Join Whatsapp Group. Join now!

വിടവാങ്ങിയത് ലാളിത്യം മുഖമുദ്രയാക്കിയ ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷ്

ഒരു കൈവിരലുകളില്‍ കൂടുതലുള്ള അധ്യാപകരുടെ കീഴില്‍ പഠനം തുടരാന്‍ ഭാഗ്യം ലഭിക്കാത്തവനാണ് ഞാന്‍. സാഹചര്യം എന്നെ മൂന്നാം തരത്തില്‍ നിന്നും, നാലാംതരത്തിലേക്ക് പാസായപ്പോള്‍ 'മതി നിന്റെ പഠിപ്പ്' എന്ന് കേള്‍ക്കേണ്ടിArticle, Kerala,
എ ബെണ്ടിച്ചാല്‍
(my.kasargodvartha.com 08.08.2019) ഒരു കൈവിരലുകളില്‍ കൂടുതലുള്ള അധ്യാപകരുടെ കീഴില്‍ പഠനം തുടരാന്‍ ഭാഗ്യം ലഭിക്കാത്തവനാണ് ഞാന്‍. സാഹചര്യം എന്നെ മൂന്നാം തരത്തില്‍ നിന്നും, നാലാംതരത്തിലേക്ക് പാസായപ്പോള്‍ 'മതി നിന്റെ പഠിപ്പ്' എന്ന് കേള്‍ക്കേണ്ടി വന്നതുകൊണ്ടായിരുന്നു അത്.

ഞാന്‍ സ്‌കൂളില്‍ ചേരാന്‍ തന്നെ കാരണം 1966-67കളില്‍ തെക്കില്‍ പറമ്പ ജി യു പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഗോപാലകൃഷ്ണന്‍ മാഷാണ്. ഇദ്ദേഹമിപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്തോ.

പന്ത്രണ്ട് വയസുള്ള എന്നെ ഗോപാലകൃഷ്ണന്‍ മാഷ് രജിസ്റ്റര്‍ ബുക്കില്‍ പേര് ചേര്‍ക്കാതെ തന്നെ രണ്ടാം ക്ലാസില്‍ ഇരുത്തി. അദ്ദേഹം തന്നെ സ്‌കൂളിന് അടുത്തുള്ള ആലിന്‍ ചുവട്ടില്‍ രണ്ടാം ക്ലാസുകാരെ എല്ലാം കൊണ്ടുപോയി ആദ്യമായ് ഒരു പദ്യം പഠിപ്പിച്ചു.

'തൂമാ തൂകുന്ന തൂമരങ്ങള്‍
തോളും തോളുമുരുമ്മി നിന്നു.
കണ്ണൂകക്കുന്ന പൂവല്ലികള്‍
മന്നില്‍ തൂമണം വീശി നിന്നു.
ഓളം തല്ലുന്നവന്‍ പുഴകള്‍...' ഇതായിരുന്നു ആ പദ്യം.

പന്ത്രണ്ട് വയസ്സ് പ്രായം ഉണ്ടായിരുന്ന എന്നെ രണ്ട് വയസ്സ് കുറച്ചു കൊണ്ട് ഗോപാലകൃഷ്ണന്‍ മാഷ് എന്നെ മൂന്നാം തരത്തില്‍ ചേര്‍ത്തു. അപ്പോഴേക്കും ഗോപാലകൃഷ്ണന്‍ മാഷിന് സ്ഥലമാറ്റം കിട്ടി. യാത്ര പറഞ്ഞ് പോകുമ്പോള്‍ എന്റെ കരച്ചിലിനൊപ്പം സ്‌കൂളിലെ കുട്ടികളുടെ മൊത്തം കൂട്ടക്കരച്ചിലുകളായിരുന്നു.

അതിനു ശേഷം വന്ന പ്രധാന അധ്യാപകനാണ് പരവനടുക്കം സ്വദേശിയായ ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷ്. അന്ന് മാഷ് പരവനടുക്കത്തില്‍ നിന്നും എട്ട് കിലോമീറ്ററിലധികം നടന്നാണ് തെക്കില്‍ പറമ്പ സ്‌കൂളില്‍ എത്താറുണ്ടായിരുന്നത്. നീണ്ടു നിവര്‍ന്ന ആളായതുകൊണ്ട് മാഷിന്റെ കൂടെ ഒരു വിധം ആര്‍ക്കും കൂടെ നടന്നെത്താന്‍ പറ്റുമായിരുന്നില്ല. ഒരോ കാല്‍വെപ്പും വളരെ വേഗത്തിലും, ദൂരങ്ങളിലേക്കുമായിരുന്നു.


ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷിന്റെ ആള്‍ക്കൂട്ടങ്ങളിലെ തലയെടുപ്പ് ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പെട്ടെന്ന് ആദ്യമായ് ആരു കണ്ടാലും ഭയപ്പെടുന്നതായിരുന്നു മാഷിന്റെ നോട്ടം പോലും. ആ നോട്ടം എപ്പോഴും കുട്ടികളുടെ പിറകില്‍ തന്നെയുണ്ടാകും. ഉദാഹരണത്തിന് അന്ന് കുട്ടികള്‍ക്ക് ഉച്ചയ്ക്ക് നല്‍കാറുണ്ടായിരുന്നസജ്ജികവാങ്ങി കഴിച്ചിരുന്നത് ആലിലകളിലാണ്. ആല്‍മരം സ്ഥിതി ചെയ്തിരുന്നത് ഒരു കുളത്തിന്റെ കരയിലാണ്. കുളമാണങ്കില്‍ ഒന്നു രണ്ടു പേര്‍ മുങ്ങി മരിച്ചതുമാണ്. ഇലകള്‍ക്കായി പോകുന്ന കുട്ടികളുടെ പിറകെ തന്നെ പോവുക എന്നത് ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷിന്റെ മാത്രം കുട്ടികളെ കുറിച്ചുള്ള സുരക്ഷ ബോധമായിരുന്നു.

എന്റെ നാട്ടില്‍ നിന്നും എന്നെ കൂടാതെ ബോംബയില്‍ ബിസിനസ് ഉണ്ടായിരുന്ന പരേതനായ കീഴൂര്‍ മുഹമ്മദ് കുഞ്ഞി എന്ന കെ എം കുഞ്ഞിയുടെ മകനും, മരുമക്കളും പഠിച്ചിരുന്നത് തെക്കില്‍ പറമ്പ സ്‌കൂളില്‍ തന്നെയാണ്. കെ എം കുഞ്ഞി നാട്ടിലുള്ളപ്പോള്‍ ഞങ്ങളെ അദ്ദേഹം സ്വന്തം ഫീയറ്റ് കാറില്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതാണ് പതിവ്. പോകുന്ന വഴിക്ക് ചിലപ്പോള്‍ ജനാര്‍ദനന്‍ മാഷിനെയും കിട്ടാറുണ്ട്.

ഞാന്‍ പഠനം നിര്‍ത്തേണ്ടി വന്നതില്‍ മാഷിന് വളരെയധികം വേദനയുണ്ടായിരുന്നു. കാണുമ്പോഴൊക്കെ മാഷിന് എന്നോട് പറയാനുണ്ടായിരുന്നത്, 'നീ നന്നായി വായിക്കണം; വായന നിന്റെ ചങ്ങാതിയായിരിക്കണം' എന്നായിരുന്നു.

രാമു കാര്യാട്ടിനെ കുറിച്ച് ആരോ എഴുതിയത് പോലെ മലയുടെ ലാളിത്വമുള്ള വലിയ മനുഷ്യനായിരുന്നു ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷ്. എത്ര കുരുത്തക്കേട് കാണിക്കുന്ന കുട്ടികളായിരുന്നാല്‍ പോലും മാഷ് ആരെയും തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ല. മാഷിന്റെ കണ്ണ് മിഴിച്ചു കൊണ്ടുള്ള നോട്ടം തന്നെയായിരുന്നു തല്ലിനു പകരമുള്ള പ്രയോഗം.

എന്റെ കൂടെ പഠിച്ച ലക്ഷ്മിക്ക് മാഷെ കുറിച്ച് പറയാനുള്ളത്, ഒരു ദിവസം സ്‌കൂള്‍ വിട്ടപ്പോള്‍ പെരുമഴ. കുടയില്ല. എല്ലാ കുട്ടികളും അവരവരുടെ വീടുകളിലേക്ക് കുടകള്‍ ചൂടി പോയിക്കഴിഞ്ഞിരുന്നു. സ്‌കൂളില്‍ ഞാനും, അധ്യാപകരും മാത്രം ബാക്കി. എന്റെ പക്കല്‍ കുടയില്ലന്ന് മനസ്സിലാക്കിയ ജനാര്‍ദനന്‍ മാഷ് അദ്ദേഹത്തിന്റെ കുടക്കീഴില്‍ എന്നെ ചേര്‍ത്തു പിടിച്ച് കൊണ്ട് മൂന്ന് കിലോമീറ്ററോളം ദൂരത്തുള്ള എന്റെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഭാവി തലമുറകളോട്ഉള്ളഴിഞ്ഞ സ്‌നേഹം പ്രകടിപ്പിച്ച അധ്യാപകനായിരുന്നു ജനാര്‍ദനന്‍ നമ്പ്യാര്‍ മാഷ്. മാഷിന്റെ മരണവാര്‍ത്ത ഞാന്‍ ലക്ഷ്മിയോട് പറഞ്ഞപ്പോള്‍ ലക്ഷമി തലയില്‍ കൈവെച്ചുകൊണ്ട് ഒരു നിലവിളി, 'എന്റെ ദൈവമേ...'

അധ്യാപകര്‍ കുട്ടികളാകുന്ന മുട്ടകളില്‍ അറിവ് വിടരാന്‍ അടയിരിക്കുന്ന പിടക്കോഴികളെ പോലെ ആയിരിക്കണമെന്ന ഉത്തമ ഉദാഹരണമായിരുന്നു ജനാര്‍ദനന്‍ മാഷ്. മാഷിനെ കുറിച്ച് ചിന്തിക്കുന്തോറും കൊഴിയാത്ത സുഗന്ധ പുഷ്പങ്ങള്‍ ഹൃദയവാടിയില്‍ വിരിഞ്ഞു കൊണ്ടിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Article, Kerala, Remembrance of retired teacher C Janardhanan

Post a Comment