Join Whatsapp Group. Join now!

നാങ്കി അബ്ദുല്ല മാസ്റ്റര്‍ പകര്‍ന്ന നന്‍മയുടെ നാട്ടുവെളിച്ചം

ഗ്രാമത്തിന്റെ ഹൃദയ വിശുദ്ധി അനുഭവിച്ചറിയുകയും അതില്‍ സ്വന്തം കയ്യൊപ്പ് അടയാളപ്പെടുത്തുകയും ചെയ്ത നാങ്കി അബ്ദുല്ല മാസ്റ്റര്‍ എന്ന അപൂര്‍വ്വ വ്യക്തിത്വം കാലത്തിനു ഒരുപടി Kerala, Article, Remembrance of Nangi Abdulla Master
അനുസ്മരണം/ ഹാഷിര്‍ കൊടിയമ്മ

(my.kasargodvartha.com 24.12.2017) ഗ്രാമത്തിന്റെ ഹൃദയ വിശുദ്ധി അനുഭവിച്ചറിയുകയും അതില്‍ സ്വന്തം കയ്യൊപ്പ് അടയാളപ്പെടുത്തുകയും ചെയ്ത നാങ്കി അബ്ദുല്ല മാസ്റ്റര്‍ എന്ന അപൂര്‍വ്വ വ്യക്തിത്വം കാലത്തിനു ഒരുപടി മുമ്പേ ഇത് വഴി കടന്നു പോയിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമായി തീരേണ്ടതായിരുന്നുവെന്നു വേണം വിലയിരുത്താന്‍.

പോയ വഴികളൊക്കെ സ്നേഹത്തിന്റെയും, നന്മയുടെയും പൂമരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് 2008 മെയ് 23ാം തീയ്യതി കുമ്പളയുടെ സ്വന്തം നാങ്കി മാസ്റ്റര്‍ നമ്മെ വിട്ടു പിരിഞ്ഞു പോയത്.മണ്ണിനു പോലും നോവരുതെന്നു കരുതി വഴിയോരം ചേര്‍ന്ന് നടന്ന നാങ്കി മാഷെ കുമ്പളയില്‍ അറിയാത്തവരായി അക്കാലത്താരുമുണ്ടാവില്ല. കുട്ടികള്‍ക്ക് മുന്നില്‍ സ്നേഹ സ്വരൂപനായ   മനസ്സ് തൊട്ടറിഞ്ഞ അദ്ധ്യാപകന്‍, നാട്ടുകാര്‍ക്ക് സൗഹൃദത്തിന്റെ തേന്‍ കനിയുന്ന മനസുള്ള നല്ല കൂട്ടുകാരന്‍, പൊതുപ്രവര്‍ത്തകര്‍ക്ക് ഭാഷാ സംഗമ ഭൂമിയില്‍ മലയാളത്തിലെയും, കന്നടയിലെയും നിരവധി പത്രങ്ങളുടെ ലേഖകന്‍, സഹപ്രവര്‍ത്തകര്‍ക്ക് അധ്യാപക യൂണിയന്‍ നേതാവ്, കുടുംബങ്ങള്‍ക്ക് കൊതിച്ചുപോകുന്ന സ്നേഹലാളനകള്‍ ചൊരിഞ്ഞു നല്‍കുന്ന ഗൃഹനാഥന്‍ തുടങ്ങിയ വിശേഷണങ്ങളൊക്കെ നാങ്കി മാസ്റ്റര്‍ക്ക് അര്‍ഹമായിരുന്നു.

നാങ്കി മാസ്റ്ററുടെ നാള്‍വഴികളിലെ ഓര്‍മ്മകള്‍ പതിറ്റാണ്ട് കഴിഞ്ഞിട്ടും നിറം മങ്ങുന്നില്ല. ഒരു മനുഷ്യ ജന്മം എങ്ങിനെയാണ് കൃതാര്‍ത്ഥമാകേണ്ടതെന്നു മാഷ് സ്വന്തം ജീവിതം കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു.  അക്ഷരം പഠിപ്പിക്കുന്ന മാഷ് മാത്രമായിരുന്നില്ല മറിച്ചു മറ്റുള്ളവര്‍ക്ക് പഠിക്കാനുള്ള പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തന്നെ. തന്റെ അറിവിനെ സമൂഹനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് വേണം പറയാന്‍.

നല്ല അധ്യാപകര്‍ ഇല്ലാതാവുന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദോഷം. പുതുതലമുറ തിന്മയിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ സ്വയം മാതൃകയാവാന്‍ ഇന്നിന്റെ അധ്യാപകര്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ഇവിടെയാണ് നാങ്കി അബ്ദുല്ല മാഷിനെപ്പോലൊരു അധ്യാപകന്റെ ജീവിതവും സേവനവും പ്രസക്തമാവുന്നത്. പാഠം പറഞ്ഞു കൊടുത്തു തന്റെ ദൗത്യം പൂര്‍ത്തിയാക്കി ക്ലാസില്‍ നിന്നു ഇറങ്ങിപ്പോകുക എന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സ്വയം ഒരു പാഠപുസ്തകമാവാനായിരുന്നു നാങ്കി മാസ്റ്റര്‍ ശ്രമിച്ചത്.

വിദ്യാഭ്യാസത്തെ കുറിച്ച് വലിയ അവബോധമില്ലാത്ത ഒരു കാലത്തായിരുന്നു നാങ്കി മാസ്റ്റര്‍ വിദ്യാഭ്യാസത്തിന്റെ അംബാസഡര്‍ ആയത്. അതും കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍. ഒരു നാടിനെ അറിവിലേക്ക് നയിക്കാന്‍ ആ മനുഷ്യന്‍ എത്രമാത്രം പാടുപെട്ടിട്ടുണ്ടാകുമെന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. അധ്യാപനത്തെ സാമൂഹ്യസേവനമായി കണ്ട് നാങ്കി മാസ്റ്റര്‍ തുച്ഛമായ വരുമാനത്തിന് മുന്നില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടിരുന്നുവെന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കാലം ചെല്ലുന്തോറും ഈ മനുഷ്യന്റെ ചരിത്രത്തിന് തിളക്കമേറും എന്നതില്‍ സംശയമില്ല.

തന്റെ ആയുസിന്റെ അരനൂറ്റാണ്ട് കാലം ജനസേവനത്തിന്നായി പ്രവര്‍ത്തിച്ചു ഒപ്പം നാട്ടിലെ ഓരോ ചലനങ്ങളും പത്രമാധ്യമങ്ങള്‍ക്കെത്തിച്ചു കൊടുക്കാനും മാഷ് സമയം കണ്ടെത്തിയിരുന്നു. അതൊരു സാമൂഹ്യ സേവനമായിരുന്നു, ഒരു പൈസ പോലും കൈപറ്റാതെയുള്ള സാമൂഹ്യ സേവനം. മായിപ്പാടി, സീതാംഗോളി, ബേള, കുമ്പള എന്നിങ്ങനെ പ്രാദേശിക സ്ഥലനാമങ്ങള്‍ വായിച്ചറിഞ്ഞത് പലപ്പോഴും അബ്ദുല്ല മാഷിന്റെ വാര്‍ത്തകളിലൂടെയായിരുന്നു. വിവാദങ്ങള്‍ക്ക് അവിടെ ഇടമുണ്ടായിരുന്നില്ല. സ്വഭാവഹത്യ തട്ടിത്തെറിച്ചിരുന്നില്ല. മനുഷ്യന്‍ കൂട്ടുകൂടുന്നതും, സമൂഹത്തെ ചലിപ്പിക്കുന്നതുമായിരുന്നു മാഷിന്റെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നത്.

മാഷ് വിട്ടുപിരിഞ്ഞിട്ട് ഒന്‍പതാണ്ടു കഴിയുമ്പോള്‍ കുമ്പളയുടെ ജനമനസുകളില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ജാതിമത ഭേദമന്യേ അനേകമാളുകളുടെ സ്നേഹാദരങ്ങള്‍ സമ്പാദിക്കാന്‍ നാങ്കി അബ്ദുല്ല മാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ ജീര്‍ണ്ണതകളെയും, അന്ധവിശ്വാസ, അനാചാരങ്ങളെയും ഇല്ലാതാക്കാന്‍ അദ്ദേഹം സ്വന്തം നിലക്ക് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും മതസൗഹാര്‍ദ്ദവും, മാനവ ഐക്യവും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വിലപ്പെട്ടതായിരുന്നു.
 Kerala, Article, Remembrance of Nangi Abdulla Master


Keywords: Kerala, Article, Remembrance of Nangi Abdulla Master
< !- START disable copy paste -->

Post a Comment