Join Whatsapp Group. Join now!

ഒഴുകുന്ന ജീവനാണ് രക്തം... 'കൈന്‍ഡ്‌നെസ്സ്' ഒരു മഹാദാനത്തിനു കളമൊരുക്കുന്നു

രക്തദാന രംഗത്ത് ജനശ്രദ്ധ പിടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന 'കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ എട്ടാമത്തെ സന്നദ്ധ രക്ത ദാന ക്യാമ്പിന് 2018 ഫെബ്രുവരി 22 ന് ദേരാ ഹയാത് Article, Blood Donation, Scania Bedira, Gulf, Dubai, Salam Kanyapady, Article, Blood Donation, Scania Bedira, Gulf, Dubai, Salam Kanyapady, 'Kindness'; Blood is the living soul
സ്‌കാനിയ ബെദിര

(my.kasargodvartha.com 22.02.2018) രക്തദാന രംഗത്ത് ജനശ്രദ്ധ പിടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന 'കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ എട്ടാമത്തെ സന്നദ്ധ രക്ത ദാന ക്യാമ്പിന് 2018 ഫെബ്രുവരി 22 ന് ദേരാ ഹയാത് റീജന്‍സിക്കു മുന്‍വശമുള്ള മഷ്‌റഖ് ബാങ്കിന്റെ പരിസരം വേദിയാകുന്നു. ഇത്തവണത്തെ മുഖ്യ രക്ഷാധികാരി 'ഗ്രാന്‍ഡ് ഗ്രൂപ്പ്' ആണ്. ഒരാള്‍ നല്‍കുന്ന 450 മില്ലി ഗ്രാം രക്തം കൊണ്ട് ചിലപ്പോള്‍ രക്ഷപ്പെടുന്നത് മൂന്നു വിലപ്പെട്ട ജീവനുകളാണെന്ന സത്യം തിരിച്ചറിഞ്ഞ രക്ത ദാതാക്കളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു കൈന്‍ഡ്‌നെസ്സിന്റെ കഴിഞ്ഞു പോയ ഏഴു ക്യാമ്പുകളിലും.

Article, Blood Donation, Scania Bedira, Gulf, Dubai, Salam Kanyapady, 'Kindness'; Blood is the living soul

സ്‌നേഹത്തിന്റെ വിശ്വലായനിയാണ് രക്തം. അത് പരസ്പരം വെട്ടിയും കുത്തിയും കൊന്നും തെരുവില്‍ ഒഴുക്കിക്കളയാനുള്ളതല്ല. ജീവന്റെ ഒറ്റമൂലിയാണത്. ഓരോ രണ്ട് സെക്കന്‍ഡിലും ലോകത്ത് ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. ഒരു വര്‍ഷം ഏകദേശം 50 കോടി യൂണിറ്റ് രക്തം ആവശ്യമുള്ളിടത്ത് മുപ്പത് ലക്ഷം യൂണിറ്റ് മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നതെന്നാണ് പറയപ്പെടുന്നത് '. പലരുടേയും ജീവന്‍ അത് കൊണ്ട് തന്നെ അകാലത്തില്‍ പൊലിഞ്ഞു പോവുകയാണ് പതിവ്.

ഈ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് പകര്‍ന്നും പ്രവര്‍ത്തിച്ചു കാണിച്ചും ഇമാറത്തിന്റെ മണ്ണില്‍ മലയാളി യുവാക്കള്‍ സൃഷ്ടിച്ച നവ മാധ്യമ കൂട്ടായ്മയാണ് 'കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീം'. ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ... എങ്കിലേ, മേലേയുള്ളവന്‍ നമ്മോട് കരുണ കാണിക്കുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന നന്മയുടെ വക്താക്കളായവരൊക്കെയും.

അവരില്‍ ഒരാളായ എന്റെ പ്രിയ മിത്രം സലാം കന്യപ്പാടി രക്തദാനമെന്ന മഹാദാനത്തിന്റെ പ്രത്യേകതകളും പോരിശകളുമായി നിരന്തരം ഇന്‍ബോക്‌സില്‍ വന്നു നിറയുകയാണ്. നിറഞ്ഞ പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും വേണ്ടി. സോക്കര്‍ ലീഗും പ്രീമിയര്‍ ലീഗും ഒണ്‍ഡേയും കളിച്ച് സായൂജ്യമടയുന്നതിന്റെ നൂറിരട്ടി അനുഭൂതി പടര്‍ത്തുന്നതാണ്, അവരെ സംബന്ധിച്ചിടത്തോളം രക്തദാനം.

''ഒഴുകുന്ന ജീവനാണ് രക്തം. അത് കൊണ്ടാണ് രക്തദാനം മഹാദാനമെന്ന് പറയുന്നത്. 'സലാം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു'.

ഒരാളെ, അയാളുടെ ആചാരാനുഷ്ടാനങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വക്കത്തുനിന്നും അടര്‍ത്തിമാറ്റി മറ്റൊരിടത്ത് പ്രതിഷ്ടിക്കുന്നതിലല്ല, മറിച്ച് നേര്‍ക്കുനേരെ പാഞ്ഞടുക്കുന്ന മരണത്തില്‍ നിന്നും തട്ടിമാറ്റി ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ നടത്തുന്നിടത്താണ് ദൈവസാന്നിദ്ധ്യം പൂത്തുപരിലസിച്ച് നില്‍ക്കുന്നത്. അങ്ങനെ കരുതാനാണ് കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കിഷ്ടം.

അവരില്‍പെട്ട മറ്റു ചിലരെ പരിചയപ്പെടുത്തട്ടെ. ഷിഹാബ് തെരുവത്ത്, റംഷൂദ് ചെട്ടുംകുഴി, സുഹൈല്‍ കോപ്പ, സുബൈര്‍ പെര്‍വാഡ്, അന്‍വര്‍ വയനാട്, ഫൈസല്‍ പട്ടേല്‍, ഷഫീഖ് പ്രിന്‍സസ്, മുനീര്‍ ഉറുമി, ഫൈസല്‍ തളങ്കര...

നന്മ പ്രസരിക്കുന്നൊരു മനസ്സും നീക്കിവെയ്ക്കാന്‍ ഒരരമണിക്കൂറും മതി ആരോഗ്യമുള്ള ഒരാള്‍ക്ക് ഈ ഒരു മഹാദാനത്തിന് മുതിരാന്‍. പുരുഷന്മാര്‍ക്ക് ഓരോ രണ്ട്  മാസം കൂടുമ്പോഴും സ്ത്രീകള്‍ക്ക് മൂന്നു മാസം കൂടുന്തോറും രക്തം ദാനം ചെയ്യാം. ഹൃദ്രോഗം, ചുഴലി ദീനം, ക്യാന്‍സര്‍ രോഗികള്‍, മാനസീകാരോഗ്യത്തിന് ചികിത്സിക്കുന്നവര്‍ ഇവരില്‍ നിന്നൊന്നും രക്തം സ്വീകരിക്കാറില്ല. കഴിയുന്നതും സന്നദ്ധ രക്തദാതാക്കളില്‍ നിന്ന് മാത്രം. സര്‍ക്കാര്‍ അംഗീകാരത്തോട് കൂടി പ്രവര്‍ത്തിക്കുന്ന രക്ത ബാങ്കുകളിലോ രക്തദാന ക്യാമ്പുകളിലോ മാത്രമേ രക്തം ദാനം ചെയ്യാന്‍ പാടുള്ളൂ. രക്ത വില്‍പനക്കാരില്‍ നിന്നുള്ള രക്തം അപകടകരമായേക്കാം. ദുബൈ ബ്ലഡ് ബാങ്ക് പ്രവര്‍ത്തകനും 'കൈന്‍ഡ്‌നസ്സി'ന്റെ വക്താക്കളിലൊരാളുമായ അന്‍വര്‍ വയനാട് വ്യക്തമാക്കുന്നു.

ഒരമേരിക്കന്‍ സര്‍വകലാശാല നടത്തിയ പഠന റിപോര്‍ട്ട് പണ്ടെന്നോ വായിച്ചതോര്‍ക്കുന്നു. അതിലവര്‍ കണ്ടെത്തിയ കാര്യം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദയസ്തംഭനം തുലോം വിരളമാണെന്നാണ്. ആര്‍ത്തവ പ്രക്രിയയിലൂടെ സ്ത്രീകളില്‍ നിന്നും അശുദ്ധ രക്തം പുറന്തള്ളപ്പെടുന്നതും പുരുഷന്മാരില്‍ പ്രകൃതി ഈ ഒരു സംവിധാനം ക്രമീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കഴിവതും രക്തദാനം ചെയ്ത് ഹാര്‍ട്ട് അറ്റാക്കുകളില്‍ നിന്നും രക്ഷപ്പെടണമെന്നുമായിരുന്നു അന്ന് ആ വായിച്ച ആ പ്രബന്ധത്തില്‍ അവര്‍ നമുക്ക് മുന്നറിയിപ്പ് തന്നത്'.

ആരോഗ്യമേഖലകളില്‍ നമ്മള്‍ അടിക്കടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍, മനുഷ്യ രക്തത്തിനു സമാനമായ മറ്റൊരു ലായനി ശാസ്ത്രത്തിന്റെ സ്വപ്നമായി മാത്രം ഇന്നും അവശേഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പ്രസവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം, പ്ലേറ്റ് ലൈറ്റ് കുറയുന്ന അവസ്ഥ, ബ്ലഡ് ക്യാന്‍സര്‍, വിളര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെ രക്തം അത്യാവശ്യം. രക്ത ബാങ്കുകളില്‍ എല്ലാ ഗ്രൂപ്പിലുംപെട്ട രക്തം ലഭ്യമാവണമെങ്കില്‍ സന്നദ്ധ രക്തദാനം നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

ഏതൊരു ജീവിതവും അഗാധമാവുന്നത് പ്രകൃതിയുടേയും മനുഷ്യരാശിയുടേയും അസ്തിത്വത്തില്‍ ആഴ്ന്നിറങ്ങി അത് സ്വയം പച്ച പിടിക്കുമ്പോഴാണ്. ജന്തുജീവിതത്തില്‍ അനിവാര്യമായ ഒരു മരണത്തെ സാമൂഹിക പ്രവര്‍ത്തനം വഴി സാധ്യമാവുന്ന നിരവധി കര്‍മങ്ങള്‍ കൊണ്ടവര്‍ കീഴടക്കുകയാണ്. സ്വന്തമായ വിധത്തില്‍ മനുഷ്യത്വത്തിലേക്കുള്ള വാതില്‍ തുറക്കുന്നവരേ, ഇന്ന് രക്തദാനം, നാളെ നേത്രദാനം, വൃക്കദാനം, ഹൃദയ ദാനം... വാങ്ങലിലും വില്‍ക്കലിലും വീഴാതെ നിവര്‍ന്നു നില്‍ക്കുന്ന മൂല്യബോധങ്ങളെക്കുറിച്ചുള്ള കരുതലും കാവലുമാണ് നിങ്ങളിലൂടെ തളിര്‍ക്കുന്നത്. എത്ര ഉയരത്തില്‍ പറക്കുമ്പോഴും സമസ്ത ജീവിതത്തെയും സാധ്യമാക്കിയ പ്രകൃതിയെയും മനുഷ്യരെയും മറക്കരുതെന്ന ഓര്‍മപ്പെടുത്തലാണ് നിങ്ങളുടെ നന്മകളിലൂടെ നിദ്രാ രഹിതമായി മിടിക്കുന്നത്. സലാം, ഷിഹാബ്, റംഷൂദ്, ഫൈസല്‍, സുഹൈല്‍, സുബൈര്‍, അന്‍വര്‍... സങ്കീര്‍ണമാകുന്ന ജീവിതത്തില്‍, ആ ജീവിതത്തെ സജീവമാക്കുന്ന എന്തിനും ഒരിടമുണ്ട്. ഇവിടെ നിങ്ങള്‍ മുമ്പേ പറക്കുന്ന പക്ഷികളാണ്.

അത്യാസന്ന നിലയില്‍പെട്ട ഒരു കൊച്ചുകുഞ്ഞിന് ആ വിഭാഗത്തില്‍പെട്ട രക്തം ആവശ്യമുണ്ടെന്ന് വാട്ട്‌സാപ്പില്‍ പ്രസിദ്ധം ചെയ്ത ഒരച്ഛന് രണ്ട് നാള്‍ കഴിഞ്ഞ് രക്തത്തിന് പകരം അതേ മെസേജ് ഫോര്‍വേഡ് രൂപത്തില്‍ തിരിച്ചു വന്ന ലോകത്ത് നിങ്ങളുടെ സേവനം ഇന്നേറെ നിലവിലില്ലാത്ത ഒരു പദം കൊണ്ട് വിശേഷിപ്പിക്കട്ടെ. 'നിസ്തുലം'.

ഇന്ന് പല ബിസിനസ്സ് സംരംഭകരും അവരുടെ വിശേഷ ദിനങ്ങള്‍ കൊണ്ടാടുന്നത് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ടാണ്. മാനവികത മുറുകെപ്പിടിക്കുന്ന സന്മനസ്സിന്റെ വക്താക്കളെല്ലാം ഇപ്പോള്‍ രക്ത ദാനത്തിന്റെ പാതയിലാണ്... ഷിഹാബ് തെരുവത്തും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല.

Keywords: Article, Blood Donation, Scania Bedira, Gulf, Dubai, Salam Kanyapady, 'Kindness'; Blood is the living soul 

Post a Comment