'1960 കളുടെ തുടക്കത്തില്‍ ഞാന്‍ എഴുതിയ ആഇശു കുഞ്ഞിമ എന്ന കഥയുടെ തിരുത്തുമായി കോഴിക്കോട്ടെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓഫീസില്‍ ചെന്നപ്പോഴാണ് നമ്പൂതിരിയെ ആദ്യം പരിചയപ്പെടുന്നത്. എം ടിയും എന്‍ വി കൃഷ്ണവാര്യരും പത്രാധിപര്‍ വര്‍മയും ആര്‍ടിസ്റ്റ് എഎസുമൊക്കെ അന്ന് അവിടെയുണ്ട്. നമ്പൂതിരിയെ ഞാന്‍ ഗുരുവായാണ് കണ്ടത്. എന്നെ ചിത്രം വരക്കാന്‍ പഠിപ്പിച്ചത് കൊണ്ടല്ല അത്. അദ്ദേഹത്തിന്റെ വരകളോടുള്ള ഇഷ്ടം കൊണ്ടായിരുന്നു. ചിത്രകലയില്‍ എന്റെ ഗുരു ബേക്കല്‍ ഫിഷറീസ് സ്‌കൂളില്‍ പഠിപ്പിച്ച ചന്ദ്രശേഖരന്‍ മാഷാണ്. മറ്റാര്‍ക്കും വഴങ്ങാത്ത നമ്പൂതിരി ചിത്രങ്ങളുടെ വൈവിധ്യങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു'- ഗഫൂര്‍ മാസ്റ്റര്‍ നമ്പൂതിരിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. കഥാരചനാ അനുഭവങ്ങളും എം ടിയും വൈക്കം മുഹമ്മദ് ബശീറും അടക്കമുള്ളവരുമായുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നമ്പൂതിരിയുടെ ശൈലി മാറ്റാന്‍ 'ഉപദേശിച്ച' രസകരമായ സംഭവം വിവരിച്ചാണ് ബാര ഭാസ്‌കരന്‍ സംസാരിച്ചത്. മദനനോടൊപ്പം നമ്പൂതിരിയെ കാണാന്‍ചെന്ന സന്ദര്‍ഭം. വരയ്ക്കാനുള്ള പേന മഷിയിലേക്ക് മുക്കി വരക്കുന്ന രീതി മാറ്റണമെന്നായിരുന്നു നമ്പൂതിരിയോട് ഭാസ്‌കരന്റെ ഉപദേശം. ആ സമയത്ത് നമ്പൂതിരി ഒന്നും പ്രതികരിച്ചില്ല. പിന്നീട് കണ്ടപ്പോള്‍ മദനനോട് ഭാസ്‌കരന്‍ തന്റെ ശൈലി മാറ്റാന്‍ ഉപദേശിച്ചതിന്റെ അനിഷ്ടം നമ്പൂതിരി തുറന്നുപറയുകയും ചെയ്തു. പിന്നീട് ഭാഷാപോഷിണിക്ക് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങള്‍ക്കുള്ള ഭാസ്‌കരന്റെ അടിക്കുറിപ്പ് നമ്പൂതിരിക്ക് ഏറെ ഇഷ്ടമായി.
ഇത് പലരോടും പറയുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഭാസ്‌കരന്‍ കലാമണ്ഡലത്തില്‍ ചെന്നപ്പോള്‍ അവിടെ നമ്പൂതിരി ചിത്രങ്ങളെ ആസ്പദമാക്കി പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ ചെയ്ത രൂപങ്ങള്‍ കാണാനിടയായി. സ്ത്രീയുടെയും പുരുഷന്റേയുമൊക്കെ വേഷങ്ങളുണ്ട്. എന്നാല്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസം. ഭാസ്‌കരന്‍ അവ ഉടുപ്പൊന്നുമില്ലാതെ വരച്ചു. 'നമ്പൂതിരി കലയിലെ ലിംഗപ്രതിസന്ധി' എന്ന് അടിക്കുറിപ്പും നല്‍കി. നമ്പൂതിരിയില്‍ നിന്ന് വഴക്കാണ് പ്രതീക്ഷിച്ചതെങ്കിലും അഭിനന്ദനമാണ് തേടിയെത്തിയത് ഭാസ്‌കരന്‍ ഓര്‍ത്തെടുത്തു.
ഓണ്‍ലൈന്‍ വഴി സംസാരിച്ച രത്നാകരന്‍ മാങ്ങാട്, നമ്പൂതിരിയെ കുറിച്ച് എംഎന്‍ വിജയന്‍ മാസ്റ്റര്‍ പറഞ്ഞ 'നമ്പൂതിരി ഒരു കാലാവസ്ഥയാണ്' എന്ന വാക്കുകളെ ഉദ്ധരിച്ചാണ് സംസാരിച്ചത്. നമ്പൂതിരി ചിത്രങ്ങള്‍ പൂര്‍ണതയുടെ പര്യായമാണെന്ന് പ്രകാശ് ബാരെ പറഞ്ഞു. കെവി മണികണ്ഠദാസ് അധ്യക്ഷത വഹിച്ചു. ജി ബി വത്സന്‍ സ്വാഗതം പറഞ്ഞു. നരേന്ദ്രന്‍ മയൂര, ശുഐബ് വൈസ്രോയി, ശരീഫ് കുരിക്കള്‍, അശ്‌റഫലി ചേരങ്കൈ, ടി എ ശാഫി, എം വി സന്തോഷ് കുമാര്‍, ചെറിഷ്മ സംസാരിച്ചു. സുബിന്‍ ജോസ് നന്ദി പറഞ്ഞു.
Keywords: Artist Namboothiri, Malayalam News, Kasaragodan community pays tribute to artist Namboothiri.
< !- START disable copy paste -->