Join Whatsapp Group. Join now!

Book Discussion | നാട്ടുഭാഷയുടെ വൈവിധ്യങ്ങളുമായി സാഹിത്യ സായാഹ്നം; റഹ്‌മാൻ തായലങ്ങാടിയുടെ 'വാക്കുകളുടെ വടക്കൻ വഴികൾ' പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച ശ്രദ്ധേയമായി

എം വി മുജീബുല്ല ഉദ്ഘാടനം ചെയ്തു Rahman Thayalangadi, Book Discussion, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) വടക്കിന്റെ വാക്കുകളുടെ തേന്മഴ വർഷിപ്പിച്ചും കാസർകോടിന്റെ വൈവിധ്യങ്ങൾ അനാവരണം ചെയ്തും സാഹിത്യ സായാഹ്നം ശ്രദ്ധേയമായി. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ റഹ്‌മാൻ തായലങ്ങാടിയുടെ 'വാക്കുകളുടെ വടക്കൻ വഴികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർചയായിരുന്നു വേദി. തനിമ കലാ സാഹിത്യ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് അബൂ ത്വാഇയുടെ അധ്യക്ഷതയിൽ എം വി മുജീബുല്ല ഉദ്ഘാടനം ചെയ്തു.

News, Kasaragod, Kerala, Rahman Thayalangadi, Book Discussion, Inauguration, Discussion held based on Rahman Thayalangadi's book.

കുഞ്ഞുനാളിൽ ഉമ്മ ഒക്കത്തിരുത്തി ഒരു കയ്യിൽ ചോറ്റുപാത്രവും കൊണ്ട് മുറ്റത്തിറങ്ങി ഉരുളച്ചോറിനൊപ്പം ഉരുട്ടി വായിൽ വെച്ചു തന്ന വാക്കുകളാണ് നമ്മുടെ സംസാര ഭാഷയെന്നും അതിൽ ഉമ്മിയും, തമ്പാച്ചിയും പോലുള്ള പല വാക്കുകളും നാമിന്ന് വിസ്മരിച്ചു പോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയാവതരണം നടത്തി സംസാരിച്ച എരിയാൽ അബ്ദുല്ല ഒരു കാസർകോട്ടുകാരന് തന്റെ നാട്ടുഭാഷയെ വിസ്മരിച്ചു കൊണ്ട് എങ്ങനെയാണ് മുന്നോട്ടു പോവാനാവുക എന്ന് സന്ദേഹം പ്രകടിപ്പിച്ചു. നമുക്ക് പുതിയ വാക്കുകളെ സൃഷ്ടിക്കാനായില്ലെങ്കിലും പഴയതിനെ മറക്കാതെ കൂടെ കൊണ്ടു നടക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാട്ടുഭാഷയിലെ ഓരോ വാക്കും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും അത് വരും തലമുറ കണ്ടും കേട്ടും ശീലിച്ച് തുടർന്നു പോകാൻ പാകമാവട്ടെയെന്നും ഗിരിധർ രാഘവൻ പറഞ്ഞു. നാട്ടുവാക്കുകളെ പരിചയപ്പെടുത്താൻ റഹ്‌മാൻ തായലങ്ങാടി ഉപയോഗിച്ച ഭാഷ ലളിതവും സുന്ദരവുമാണെന്ന് മൊഗ്രാൽ മൊഴികളുടെ രചയിതാവ് അബ്ദുല്ലക്കുഞ്ഞി ഖന്ന പറഞ്ഞു.

പുസ്തകം വരും തലമുറയ്ക്ക് ഒരമൂല്യ നിധിയായ് തീരുമെന്ന് റഹ്‌മാൻ മുട്ടത്തൊടി വ്യക്തമാക്കി. പുസ്തകത്തിലെ ചില വാക്കുകൾ കൗതുകമുണർത്തുന്നതാണെന്നും വലിച്ചു നീട്ടുന്ന എഴുത്തുഭാഷയിലെ ചില വാക്കുകളെ ഒന്നോ രണ്ടോ അക്ഷരങ്ങൾ കൊണ്ട് അതിനേക്കാൾ മികച്ച അർഥം നൽകാൻ നമ്മുടെ നാട്ടുഭാഷയ്ക്ക് ആവുന്നു എന്ന് ഈ പുസ്തകത്തിലൂടെ മനസിലാക്കാൻ സാധിച്ചുവെന്ന് കവയിത്രി ഡോ. റുഖിയ വിലയിരുത്തി. ടി വി രത്നാവതി, ശരീഫ് കൊടവഞ്ചി, ഹമീദ് സി എൽ, അബ്ദുൽ ഖാദിർ ചട്ടഞ്ചാൽ തുടങ്ങിയവർ ചർചയിൽ പങ്കെടുത്തു.

കുഞ്ഞുനാളിൽ ഉമ്മയിൽ നിന്നു കേട്ടതും പരിസരങ്ങൾ പറഞ്ഞതുമായ വാക്കുകളെ ഓർമിച്ചെടുക്കുകയും പുനരുപയോഗം ചെയ്യാതെ ചിതറിക്കളഞ്ഞ് നാമാവശേഷമായവയെ ഖനനം ചെയ്തു ചികഞ്ഞെടുത്ത തുച്ഛം വാക്കുകൾ കൊണ്ട് മാത്രമാണ് ഈ കൃതി എഴുതിയിട്ടുള്ളതെന്ന് റഹ്‌മാൻ തായലങ്ങാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ബാക്കിയുള്ളവ കൂടി കണ്ടെത്തി പുതിയൊരധ്യായത്തിന് കോപ്പുകൂട്ടാനുള്ള പ്രചോദനവും പ്രേരണയുമാണ് കാസർകോടൻ ജനത ഈ പുസ്തകത്തെ നെഞ്ചേറ്റിയതിലൂടെ തനിക്കു കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. എ എ അബ്ദുൽ സത്താർ ആമുഖ പ്രസംഗം നടത്തി. അശ്റഫലി ചേരങ്കൈ സ്വാഗതവും അബൂബകർ ഗിരി നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, Rahman Thayalangadi, Book Discussion, Inauguration, Discussion held based on Rahman Thayalangadi's book.
< !- START disable copy paste -->

Post a Comment