Join Whatsapp Group. Join now!

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ 13-ാം വാര്‍ഷികാഘോഷം ആറിന്

കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ 13-ാം വാര്‍ഷികാഘോഷം 'ബദര്‍ അല്‍ സമ കാസര്‍കോട് ഉത്സവ് Gulf, Celebration, Kasaragod Expatriates Association, 13th anniversary celebration
കുവൈത്ത് സിറ്റി: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ 13-ാം വാര്‍ഷികാഘോഷം 'ബദര്‍ അല്‍ സമ കാസര്‍കോട് ഉത്സവ് 2017' ഒക്ടോബര്‍ ആറിന് രാവിലെ 10 മണി മുതല്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടക്കും.


കഴിഞ്ഞ 13 വര്‍ഷങ്ങളിലായി കുവൈത്തിലെയും നാട്ടിലെയും സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് കുവൈത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട ജില്ലാ അസോസിയേഷനില്‍ ഒന്നായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി നല്‍കിയ സഹായ പദ്ധതി, കഴിഞ്ഞ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണത്തിന്റെ ഭാഗമായി നൂറോളം കുടുംബങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തെ റേഷന്‍ സംവിധാനം, നാട്ടിലെ രോഗികളെ സഹായിക്കല്‍ തുടങ്ങിയവ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

10 -ാം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും കഴിഞ്ഞ രണ്ടു വര്‍ഷമായി നല്‍കി വരികയാണ്. അംഗങ്ങളില്‍ ആരെങ്കിലും മരിക്കുകയാണെങ്കില്‍ അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി സുരക്ഷാ ഫണ്ട്, രോഗികളായ മെമ്പര്‍മാര്‍ക്ക് സാമ്പത്തിക സഹായം, പ്രവര്‍ത്തകര്‍ക്ക് ലോണ്‍ സംവിധാനം തുടങ്ങിയ നിരവധി പ്രവത്തനങ്ങളാണ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

അസോസിയേഷന്റെ എല്ലാ പരിപാടികളുടെയും പിറകില്‍ ഒരു പ്രത്യേക ദൗത്യം വെച്ച് കൊണ്ടാണ് നടപ്പിലാക്കുന്നത്. ഈ വര്‍ഷവും ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മൊബൈല്‍ ഫ്രീസര്‍ സംവിധാനം നല്‍കാനും തെരഞ്ഞെടുക്കപ്പെട്ട ബഡ്‌സ് സ്‌കൂളുകള്‍ക്ക് അവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ബദര്‍ അല്‍ സമ കാസര്‍കോട് ഉത്സവ് 2017 ലൂടെ മുമ്പോട്ട് വെക്കുന്നത്. ഇതിന്റെ പ്രചരണാര്‍ത്ഥം നാട്ടില്‍ നിന്നും വരുന്ന പ്രശസ്ത പിന്നണി ഗായകരായ അന്‍വര്‍ സാദാത്ത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത നര്‍ത്തകി ദീപ സന്തോഷ് മംഗളൂരു അവതരിപ്പിക്കുന്ന ഭരതനാട്യം, കൂടെ കുവൈത്തിലെ കലാകാരന്മാരുടെ ഒപ്പന, തിരുവാതിരക്കളി, ഡാന്‍സ് കാസര്‍കോട് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ അരങ്ങേറും.

രാവിലെ 10 മണിക്ക് പൂക്കള മത്സരം ആരംഭിക്കും. 12 മണി മുതല്‍ പായസ മത്സരം, അഞ്ചു മണിക്ക് മൈലാഞ്ചി ഇടല്‍ മത്സരം. എല്ലാ മത്സരങ്ങള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ആറു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാസര്‍കോട് ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ലത്വീഫ് ഉപ്പളയെ ആദരിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, പ്രസിഡന്റ് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ്‌സ് ഇന്‍ കുവൈത്ത് അഷ്‌റഫ് അയ്യൂര്‍, കെ ഇ എ വൈസ് ചെയര്‍മാന്‍ സലാം കളനാട്, കാസര്‍കോട് ഉത്സവ് 2017 ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍ നാസര്‍ പി എ, ജോയിന്റ് കണ്‍വീനര്‍മാരായ നളിനാക്ഷന്‍, നാസര്‍ ചുള്ളിക്കര, നൗഷാദ് തിടില്‍, മീഡിയ കണ്‍വീനര്‍ സമീഉല്ല കെ വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords: Gulf, Celebration, Kasaragod Expatriates Association, 13th anniversary celebration.

Post a Comment