തി. സ്‌കൂള്‍ വികസന സമിതി എങ്ങിനെ ആയിരിക്കണമെന്ന് പട്‌ള സ്‌കൂളിനെ കണ്ട് പഠിക്കാന്‍ മാത്രം ലക്ഷങ്ങളുടെ രക്ഷകര്‍തൃ സംഭാവനകള്‍ ലഭിക്കുമാറ് പ്രൊജക്ടുകള്‍ ഉണ്ടാക്കാന്‍ ടീച്ചറുടെ ഇടപെടലുകള്‍ക്കൊണ്ടുണ്ടായി. ആദ്യം ടീച്ചറെഴുതി - ഇതാ എന്റെ കൈനീട്ടം, അരലക്ഷം രൂപ. തുടര്‍ന്ന് അഭ്യംദയകാംക്ഷികളില്‍ നിന്ന് വന്നത് ഓഫറുകളുടെ പെരുമഴ.

സര്‍വീസിനിടക്ക് അനുവദിക്കപ്പെട്ട അവധിക്കൂമ്പാരങ്ങളുണ്ടായിട്ടും ടീച്ചര്‍ അതിരാവിലെ സ്‌കൂള്‍ മുറ്റത്തെത്തി. ഓഫീസ് വാതില്‍ തുറക്കുന്നതിന് മുമ്പ് ഒരാവര്‍ത്തി അവര്‍ എന്നും സ്‌കൂള്‍ കോമ്പൗണ്ടില്‍ നടക്കുന്ന വര്‍ക്കുകള്‍ ചുറ്റിക്കണ്ടു. അവയുടെ നോട്ടുകള്‍, വര്‍ക്ക് പ്രോഗ്രസ് തയ്യാറാക്കി. കോടികളുടെ വികസനങ്ങള്‍ പട്‌ള സ്‌കൂളിലെത്തിക്കാന്‍ പിടിഎ, എസ് എം സി നേതൃത്വത്തോടൊപ്പം വാര്‍ഡ് മെമ്പറടക്കമുള്ളവരുടെ സഹായ സഹകരണങ്ങള്‍ ശരിയാംവണ്ണം ഉപയോഗപ്പെടുത്തി. പട്‌ള സ്‌കൂള്‍ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചത് ഇങ്ങനെയൊക്കെയാണ്.പ്രതിബദ്ധത, ആത്മാര്‍ത്ഥത, സാഹചര്യപ്പൊരുത്തപ്പെടല്‍, ഗുണകാംക്ഷ, തുല്യതയില്ലാത്ത നേതൃഗുണം ഇവ മുഴുവന്‍ ഒരു പോലെ സമ്മേളിച്ച  സ്ത്രീരത്‌നമെന്ന് റാണി ടീച്ചറെ വിശേഷിപ്പിച്ചാല്‍ തെറ്റാകില്ല. ടീച്ചര്‍ക്കിനി വിശ്രമത്തിന്റെ നാളുകളാണ്. ആ വിശ്രമവേളകളിലും പക്ഷെ, പട്‌ള സ്‌കൂളിനെയും പട്‌ള നാടിനെയും അവര്‍ക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല, പട്‌ളക്ക് ടീച്ചറെയും.

2013, അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്‌കൂളില്‍ വീണ്ടും ഞാനെത്തി. ടീച്ചര്‍ വിളിച്ചതാണ്. 'അസ്ലമേ, സാന്‍ നന്നായി കവിത എഴുതുമല്ലേ, അവന്റെ അധ്യാപകന്‍ വിനോദ് മാഷ് പറഞ്ഞു. ചില രചനകള്‍ എനിക്ക് കാണിച്ചു തന്നു. വിദ്യാരംഭം പ്രോഗ്രാമില്‍ അവന്റെ കവിതകള്‍ പ്രകാശനം ചെയ്യാമെന്ന് ആലോചിക്കുന്നു. എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു, പ്രതീക്ഷിച്ചതില്‍ ഭംഗിയായി വത്സന്‍ മാഷ്, റഹ് മാന്‍ തായലങ്ങാടി തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തില്‍ സാനിന്റെ 'കയ്പ്പ്' പുസ്തകം പുറത്തിറങ്ങി.

മൂന്ന് വര്‍ഷം മുമ്പ്, ജൂണ്‍, ജൂലൈയൊക്കെ കഴിഞ്ഞു കാണും. ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നപ്പോള്‍ എന്റെ നല്ലപാതിയുമൊന്നിച്ച് സ്‌കൂളിലെത്തി. ചെറിയ മോന്‍ കൂടെയുണ്ട്. സംസാരിച്ചു, ഓഫീസില്‍ നിന്ന് ഞങ്ങള്‍ പുറത്തിറങ്ങി. ടീച്ചര്‍ പിറകെ വന്നു മകനെ ചൂണ്ടി, ചോദിച്ചു -  ഇവന്‍ എത്രാം ക്ലാസിലാണ്, ഇന്ന് KG ക്ലാസില്‍ പോയില്ലേ? ഞങ്ങള്‍ പറഞ്ഞു. ഇല്ല, അവനെ സ്‌കൂളിലൊന്നും ചേര്‍ത്തില്ല. KG യില്‍ ചേര്‍ക്കാതെ അടുത്ത വര്‍ഷം നേരിട്ട് ഒന്നാം ക്ലാസില്‍ ചേര്‍ക്കാനാണ് ഞങ്ങളുടെ പ്ലാന്‍. ടീച്ചര്‍ ശാസന രൂപത്തില്‍ ഭാര്യയോട് - നാളെ ഇവന്‍ ഇവിടെ പ്രീസ്‌കൂളില്‍ വന്നിരിക്കണം. ആ കാര്‍ക്കശ്യ സ്വരത്തില്‍ എല്ലാമുണ്ടായിരുന്നു- വാത്സല്യം, ആജ്ഞ, ഗുണകാംക്ഷ.

ബഹുമാന്യ കുമാരി റാണി ടീച്ചര്‍, നാടിനൊപ്പം താങ്കള്‍ക്ക് സകൂടുംബം ഹൃദ്യമായ യാത്രാമംഗളങ്ങള്‍ നേരട്ടെ!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Aslam Mavilae, Rani Teacher retiring from Patla School
< !- START disable copy paste -->

Post a Comment