● സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ വിദ്യാർഥികളോട് ആഹ്വാനം
കാസർകോട്: (MyKasargodVartha) ലോകത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഒരു പടി മുന്നിൽ സഞ്ചരിക്കാൻ വിദ്യാർഥികൾ സജ്ജരാകണമെന്ന് ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതി–പട്ടികവർഗ വികസന വകുപ്പും തലശ്ശേരി എൻടിടിഎഫും സഹകരിച്ച് നടപ്പിലാക്കിയ നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 വിദ്യാർഥികൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ.
സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം
ലോകത്തിൻ്റെ മാറ്റങ്ങൾക്കൊപ്പം കുതിക്കാനുള്ള ആത്മവിശ്വാസം വിദ്യാർഥികൾ വളർത്തിയെടുക്കണമെന്നും എല്ലാ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും അനുകൂലമായുള്ള സാഹചര്യത്തിൽ അവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കലക്ടർ വിദ്യാർഥികളെ ഉപദേശിച്ചു.
പങ്കെടുത്ത പ്രമുഖർ
കാസർകോട് ഡിപിസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗവും ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റുമായ കെബി മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ സോയ, സ്ഥിരം സമിതി അധ്യക്ഷരായ കെ കൃഷ്ണൻ ഒക്‌ളാവ്, ജസ്ന മനാഫ്, റീന തോമസ്, സുകുമാരി ശ്രീധരൻ, അംഗങ്ങളായ ടി പി ബീന, കെ ബിന്ദു, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു കെ സൈഫുല്ല തങ്ങൾ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം മീനാകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ്, ജില്ലാ പ്ലാനിങ് ഓഫീസർ ബി എം അനിൽകുമാർ, എൻടിടിഎഫ് പ്രതിനിധി വികാസ് പലേരി എന്നിവർ സംസാരിച്ചു.
സ്വാഗതവും നന്ദിയും
കാസർകോട് പട്ടികവർഗ വികസന ഓഫീസർ കെ മധുസൂദനൻ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ നന്ദിയും പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: District Collector Sreedhanya Suresh distributed appointment letters to 32 students who successfully completed the Kasaragod District Panchayat's skill development training.
#KasargodVartha #SkillDevelopment #Kasaragod #DistrictPanchayat #Employment #SreedhanyaSuresh #MalayalamNews #AparnaNews



