(MyKasaragodVartha) പുഞ്ചിരി കൊണ്ട് മനസ്സിൽ ഇടം നേടി സ്നേഹം കൊണ്ട് സൗഹൃദങ്ങൾക്കിടയിൽ വീർപ്പ് മുട്ടിപ്പിച്ച സർഫറാസിന്റെ വിയോഗം ഒരു നാട് തന്നെ കണ്ണീരിലായി. ബേക്കൽ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപം ബൈകും കാറും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കോളിയടുക്കം ആയിശ മൻസിലിൽ മുഹമ്മദ് അശ്റഫ് - ഫാത്വിമ ദമ്പതികളുടെ മകൻ സി എ സർഫറാസുൽ അമാൻ (19) ന്റെ വിയോഗവാർത്ത കോളിയടുക്കത്തുകാരുടെ മനസ്സിൽ കൊടുങ്കാറ്റ് പോലെ അലയടിക്കുകയായിരുന്നു. അപകടം പറ്റിയത് അറിഞ്ഞപ്പോൾ തന്നെ കോളിയടുക്കത്തുകാർ പ്രാർത്ഥനയിലായിരുന്നു, പക്ഷേ നാഥന്റെ വിധി മറ്റൊന്നായിരുന്നു.
ഓരോ ദേഹങ്ങളും മരണത്തെ രുചിക്കുക തന്നെ ചെയ്യും എന്ന നാഥന്റെ കൽപന മുൻ നിർത്തിക്കൊണ്ട് തന്നെ, ചില മരണങ്ങൾ അത് നമ്മെ വല്ലാതെ തളർത്തി കളയും. സർഫറാസിനോടുള്ള അളവറ്റ സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ആഴം തന്നെയായിരിക്കാം ഒരു നാട് തന്നെ കരഞ്ഞതിന് പിന്നിൽ. തന്റെ പഠനത്തോടൊപ്പം കിട്ടുന്ന സമയത്ത് പച്ചക്കറി കടയിലും മറ്റ് കടയിലും ജോലി ചെയ്ത് കുടുംബത്തിന്റെ പ്രാരാബ്ദം പേറിയിരുന്ന ഈ ചെറുപ്പക്കാരനെ പറ്റി പറയാൻ നാട്ടുകാർക്ക് ആയിരം നാക്കാണ്. വലിയ സുഹൃദ് വലയത്തിനുടമയായ സർഫറാസിന്റെ വിയോഗം സുഹൃത്തുക്കൾക്കിടയിൽ ഏറെ നൊമ്പരങ്ങൾ പടർത്തി.
കോളിയടുക്കത്തെ യുവാക്കളുടെ ഇടയിൽ ഏറെ പ്രതീക്ഷയുള്ള ചെറുപ്പക്കാരനായിരുന്നു റാസൂ എന്ന ചുരുക്കപ്പേരിൽ അറിയുന്ന സർഫറാസ്. ഈ വിയോഗവാർത്ത അറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് പിന്നീട് കാണാൻ ഇടയായത്. പള്ളി, മദ്രസാ പരിപാടികളിൽ എന്നും നിറസാന്നിധ്യമായി ഉണ്ടാകുന്ന സർഫറാസ് ഈ വർഷം ജനുവരിയിൽ നടന്ന നമാസ് എന്ന സംഘടനയുടെ സിൽവർ ജൂബിലിയിലും ഇക്കഴിഞ്ഞ നവംബറിൽ കോളിയടുക്കത്ത് വെച്ച് നടന്ന കീഴൂർ റൈഞ്ച് മുസാബഖ 23 ഇസ്ലാമിക കലാമേളയിലും നിറസാന്നിധ്യമായി തന്നെ ഉണ്ടായിരുന്നു.
കാസർകോഡ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023ൽ സീനിയർ ഡിസ്കസ് ത്രോയിൽ നമാസിന്റെ പ്രതിനിധിയായി പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ നേടിയ സർഫറാസ് നമാസ് എന്ന സംഘടനയക്കും യുവാക്കൾക്കും മുതിർന്നവർക്കും ഏറെ പ്രിയമായിരുന്നു. മംഗ്ളുറു പി എ കോളേജ് എൻജിനീയറിങ് വിദ്യാർഥിയായിരുന്ന സർഫറാസ് എന്ന വലിയ പക്വതയോടെ പ്രവർത്തിച്ച ചെറുപ്പക്കാരന്റെ വിയോഗം നാടിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാനഷ്ടമാണ്.
Keyords: News, Malayalam, Memories, Koliyadukkam, Obituary, Accident,Bekal, Kottakunnu, Memories of Sarfarazul Aman