(my.kasargodvartha.com) എന്റെ ആദ്യത്തെ മാഷ് ഉപ്പ. അവസാനത്തെ മാഷും ഉപ്പ തന്നെ. അക്ഷരങ്ങള്‍ കൂട്ടിയെഴുതാനും, അറബിക് പഠിപ്പിച്ചതും, മലയാളം പഠിപ്പിച്ചതും ഉപ്പ തന്നെ. പത്താം ക്ലാസ് വരെയും എനിക്ക് കണക്ക് പഠിപ്പിച്ചത് ഉപ്പയാണ്. അന്ന് ഞങ്ങളുടെ സ്‌കൂളില്‍ മാഷന്മാര്‍ കൊല്ലത്തില്‍ മൂന്ന്, നാല് മാസം മാത്രമേ ഉണ്ടാവും. പിന്നെ ബാക്കിയുള്ള കണക്ക് എനിക്ക് പഠിപ്പിക്കുന്നതും എന്റെ കൂടെ പഠിക്കുന്നതും ഉപ്പ. സയന്‍സ് എന്താണ് എന്ന് നല്ല രീതിയില്‍ പഠിപ്പിച്ചത് ഉപ്പയാണ്. അഖലുള്ളവന് സയന്‍സ് ഒരു 'വിഷയം' മാത്രമല്ല, പടച്ചവനെ അറിയല്‍ കൂടിയാണ്. അദ്ദേഹം പറയും, അത് കൂറച്ച് കൂടി എളുപ്പവുമാണ്.
എന്റെ ഒന്നിച്ച് പഠിച്ച മിക്കവാറും കുഞ്ഞിമക്കള്‍ക്ക് കണക്കൊരു കള്ളനായിരുന്നു. ഒരു വല്ലാത്ത കയ്യും കാലുമില്ലാത്ത കണക്ക്. ആ സമയത്ത് എനിക്ക് നൂറില്‍ നൂറും കണക്കിലാണ് കിട്ടുക. അതിന്റെ മുഴുവന്‍ ക്രെഡിറ്റ് ഉപ്പയ്ക്ക് മാത്രം. അവസാനം ഉപ്പ എനിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തുടങ്ങി. ഉപ്പ പറഞ്ഞതൊന്നും എനിക്ക് മനസിലാവാറില്ല. എങ്കിലും ഞാന്‍ ശ്രദ്ധിക്കും. അത് പോലെ എനിക്ക് എത്ര പറഞ്ഞാലും തലയ്ക്ക് കേറാത്ത ഭാഷ, ഹിന്ദിയാണ്. തൂക്കി വെച്ച അയല്‍ പോലെ ഒരു വല്ലാത്ത എഴുത്ത്. തലയ്ക്ക് പിരാന്ത് വരും. ഉപ്പ അതും എങ്ങിനെയൊക്കെയോ സെറ്റാക്കി തന്നു (എസ് എസ് എല്‍ സിയില്‍ ഞാന്‍ തോറ്റു എന്ന് വിചാരിച്ച ഭാഷ)
എനിക്ക് ഏറ്റവും ഇഷ്ടം ചരിത്രമായിരുന്നു. ഉപ്പാക്ക് അത്ര ഇഷ്ടമല്ലാത്തതും അതായിരുന്നു. കഴിഞ്ഞതിനെയാണ് ചരിത്രമെന്ന് പറയുന്നത്. പോയ്‌പ്പോയത്, ഉപ്പയുടെ രീതി പറയാം, അതിന്റെ ന്യായവും. അതിനെ നീ വീണ്ടും കഥ പറഞ്ഞിട്ട് സമയം കളയണ്ട. നിനക്കല്ല ആര്‍ക്കും അതിനെ മാറ്റാന്‍ പറ്റില്ല. 1947 എന്ന് പറഞ്ഞാല്‍ 48 ആക്കി മാറ്റാന്‍ പറ്റുമോ? നിന്റെ അറിവും പഠനവും അന്വേഷണവും പത്താളുക്കാള്‍ക്ക് അറിഞ്ഞാല്‍ അതിന്റെ പേരാണ്, ചരിത്രം - നിന്റെ ചരിത്രം. ഉപ്പ കപ്പല്‍ക്കാരന്‍, ഞാന്‍ അന്ന് കപ്പ പുട്ട് കഴിക്കുന്നവന്‍. റഷ്യ വിട്ട് പല രാജ്യങ്ങളില്‍ പോയ ആള്‍. ഞാന്‍ തോല്‍ക്കും, ഉപ്പ ജയിക്കും, ഉപ്പ ജയിക്കാനാണ് എനിക്ക് ഇഷ്ടം.
ഭാഷ നല്ലതാണ്, അറബിക്കും, ഹിന്ദിയും, ഇംഗ്ലീഷും മലയാളവും എല്ലാം. പക്ഷെ, ഭാഷ വേണ്ടത്, സംസ്‌കാരം വേണ്ടത്.... എന്നിട്ട് അദ്ദേഹം നിര്‍ത്തും. അത് കംപ്ലീറ്റാക്കേണ്ടത് ഞാനാണ്. ഇപ്പോഴും ഞാന്‍ പൂര്‍ത്തിയായിട്ടില്ല. അതിന് ഞാന്‍ തുടങ്ങെണ്ടേ?! എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മകനെ ഗള്‍ഫില്‍ പരിചയപ്പെടുന്ന കാലം. മെല്ലെ മെല്ലെ ഫ്രണ്ട്ഷിപ്പാകുന്ന സമയം. ആരിഫ് മാഷിന്റെ ആലോചനകള്‍, ഫലിതം കലര്‍ന്ന സംസാരങ്ങള്‍, ഞാന്‍ കേള്‍ക്കും. ചിലത് എനിക്ക് മനസ്സിലാവും. അദ്ദേഹത്തോട് ഞാന്‍ പക്ഷെ എപ്പോഴും എന്റെ ഉപ്പയെക്കുറിച്ചാണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്. അനുഭവങ്ങളുടെ അദ്ധ്യാപകനെക്കുറിച്ച്.
എല്ലായിടത്തും ഉപ്പയാണ് മുമ്പില്‍, വഴികാട്ടിയും മാതൃകയും. ഞാനൊന്നുമായില്ല എന്നത് വേറെ വിഷയം. ഉപ്പ എവിടെ ഞാനെവിടെ? വിചിന്തനം വാരികയില്‍ ഡയറക്ട് അല്ലാത്ത രീതിയില്‍ പ്രൊഫസര്‍ ആരിഫ് സൈന്‍, ഒരിക്കല്‍ അത് പറഞ്ഞിട്ടുണ്ട്, എന്റെ ഉപ്പയെ കുറിച്ച്. ഉപ്പാന്റെ മരണം നടന്ന് ഇരുപത് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ പറ്റിയത്. എഴുതുമ്പോള്‍ അക്ഷരങ്ങള്‍ കംപ്ലീറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ് വിഷയം. കണ്ണീരു മുമ്പില്‍ നടക്കും, അക്ഷരങ്ങള്‍ പിന്നിലും. അദ്ദേഹം വലിയ പാഠപുസ്തകമാണ്. അനുഭവങ്ങളുടെ ഗുരു, സുല്‍ത്താന്‍. ഏഴാം വയസ്സില്‍ അദ്ദേഹത്തെ ഉപ്പ പൊയ്‌പ്പോയ്. ജീവിതത്തിന്റെ ഭാഗമായി ആട് മേയ്ക്കല്‍, കൂടെ അനിയന്‍ അഹമ്മദ്, ഉപ്പാന്റെ കുഞ്ഞു അഹമ്മദും.
ഉപ്പാന്റെ അനുഭവം പറഞ്ഞാലും പറഞ്ഞാലും തീരില്ല, അവരുടെ ഉമ്മാനെ കുറിച്ചും, പട്‌ല തായല്‍ ഖത്തീബായിരുന്ന ഉപ്പപ്പ - മമ്മിഞ്ഞി മൗലവിലെ കുറിച്ച്, 40 ന്റെ ആദ്യ വര്‍ഷത്തില്‍ അവര്‍ മരിച്ചത്, പിന്നെ പട്‌ല തായലെ പള്ളിയില്‍, ചെറുപ്പത്തില്‍ തന്നെ ഉസ്താദായി, ഉപ്പാന്റെ ജ്യേഷ്ഠന്‍ അബ്ദുല്ല മൗലവി. പിന്നെ അദ്ദേഹം ഖത്തീബായി അവിടെ തന്നെ. അതിന് ശേഷം ഉപ്പാന്റെ രണ്ടാമത്തെ ജ്യേഷ്ഠന്‍ മുഹ്യദ്ദീന്‍ മൗലവി ഖത്തീബായത്. ബാക്കി പിന്നൊരിക്കല്‍. ഓര്‍മ്മകള്‍ മായുന്നില്ല. മറക്കുന്നില്ല, അല്ലെങ്കിലും ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ. അവ എപ്പോഴും പച്ചപ്പുകളാണല്ലോ. പ്രാര്‍ത്ഥനകള്‍ മാത്രം.
Keywords: Father, Memries, Patla, Obituary, Kerala, Kasaragod, Memories of my father.
< !- START disable copy paste -->