Join Whatsapp Group. Join now!

സമൂഹത്തിലെ അപചയങ്ങളെ പ്രതിരോധിക്കാന്‍ കരുത്താര്‍ജ്ജിക്കണം: പി എന്‍ സുരേഷ്

ക്ഷേത്രസങ്കല്‍പങ്ങളിലെ അജ്ഞതയാണ് ഓരോ മനുഷ്യനിലുമുള്ള ആത്മീയതേജസ് നഷ്ടപ്പെടുത്തുന്നതെന്ന് എന്‍ എസ് എസ് രജിസ്ട്രാറും കേരള കലാമണ്ഡലം മുന്‍ Kerala, News, Nair Service Society, NSS Kanhangad zone conference conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 05.11.2017) ക്ഷേത്രസങ്കല്‍പങ്ങളിലെ അജ്ഞതയാണ് ഓരോ മനുഷ്യനിലുമുള്ള ആത്മീയതേജസ് നഷ്ടപ്പെടുത്തുന്നതെന്ന് എന്‍ എസ് എസ് രജിസ്ട്രാറും കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലറുമായ പി എന്‍ സുരേഷ്. ആധ്യാത്മികതയെ വിനോദസഞ്ചാരമാക്കാന്‍ പാടില്ല. പില്‍ഗ്രിം ടൂറിസം എന്ന വാക്കു തന്നെ തെറ്റാണ്. വിനോദസഞ്ചാരം ഒരിക്കലും തീര്‍ത്ഥാടനമല്ല. തീര്‍ത്ഥാടനം വിനോദസഞ്ചാരവുമല്ല. ക്ഷേത്രങ്ങളെ വരുമാനസ്രോതസുകളായി മാത്രം കാണുന്ന ദേവസ്വം ബോര്‍ഡും അധികാരികളും ക്ഷേത്രങ്ങളെ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്ന പൂജാരിമാരുമൊക്കെയാണ് ക്ഷേത്രങ്ങളുടെ ആധ്യാത്മികചൈതന്യത്തിനും പരിപാവനതയ്ക്കും കളങ്കമേല്‍പ്പിക്കുന്നതെന്ന് പി എന്‍ സുരേഷ് പറഞ്ഞു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കാലഘട്ടങ്ങളിലും സമൂഹത്തിലുണ്ടാകുന്ന അപചയങ്ങളെ പ്രതിരോധിക്കാനുള്ള ആര്‍ജ്ജവം സമുദായംഗങ്ങള്‍ക്കുണ്ടാകണം. സമുദായത്തിന്റെ വൈഭവത്തിന് മൂല്യശോഷണം വരുത്തുന്ന യാതൊന്നുമായും സന്ധി ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി യു ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ എ ബാലകൃഷ്ണന്‍ നായര്‍, കണ്ണൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പത്മനാഭന്‍ നമ്പ്യാര്‍, എന്‍ എസ് എസ് പ്രതിനിധിസഭാംഗം പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി ആര്‍ മോഹന്‍കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡണ്ട് ടി വി സരസ്വതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ കെ പി ശ്രീകുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തിനു മുമ്പായി കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറു കണക്കിന് സ്ത്രീകളടക്കം അണിനിരന്നു. സി കെ വേണുഗോപാലന്‍ നമ്പ്യാര്‍, ശ്രീധരന്‍ നായര്‍, തമ്പാന്‍ നായര്‍, പി ദിവാകരന്‍ നായര്‍, കെ ശശിധരന്‍ നായര്‍, പി കുഞ്ഞമ്പുനായര്‍, എന്‍ ബാലകൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, പി ശശിധരന്‍ നായര്‍, ഗംഗാധരന്‍ നായര്‍, പി വി സി നമ്പ്യാര്‍, കരുണാകരന്‍ നായര്‍, നാരായണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കാഞ്ഞങ്ങാട് മേഖലയില്‍ ഉള്‍പ്പെടുന്ന കോട്ടച്ചേരി, കാഞ്ഞങ്ങാട് സൗത്ത്, അജാനൂര്‍, പടിഞ്ഞാറേക്കര, നെല്ലിക്കാട്, മാവുങ്കാല്‍, തടത്തില്‍, ഹരിപുരം, ബല്ല, കൊടവലം, കൊടവലം തെക്ക്, മീങ്ങോത്ത്, ബാലൂര്‍ ലാലൂര്‍, ക്ലായി പൊടവടുക്കം, ബേളൂര്‍ നായര്‍ യോഗക്ഷേമസഭ എന്നീ കരയോഗങ്ങളുടെ സംയുക്തസമ്മേളനമാണ് കാഞ്ഞങ്ങാട്ട് നടന്നത്.

രാവിലെ താലൂക്ക് യൂണിയന്‍ ഓഫീസില്‍ എന്‍ എസ് എസ് രജിസ്ട്രാര്‍ പി എന്‍ സുരേഷിന് സ്വീകരണം നല്‍കി. താലൂക്ക് യൂണിയനു കീഴിലുള്ള കരയോഗം ഭാരവാഹികളും വനിതാസംഘം ഭാരവാഹികളും സ്വയംസഹായസംഘം പ്രതിനിധികളും പങ്കെടുക്കുന്ന പ്രവര്‍ത്തകയോഗം രജിസ്ട്രാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nair Service Society, NSS Kanhangad zone conference conducted

Post a Comment