ഉദുമ:(my.kasargodvartha.com 27/10/2017) ഒരു ഒറ്റയാള്‍ നാടകത്തിന് പ്രേക്ഷകരാകെ എഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുക', നാടകത്തിന്റെ ശക്തി എന്താണെന്ന് ബോധ്യമാക്കുക, അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം പാക്കത്തുണ്ടായത്. ഇരുന്നുണ്ണുന്ന ചോറിലും, ശ്വസിക്കുന്ന വായുവിലും, ഉടുക്കുന്ന വസ്ത്രത്തിലും എവിടെയും ഫാസിസം കയറി വരുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് സിപിഎം പാക്കം ലോക്കല്‍ കമ്മിറ്റി പാക്കത്ത് സംഘടിപ്പിച്ച വേദിയില്‍ ഹരി ശില്‍പിയുടെ ഈ ഒറ്റയാള്‍ നാടകം അരങ്ങേറിയത്.
വിഖ്യാത എഴുത്തുകാരന്‍ അയനസ്‌ക്കോയുടെ 'കാണ്ടാമൃഗം' എന്ന കൃതിയാണ് ഏകപാത്ര നാടകമായി ഹരി രംഗത്തെത്തിച്ചത്. പത്മനാഭന്‍ എന്ന് പേരുളള ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതോടെയാണ് നാടകത്തിന്റെ തുടക്കം. താന്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പ്രേക്ഷകരോട് പലതരം കഥാപാത്രങ്ങളിലൂടെ പത്മനാഭന്‍ സംവദിക്കുന്നു.
ചരിത്രത്തെ മാറ്റിമറിക്കാന്‍ വിദ്യാലയങ്ങളിലും, പുസ്തക താളുകളിലും ഹിന്ദുത്വവല്‍ക്കരണം എങ്ങനെ നടത്താം എന്ന ഫാസിസത്തിന്റെ ഗൂഡ പദ്ധതിയാണ് നാടകത്തിന്റെ ഒന്നാം ഭാഗം. പിന്നീട് കല്‍ബുര്‍ഗി വധം, രോഹിത് വെമൂലയുടെ രക്തസാക്ഷിത്വം എന്നിവയിലൂടെ നാടകം മുന്നേറുന്നു. ഇത്തരം അവസ്ഥകള്‍ ഇന്ത്യയില്‍ രൂപപ്പെടുമ്പോള്‍ നമ്മള്‍ പ്രതികരിക്കണമെന്നും, നിങ്ങളുടെ അടുക്കളയിലേക്കും ഫാസിസം എത്താമെന്നും നാടകം ഓര്‍മപ്പെടുത്തുന്നു.
ഇത് ദുഷിച്ച കാലമാണ്, ഈ കാലത്തിനെതിരെ ഒറ്റയ്‌ക്കൊ അല്ലാതെയൊ നമ്മള്‍ സമരം നടത്തിയില്ലെങ്കില്‍ കാണ്ടാമൃഗത്തിന്റെ പിടിയില്‍ അകപ്പെട്ടു പോകുമെന്ന മുന്നറിയിപ്പോടെ നാടകം അവസാനിക്കുന്നു.
ഗോപി കുറ്റിക്കോലാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വിനോദ് കരുവാക്കോടിന്റേതാണ് സംഗീതം. മഹേഷ് മിഴി കലയും, അജിത്ത്, ശ്രീനാഥ് നാരായണന്‍, നിശാന്ത് കരുവാക്കോട് എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Drama, CPM, Fascism, Schools, Books, 'Kandamrugham' solo drama performed