നീലേശ്വരം: (my.kasargodvartha.com) സി വി ബാലകൃഷ്ണന്റെ 'ആയുസിന്റെ പുസ്തകം' എന്ന നോവല്‍ ആത്മാക്കളുടെ സങ്കീര്‍ത്തനമാണെന്ന് പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച വീട്ടുമുറ്റത്തെ പുസ്തക ചര്‍ച അഭിപ്രായപ്പെട്ടു.
നോവലിലെ എല്ലാ കഥാപാത്രങ്ങളും സ്ത്രീയായാലും പുരുഷനായാലും കാമനകള്‍തേടി സഞ്ചരിക്കുന്നവരാണ്. വിശ്വാസത്തിനൊന്നും മനുഷ്യന്റെ ആസക്തിയോടുള്ള ആഭിമുഖ്യത്തെ തടയാനാകുന്നില്ല. എല്ലാവരേയും ആസക്തികള്‍ ചൂഴ്ന്നുനില്‍ക്കുന്നു. ഈ പരിതസ്ഥിതിയിലാണ് പുസ്തകം ആത്മാക്കളുടെ സങ്കീര്‍ത്തനമാകുന്നത്.
വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് ദേശാന്തരം നടത്തുന്ന മനസുകളുടെ ആവിഷ്‌കാരമാണ് സിവിയുടെ എഴുത്തില്‍ നിറയുന്നതെന്ന് ചര്‍ചയില്‍ അഭിപ്രായമുയര്‍ന്നു. പ്രശസ്ത നിരൂപകന്‍ പവിത്രന്‍ മാസ്റ്റര്‍ പുസ്തകാസ്വാധന പ്രഭാഷണം നടത്തി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ബിന്ദു മരങ്ങാട്, കെ വി സജീവന്‍, വി വി രമേശന്‍, രാമകൃഷ്ണന്‍, താലൂക് ലൈബ്രറി സെക്രടറി ഇ കെ സുനില്‍കുമാര്‍, നേതൃസമിതി അംഗം ടി വി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
സി വി ബാലകൃഷ്ണന്‍ പുസ്തകരചന സാഹചര്യത്തെകുറിച്ച് വിശദീകരിച്ചു. കെ വി രവീന്ദ്രന്‍ സ്വാഗതവും കെ കെ രവി നന്ദിയും പറഞ്ഞു.