Join Whatsapp Group. Join now!

ഭെല്‍ ഇ എം എല്‍ ഏറ്റെടുക്കല്‍ വൈകിപ്പിച്ച് കമ്പനിയെ തകര്‍ക്കരുത്: എസ് ടി യു

ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ എം എല്‍ കമ്പനി കൈയൊഴിയുന്നതായി കേന്ദ്രസര്‍ക്കാരും, ഏറ്റെടുക്കുമെന്ന് കേരള സര്‍ക്കാരും പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും STU, Kerala, News, Bhel EML issue: STU against government.
കാസര്‍കോട്: (my.kasargodvartha.com 04.10.2017) ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ എം എല്‍ കമ്പനി കൈയൊഴിയുന്നതായി കേന്ദ്രസര്‍ക്കാരും, ഏറ്റെടുക്കുമെന്ന് കേരള സര്‍ക്കാരും പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിച്ചു കമ്പനിയെ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ഭെല്‍ ഇ എം എല്‍ ഇന്‍ഡിപ്പെന്‍ഡന്റ് എംപ്ലോയീസ് യൂണിയന്‍ (എസ് ടി യു) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.


കൊടുത്തുതീര്‍ക്കാനുള്ള 38 കോടി രൂപയുടെ ഓര്‍ഡര്‍ കൈയിലുണ്ടായിട്ടും, ശ്രമിച്ചാല്‍ അതിലധികം ഓര്‍ഡര്‍ കിട്ടുമെന്നുറപ്പുണ്ടായിട്ടും കമ്പനി നടത്തിക്കൊണ്ടുപോകാന്‍ അറിയാത്ത മാനേജ്‌മെന്റും, തിരിഞ്ഞു നോക്കാത്ത ഭെല്‍ അധികൃതരും വാഗ്ദാനങ്ങള്‍ കൊണ്ടും വാചകമടി കൊണ്ടും കൈയടി നേടാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുന്ന നാടകമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2016 ഓഗസ്റ്റ് മാസത്തിലാണ് കമ്പനിയുടെ ഓഹരികള്‍ കയ്യൊഴിയാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള ആദ്യത്തെ കത്ത് കേന്ദ്രത്തില്‍ നിന്നും കേരള മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.

തുടര്‍ന്നു മൂന്നു കത്തുകള്‍ കൂടി കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ല. തൊഴിലാളി സംഘടനകളുടെയും ബഹുജനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും, ജനപ്രതിനിധികളുടെ സമ്മര്‍ദങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രമേയങ്ങളുടെയും ഫലമായി 2017 ജൂണ്‍ 12ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ രണ്ടാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. കോടികളുടെ ഓര്‍ഡറുകള്‍ കൊടുത്തുതീര്‍ക്കാന്‍ ആകാതെ പിഴ അടക്കേണ്ടി വരുന്ന കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച വ്യവസായ വകുപ്പ് മന്ത്രിയും അധികാരികളും കണ്ണുപൊത്തിക്കളി ഇപ്പോഴും തുടരുകയാണ്.

കെല്ലിന്റെ ഏറ്റവും വലുതും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ കാസര്‍കോട് യൂണിറ്റിനെ കേവലം പത്തര കോടി രൂപ വില കണക്കാക്കി ആരോടും ചര്‍ച്ച നടത്താതെ തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് ഭെല്ലിന് കൈമാറി ഭരണനേട്ടമായി ആഘോഷിച്ചത് 2011 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. ഇപ്പോള്‍ കെല്ലിനെക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തുച്ചമായ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന മാനേജ്‌മെന്റിന് കഴിയുന്നില്ല.

തൊഴിലാളി സംഘടനകളുടെ നിരന്തര സമരങ്ങളുടെ ഫലമായി മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ശമ്പളവര്‍ധന കരാര്‍ കാലാവധി കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. റെയില്‍വേക്കും, പ്രതിരോധ വകുപ്പിനും ആവശ്യമായ തന്ത്രപ്രധാന ഉത്പന്നങ്ങള്‍ നിര്‍മിച്ചിരുന്ന ജില്ലക്ക് അഭിമാനമായിരുന്ന വ്യവസായ സ്ഥാപനം നാശത്തിലേക്കു നീങ്ങുന്നത് നോക്കിനില്‍ക്കാതെ ഏറ്റെടുക്കല്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി, സെക്രട്ടറിമാരായ അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം മുനീര്‍ഹാജി പ്രസംഗിച്ചു.

ഭാരവാഹികളായി ചെര്‍ക്കളം അബ്ദുല്ല (പ്രസിഡന്റ്), എ അബ്ദുര്‍ റഹ് മാന്‍ (വര്‍ക്കിങ് പ്രസിഡന്റ്), പി എം അബ്ദുല്‍ റസാഖ്, ടി പി മുഹമ്മദ് അനീസ് (വൈസ് പ്രസിഡന്റ്), കെ പി മുഹമ്മദ് അഷ്‌റഫ് (ജനറല്‍ സെക്രട്ടറി), സി അബ്ദുല്‍ റഷീദ്, ബി എസ് അബ്ദുല്ല, പി കൃഷ്ണന്‍ (സെക്രട്ടറിമാര്‍), ടി അബ്ദുല്‍ മുനീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: STU, Kerala, News, Bhel EML issue: STU against government.

Post a Comment