● ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചതും വളർന്നതുമായ ഓർമകൾ ലേഖനത്തിൽ പങ്കുവെക്കുന്നു
● പദവികളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ നാടിന്റെ വികസനത്തിനായി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം
അസ്‌ലം മാവില
(MyKasargodVartha) ഉമ്മ പറയാറുണ്ട്; വയസ്സിൽ ഞങ്ങൾക്ക് മൂന്ന് മാസത്തിൻ്റെ വ്യത്യാസം മാത്രമെന്ന്. നമ്മുടെ ബന്ധത്തിൻ്റെ കഥ ഇങ്ങനെയാണ്: മുണ്ടക്കര മുഹമ്മദിൻ്റെ മക്കളായ മുണ്ടക്കര അബൂബക്കർ ഹാജി, മുണ്ടക്കര സൽമാൻ ഹാജി, ആസിയ മുണ്ടക്കര. എം എ മജീദിൻ്റെ ഉമ്മയായ ആസിയ (ഞാനും ഉമ്മയും പറയുന്ന ഉമുവ) മുണ്ടക്കര അബൂബക്കർ ഹാജിയുടെ മകളാണ്. അതേ അബൂബക്കർ ഹാജിയുടെ സഹോദരിയുടെ മകളാണ് എൻ്റെ ഉമ്മ മറിയം. അതുകൊണ്ട് ഉമ്മ വക ഞങ്ങൾ രണ്ടാം കസിൻസ് ആണ്. എൻ്റെ ഉമ്മാൻ്റെ ചെറിയാക്ക മുണ്ടക്കര സൽമാൻ ഹാജിയുടെ ഭാര്യ ആകട്ടെ എൻ്റെ ഉപ്പയുടെ അടുത്ത ബന്ധുവും.
ഞങ്ങൾ അവരുടെ വീടും പറമ്പും വിളിക്കുന്നത് 'പടിഞ്ഞാറ്' എന്നാണ്. ഉമ്മയും ഞങ്ങളും, കാക്കായും അമ്മായിയും ഉപ്പപ്പായും കാക്കൗമ്മായും ഒക്കെ അങ്ങനെയാണ് പറയുക. എൻ്റെ കാക്കയുടെ ഭാര്യയാകട്ടെ അദ്ദേഹത്തിൻ്റെ ഉമ്മയുടെ സഹോദരൻ്റെ മകളും. എം എ മജീദിൻ്റെ ഉമ്മയുടെ സഹോദരി തന്നെ. മൊത്തത്തിൽ ഒരു കസിൻസ് ലോകം. എം എ മജീദ് പടിഞ്ഞാറേ മുണ്ടക്കര പേരക്കുട്ടിയായി ഒരു ഭാഗം, പട്ലക്കാരൻ മൂസക്കുട്ടിയുടെ പേരക്കുട്ടിയുടെ മകനായി മറ്റൊരു ഭാഗവും. അങ്ങനെ പട്ലയുടെ കൂടെ തന്നെ രണ്ട് കസിൻസിൻ്റെ മക്കൾ, എം എ മജീദ് മുണ്ടകരയിലും (ചൗക്കി) ഞാൻ കുളങ്കരയിലും (എരിയാൽ) കുട്ടിക്കാലം കടന്നുപോയി.
പട്ലയിലെ ഓർമകൾ
ഒന്നാം ക്ലാസ് മുതൽ മജീദ് എൻ്റെ കൂടെയുണ്ട്. പട്ല സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച്. ആദ്യത്തെ ബെഞ്ചിൽ ഞാൻ. രണ്ടാം ബെഞ്ചിൽ മജീദും. യുപി ക്ലാസ്സിൽ അവൻ അറബിക്, ഞാൻ മലയാളം. ഒരു പിരീഡിൽ മാത്രം അവൻ റൂം മാറും. പട്ല മദ്റസയിൽ ആറാം ക്ലാസ് വരെ ഒരുമിച്ച്. ഏഴാം ക്ലാസിൽ ഞാനില്ല, മജീദ് മാത്രം. ഞാനാണെങ്കിൽ ആ മദ്റസയിൽ ഒന്നാം ക്ലാസിൽ തന്നെ കുഞ്ഞധ്യാപകനായി.
എപ്പോൾ കണ്ടാലും മണിക്കൂറുകളോളം സംസാരിച്ചിരിക്കാൻ തോന്നുന്ന സുഹൃത്ത്. എൻ്റെ അടുത്ത ബന്ധുവും, ഏറ്റവും നല്ല കൂട്ടുകാരനും. തളങ്കര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് അവൻ്റെ വീട്ടിൽ പോയിരുന്നു, സ്നേഹാന്വേഷണങ്ങൾ പറഞ്ഞും ബാല്യ ഓർമകൾ പറഞ്ഞും കേട്ടും കുറച്ചുനേരം അടുത്തിരുന്നു!
പ്രായത്തിൽ അവൻ മൂന്ന് മാസത്തെ ഇച്ചയാണ്, ഇക്കയാണ്. പക്ഷെ എസ്എസ്എൽസിയിൽ ഞങ്ങൾ തമ്മിൽ അഞ്ച് ദിവസം മാത്രം പ്രായ വ്യത്യാസം. അഞ്ചാം വയസ്സിൽ സ്കൂളിൽ ചേർക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ഒപ്പിച്ച ഒരു മാജിക് 'കണക്ക്' ആണ് കാരണം. ബന്ധത്തിനും നാട്ടിനും ക്ലാസിനും സ്കൂളിനും മദ്റസയ്ക്കും അപ്പുറം ഒരു ജന്മം മുഴുവൻ ഒരുമിച്ച് നടന്ന സൗഹൃദം.
പ്രിയപ്പെട്ട മജീദിനെക്കുറിച്ച്
2005-ൽ, മധൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് ആദ്യമായി ജനവിധി തേടാൻ മജീദ് ആലോചന തുടങ്ങിയ നാൾ മുതൽ, ഇന്നുവരെ, ഓരോ തെരഞ്ഞെടുപ്പ് വേളയിലും - 2005-ലും, 2015-ലും, ഈ 2025-ലും - അവൻ എൻ്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഒരു വോട്ടിനു വേണ്ടി മാത്രമല്ല, ഒരു വാക്കിനു വേണ്ടി കൂടിയാണ് ആ തേടൽ.
എൻ്റെ കാഴ്ചപ്പാടെന്താണ്, എൻ്റെ നിലപാടെന്താണ് എന്ന് സത്യസന്ധമായി തുറന്നു പറയാൻ, മജീദ് എന്നും എനിക്ക് സമയവും സാവകാശവും നൽകിയിട്ടുണ്ട്. തിരക്കുകൾക്കിടയിലും ഫോണെടുക്കാനും, പറയുന്നത് മണിക്കൂറുകളോളം ക്ഷമയോടെ കേൾക്കാനും, എതിരഭിപ്രായങ്ങളെ പോലും പുഞ്ചിരിയോടെ ഉൾക്കൊള്ളാനും അവനു കഴിയും. ഇത്രമേൽ ക്ഷമയോടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ കഴിയുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ഇത് എൻ്റെ മാത്രം അനുഭവമല്ല; മജീദിനെ അടുത്തറിയുന്ന ഏതൊരാൾക്കും അവനെക്കുറിച്ച് പറയാൻ ഇത്തരം ആയിരം അനുഭവങ്ങൾ ഉണ്ടാകും. അതാണ് മജീദിൻ്റെ വ്യക്തിത്വം.
പട്ലയുടെ സമാധാനത്തിൻ്റെ പ്രതീകമായി നാട്ടുകാർ വാഴ്ത്തിയ, പരേതനായ എം എ മൊയ്തീൻ ഹാജി സാഹിബിൽ നിന്ന് പകർന്നു കിട്ടിയ പാരമ്പര്യമാണത്. എതിരാളിയെപ്പോലും ചേർത്തുനിർത്താനുള്ള വിശാലമായ മനസ്സ്, ആരെയും ചെറുതായി കാണാത്ത വിനയം, എല്ലാവരെയും ഒന്നിപ്പിക്കുന്ന സമാധാനത്തിൻ്റെ രാഷ്ട്രീയം. അറിവും ന്യായബോധവും വിനയവും ലാളിത്യവും ക്ഷമയും സഹനവും - ആ മഹത് വ്യക്തിയുടെ എല്ലാ സദ്ഗുണങ്ങളും മകനായ എം എ മജീദിലും അല്ലാഹു ഒത്തിണക്കി നൽകിയിരുന്നു.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് നടന്നവൻ. തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ മജീദ് സുവോളജി, ബോട്ടണി പഠനം. പിന്നീട് പിതാവിനൊപ്പം നിർമാണ രംഗത്ത് സജീവമായവൻ. പിന്നെ പ്രയാസപ്പെടുന്നവരുടെ കൂടെ മജീദ് നിന്നു, പ്രവർത്തകനായും മാന്യരിൽ മാന്യനായ നേതാവും!
ജനകീയത പ്രവർത്തനത്തിലാണ്
ജനകീയ നേതാവ് എന്നത് അക്ഷരത്തിലും ചിത്രത്തിലും അല്ല, പ്രവർത്തനത്തിലാണ്. ജനകീയത എന്നത് ജനങ്ങളോടൊപ്പം നിൽക്കുമ്പോഴാണ്. വാർഡിലെ ഒരു സാധാരണക്കാരൻ്റെ വീട്ടിലെ വിഷമത്തിൽ, അവൻ്റെ വീട്ടുവാതിൽക്കൽ ആദ്യം എത്തുന്നതിലാണ്. ഒരു രോഗിയുടെ കട്ടിലിനരികിൽ, ഒരു യുവാവിൻ്റെ തൊഴിൽ അന്വേഷണത്തിൽ, ഒരു കുടുംബത്തിൻ്റെ പ്രയാസത്തിൽ - അവിടെയൊക്കെ നിശ്ശബ്ദമായി കൂടെ നിൽക്കുന്നതിലാണ് ഒരു നേതാവ് ജനകീയനാകുന്നത്. എം എ മജീദ് അങ്ങനെയൊരു നേതാവായിരുന്നു.
2005-ൽ മധൂർ പഞ്ചായത്ത് നാലാം വാർഡിൽ നിന്ന് തുടങ്ങിയ യാത്ര, 2026-ലും തുടർന്നത് വെറും രാഷ്ട്രീയത്തിൻ്റെ പേരിലായിരുന്നില്ല, ജനങ്ങളോടുള്ള കടപ്പാടിൻ്റെ പേരിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന മുഖമായിരുന്നില്ല മജീദിൻ്റേത്. വർഷം മുഴുവൻ ജനങ്ങൾക്കിടയിൽ, ജനങ്ങളിലൊരാളായി ജീവിക്കാനായിരുന്നു അവനിഷ്ടം. അതുകൊണ്ടായിരുന്നു ജനങ്ങളുടെ മനസ്സിൽ മജീദിൻ്റെ സ്ഥാനം ലഭിച്ചത്. അക്ഷരങ്ങളിൽ എഴുതിവെക്കേണ്ടതല്ല, അനുഭവങ്ങളിൽ അടയാളപ്പെടുത്തിയതാണ് അദ്ദേഹത്തിൻ്റെ ജനകീയത.
കാസര്‍കോട് സംയുക്ത ജമാഅത്തിൻ്റെ സെക്രട്ടറിമാരിൽ ഒരാളായിരുന്നു മജീദ്. മധൂർ പഞ്ചായത്തിലെ സീനിയർ നേതാവും അവൻ തന്നെ. മധൂർ പഞ്ചായത്ത് ഭരണസമിതിയിൽ എത്രയോ പ്രസിഡൻ്റുമാർ വന്നും പോയും കടന്നുപോയി. പക്ഷേ, എം എ മജീദിൻ്റെ അഭിപ്രായങ്ങൾ കേൾക്കാത്ത ഒരു യോഗങ്ങളും ഉണ്ടാകില്ല. ശാഖാതലം മുതൽ കേരളത്തിലെ വടക്കൻ ജില്ലകളിലെ നേതൃ കൂട്ടായ്മകളിൽ വരെ അദ്ദേഹത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നു.
പട്ല ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ എല്ലാമെല്ലാമായിരുന്നു മജീദ്. ജമാഅത്ത് കമ്മിറ്റിയിലും മദ്റസയിലും നേതൃത്വം. സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക-ആതുര സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന കണക്റ്റിങ് പട്ലയിൽ, സ്റ്റാർ പട്ല, യുണൈറ്റഡ് പട്ല, സംഘം പട്ല തുടങ്ങി നിരവധി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഉപദേശക സമിതിയിലും അദ്ദേഹമുണ്ടായിരുന്നു. എല്ലാം കൊണ്ടും പട്ലയുടെ അഭിമാനവും അഹങ്കാരവുമായിരുന്നു എം എ മജീദ്.
എം എ മജീദിൻ്റെ വേർപാടിൽ
ഉൾക്കൊള്ളാനാവാത്ത സങ്കടത്തോടെയാണ് ഈ വരികൾ കുറിക്കുന്നത്. നാടിൻ്റെ ഏത് ആവശ്യത്തിലും ആശ്വാസമായി നിന്ന പ്രിയപ്പെട്ട എം എ സാഹിബ് വിട്ടുപിരിഞ്ഞു എന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, മതം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നിങ്ങനെ സർവ മേഖലകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സർവ മേഖലയിലും ഒരു നക്ഷത്രം പോലെ പ്രകാശിച്ച ആ വലിയ മനസ്സ് എന്നെന്നേക്കുമായി നിശബ്ദമായിരിക്കുന്നു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളുമായും അഗാധമായ സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം, പട്ല ജമാഅത്തിലും മദ്റസകളിലും സ്കൂളുകളിലും സാരഥ്യം വഹിച്ചും ആത്മാർഥമായ പ്രവർത്തനത്തിലൂടെ തിളങ്ങി നിന്നു. പദവികളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ നാടിൻ്റെ വികസനത്തിനും ജനക്ഷേമത്തിനുമായി അദ്ദേഹം ചെയ്ത സേവനങ്ങൾ നാടിൻ്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.
പട്ല എന്ന് കേൾക്കുമ്പോൾ മജീദ് പട്ലയെ ഓർക്കാത്തവരുണ്ടാകില്ല. സ്കൂളിൻ്റെ ഗേറ്റിനരികിൽ, പള്ളിയുടെ മുറ്റത്ത്, മദ്റസയുടെ വരാന്തയിൽ, നാട്ടിലെ കുഞ്ഞു ഇടവഴികളിൽ വരെ അവനുണ്ടാകും; അവൻ്റെ ഓർമകൾ പങ്കുവെയ്ക്കാൻ അവൻ്റെ കൂട്ടുകാരും നാട്ടുകാരും. പട്ല ഗവ. സ്കൂളിലെ സി എച്ചും രണ്ട് എച്ച് കെയും അഹമ്മദും എസ് അബ്ദുല്ലയുമൊക്കെ ചേർന്നുള്ള ഒഎസ്എയുടെ നേതൃത്വത്തിലാണ് പത്താം ക്ലാസ് കഴിഞ്ഞ് മജീദ് സാമൂഹിക പ്രവർത്തനത്തിൻ്റെ ഒന്നാം അക്ഷരം പഠിച്ചത്. അതേസമയം സർ സയ്യിദ് കോളജിൽ രാഷ്ട്രീയവും സജീവമാക്കി.
അന്ന് മുതൽ മജീദില്ലാത്ത ഒരു പട്ല സ്കൂൾ പ്രവർത്തനവും ഒരു മിനിറ്റ്സ് പോലും ഉണ്ടായിട്ടില്ല. മജീദില്ലാത്ത കണക്റ്റിങ് പട്ലയുടെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ നേതൃത്വം ഓർക്കാൻ പോലും സാധിക്കുന്നില്ല. അങ്ങനെ എത്രയെത്ര കൂട്ടായ്മകൾക്ക് പറയാനുണ്ടാകും, അവനില്ലാത്ത ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ എത്ര ശൂന്യമായിരിക്കുമെന്ന്. പട്ലയിലെ ഓരോ കൂട്ടായ്മയും, ഓരോ സംഘടനയും, ഓരോ വേദിയും ഇന്ന് മജീദിൻ്റെ അഭാവത്തിൽ നിശബ്ദമായി ചോദിക്കുന്നു - ഇനി ആരാണ് ഈ വിടവ് നികത്തുക എന്ന്.
ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ച് നടന്നവൻ. ഇനി ആ വഴികളിലൂടെ നടക്കുമ്പോൾ ആ ചിരി ഇല്ല, ആ വിളി ഇല്ല. പട്ലയുടെ ഓരോ മുക്കിലും മൂലയിലും മജീദിൻ്റെ ഓർമകൾ മാത്രം ബാക്കി. സ്നേഹം നിറഞ്ഞ ആ പുഞ്ചിരിയും കരുതലുള്ള വാക്കുകളും ഇനി ഓർമകളിൽ മാത്രം. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകട്ടെ. ആമീൻ.
പ്രിയപ്പെട്ടവരുടെ ഓർമകൾ പങ്കുവെക്കുന്ന ഈ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A childhood friend shares touching memories of Patla leader M.A. Majeed.
#KasargodVartha #MAMajeed #Patla #KasaragodNews #Obituary #Memories #AslamMavila

