Join Whatsapp Group. Join now!

Memories | കെ വി അബ്ദുർ റഹ്‌മാൻ ഹാജി; ഞാന്‍ കണ്ട ആദ്യകാല കുവൈറ്റ് മലയാളി

Memories of KV Abdul Rahman Haji, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(my.kasargodvartha.com) അസ്ഹാബിയയിലെ എന്‍റെ മുറിക്കുള്ളില്‍ ഇരുന്നും കിടന്നും വായിച്ചും മടുപ്പ് വരുമ്പോള്‍ ചിലപ്പോള്‍ പിറക് വശത്തൂകൂടി പുറത്തിറങ്ങി തൊട്ടടുത്തുള്ള ഗ്രോസറിയില്‍ നിന്ന് ഒരു തണുത്ത പെപ്സിയും ഒരു നൈസ് ബിസ്ക്കറ്റും വാങ്ങിക്കഴിച്ച് കടക്കാരനായ ചെറുപ്പക്കാരനോട് വല്ലതും മിണ്ടിയും പറഞ്ഞുമങ്ങനെയിരിക്കും. ഞാന്‍ എത്തുന്നതിനും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ മണലാരണ്യത്തില്‍ സൗഭാഗ്യം തേടിയെത്തിയ അബ്ദുർ റഹിമാന്‍ തന്നെയാണ് ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ കുവൈറ്റ് ഇന്ത്യക്കാരില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നവരില്‍ ഒരാള്‍. 1950-കളില്‍ തന്നെ കുവൈറ്റിലെത്തിയ ഹോട്ടല്‍ വ്യവസായികളായിരുന്ന, സാല്‍മിയയിലെ അല്‍-സലാമ റസ്റ്റോറന്‍റ് ഉടമ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍റഹ്മാനും സഹോദരനും, ഖൈത്താനിലെ ഫരീദ റസ്റ്റോറന്‍റ് ഉടമയായ മറ്റൊരു കാസര്‍കോട്ടുകാരന്‍ സിഐഡി ഇസ്മാഈലിനെയും അവരുടെ സ്ഥാപനങ്ങളില്‍ ചെന്ന് കണ്ടിട്ടുണ്ടെങ്കിലും അവരൊന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
                
Kerala, Kasaragod, Article, Kanhangad, Obituary, Memories of KV Abdul Rahman Haji.

1970 ആദ്യത്തില്‍ തന്നെ കുവൈറ്റിലെത്തിയ ആളാണ് കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാല്‍ സ്വദേശി കെബി അബ്ദുല്‍ റഹ്മാന്‍ ഹാജി. മരംകോച്ചുന്ന തണുപ്പിനോടും അത്യുഷ്ണത്തോടും പൊടിക്കാറ്റിനോടും എന്നുവേണ്ട, അന്നത്തെ കുവൈറ്റിലെ പരുക്കന്‍ കാലാവസ്ഥയോട് ഏറെ പാടുപെട്ട് ഇണങ്ങി ജീവിച്ച് അദ്ധ്വാനത്തിലൂടെ സ്വരൂപിച്ച കാശുകളും ബന്ധക്കാരില്‍ നിന്നും ചങ്ങാതിമാരില്‍ നിന്നും കടംവാങ്ങിയും കുറിവിളിച്ചും തട്ടിക്കൂട്ടിയാണ് ഖൈത്താനില്‍ സ്വന്തമായി ഒരു മെസ്സ് തുടങ്ങി കച്ചവടത്തിലേക്ക് കാലെടുത്തുവച്ചത്. ഏറെ താമസിയാതെ അത് ഒരു കഫത്തേരിയയാക്കി മാറ്റിയെങ്കിലും ഹോട്ടല്‍ രംഗത്തേക്ക് പ്രവേശിക്കാതെ ഇത്രയൊന്നും അദ്ധ്വാനിക്കേണ്ടല്ലോ എന്ന ഒരു സുഹൃത്തിന്‍റെ വാക്ക് കേട്ടാണ് ഗ്രോസറിയിലേക്ക് വഴിമാറി സഞ്ചരിച്ചത്.

1980കളിലാണ് ഇദ്ദേഹം ഗ്രോസറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. പിന്നീടങ്ങോട്ട് പടിപടിയായുള്ള വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും കാലങ്ങളായിരുന്നു. കുവൈറ്റിലും നാട്ടിലും നല്ല നിലയില്‍ ബിസിനസ്സ് നടത്തി സ്വന്തം ജീവിതത്തിനും കുടുംബത്തിനും പുതിയ തലങ്ങള്‍ സമ്മാനിച്ചുതന്ന പോറ്റമ്മയും വളര്‍ത്തമ്മയുമായ കുവൈറ്റിനെയും ആ നാട്ടിലെ നല്ലവരായ അറബികളേയും ജീവനുതുല്യം സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അബ്ദുല്‍റഹിമാന്‍ ഹാജി. പഴയകാലത്തിന്‍റെ മായാത്ത ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ചികഞ്ഞെടുത്ത് കൂട്ടുകാരുമായി പങ്കുവെക്കുന്ന ഹാജിയാരെ ഈ കൊറോണക്കാലത്തെ ലോക്ക്ഡൗണിന്‍റെ നിബന്ധനകള്‍ കാരണം, നേരില്‍പോയി കാണാന്‍ നില്‍ക്കാതെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ തന്നെ എന്നെ അദ്ദേഹത്തിന് മനസ്സിലായി. സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അരനൂറ്റാണ്ടുകാലത്തിനപ്പുറമുള്ള തന്‍റെയും നാടിന്‍റെയും ഇരുണ്ട ഇടനാഴികകളിലേക്ക് ടോര്‍ച്ചടിച്ചു ഓര്‍മ്മകളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തപ്പിയെടുത്ത് ശാരീരിക അസ്വസ്ഥതകള്‍ വകവെക്കാതെ അദ്ദേഹം വാചാലനായി.

കൃഷിപ്പണിയും ബീഡിതെറുപ്പിലൂടെയും കിട്ടുന്ന തുച്ഛമായ വരുമാനങ്ങളിലൂടെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞുപോകുന്ന ഇരുണ്ടകാലമെന്ന് വിശേഷിപ്പിക്കാവുന്ന അറുപതുകളുടെ അന്ത്യത്തില്‍, രണ്ടാംലോകമഹായുദ്ധം വരുത്തിവെച്ച ആഗോള സാമ്പത്തിക മാന്ദ്യവും, ഉള്ളതെല്ലാം പെറുക്കിയെടുത്തുകൊണ്ടുപോയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണിയില്ലാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യനാളുകളില്‍ വളരെ അപൂര്‍വ്വം ചില ജന്മിമാരൊഴികെ ബാക്കിയുള്ളവരുടെയൊക്കെ ദൈനംദിന ജീവിതം വളരെ ദയനീയമായിരുന്നു. നാട്ടില്‍ എന്തു പണിയെടുത്താലും കരകയറാനാവാതെ വരുമ്പോള്‍ ചിലര്‍ കുടുംബം പോറ്റാനായി നാടുവിട്ടു പോകും. അതില്‍ ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം നല്ല സമ്പാദ്യത്തോടെയായിരിക്കും മടങ്ങി വരിക. അവര്‍ നാട്ടില്‍ വന്നാല്‍ ഭൂമിവാങ്ങി നല്ലൊരു വീടുവാങ്ങിച്ചു അല്ലലില്ലാതെ കഴിയാന്‍ തുടങ്ങിയതോടെയാണ് നാട്ടിലെ ചെറുപ്പക്കാര്‍ക്കെല്ലാം അതുപോലെ നാടുവിട്ട്പോയി സമ്പാദിക്കണമെന്ന മോഹങ്ങളുണ്ടായത്.

മംഗലാപുരത്തുള്ള ബീഡിക്കമ്പനിയില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു എപ്പോഴോ നാടുവിട്ടുപോയ അടുത്തറിയാവുന്ന പിഎം. മമ്മുഞ്ഞിയും കുഞ്ഞബ്ദുല്ല ഹാജിയുമൊക്കെ വലിയ പെട്ടികള്‍ നിറയെ സാധനസാമഗ്രികളുമായി വന്ന് പണക്കാരുടെ പത്രാസ് കാണിച്ചു നടക്കാന്‍ തുടങ്ങിയത്. ഇത് അബ്ദുറഹ്മാന്‍ ഹാജിയുടെ ഇളം മനസ്സില്‍ പുതിയ പ്രതീക്ഷകളുടെ തിരയിളക്കങ്ങളുണ്ടാക്കി. തന്‍റെ സ്വപ്നങ്ങളെക്കുറിച്ച് അടുത്ത ചിലരുമായി പങ്കുവെച്ചപ്പോഴാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ കുവൈറ്റിനെക്കുറിച്ചറിയാനായത്. അവിടേക്ക് പോകാനുള്ള പണം കണ്ടെത്തുകയായിരുന്നു അടുത്ത ഊഴം. അങ്ങിനെയാണ് രാവും പകലും പാടത്ത് കിടന്നു ചെയ്യേണ്ട നല്ല അദ്ധ്വാനമുള്ള പുകയിലകണ്ടത്തിലെ പണിക്ക് പോകാന്‍ തുടങ്ങിയത്.

1970ന്‍റെ തുടക്കത്തില്‍ തന്നെ ചിലവിനുള്ള കാശും കരുതി ബോംബെയ്ക്ക് വണ്ടി കയറി. ബിസ്തിമുല്ലയില്‍ ചെന്ന് ഒരു നാട്ടുകാരന്‍റെ സഹായത്തോടെ ഇറാഖിലുള്ള ബാഗ്ദാദിലെ മുഹ്യദ്ദീന്‍ ശൈഖിന്‍റെ ദര്‍ഗ സന്ദര്‍ശിക്കാനുള്ള സിയാറത്ത് വിസ സംഘടിപ്പിച്ചു കപ്പല്‍ കയറി. ദുബായ് തുറമുഖം ടച്ച് ചെയ്തു പോകുന്ന യാത്രാ കപ്പലായിരുന്നതിനാല്‍ ചിത്താരി സുലൈമാന്‍ച്ചയടക്കമുള്ള ദുബായില്‍ ജോലി ചെയ്തിരുന്ന പല കാസര്‍കോട്ടുകാരും അതിലുണ്ടായിരുന്നു. അവരെല്ലാം ദുബായിലേക്ക് പോകുന്നവരായിരുന്നു. ബസ്റ വരെ പോകുന്ന ഒരേയൊരു മലയാളി അബ്ദുള്‍റഹിമാന്‍ മാത്രമായിരുന്നു. ഇറാഖിന്‍റെയും ബസ്റയുടെയും ദുര്‍ഘടമായ അവസ്ഥയെക്കുറിച്ച് അവര്‍ സൂചിപ്പിച്ചിരുന്നു. ആദ്യമായി വീടുവിട്ടുപോകുന്ന അദ്ദേഹത്തിന് മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയില്ലായിരുന്നു എന്നത് കൂടുതല്‍ വിഷമമുണ്ടാക്കിയെങ്കിലും, രണ്ടും കല്പിച്ചു മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന ഭാവത്തില്‍ ഉറച്ചിരുന്നു.

ഇങ്ങനെ ദിക്കും ദേശവും ഭാഷയുമറിയാത്ത ഒരു കുഞ്ഞന്‍ പയ്യന്‍ ഒരു ആശ്രയവുമില്ലാതെ അറിയാത്ത സ്ഥലത്തേക്കു ഒറ്റയ്ക്കു പോകുന്നതിന്‍റെ വിഷമത്തില്‍ കൂടെ യാത്രചെയ്യുന്ന മലയാളികളെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു - നീയും ദുബായിലിറങ്ങിക്കോ, അവിടെ നിനക്ക് ജോലി തരപ്പെടുത്തിത്തരാം. അല്ലാതെ കള്ളന്മാരുടെ വിഹാരകേന്ദ്രമായ ബസ്റയില്‍ നീ ഇങ്ങനെ ഒറ്റയ്ക്ക് പോകേണ്ടെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലും, താന്‍ കേട്ടറിഞ്ഞ അതിസമ്പന്നന്മാരുടെ നാട്ടിലെത്തണമെന്ന മോഹത്തോടെ അവരുടെ വാക്കുകളൊന്നും ചെവികൊടുക്കാതെ കപ്പലില്‍ തന്നെ ഇരുന്നു.

ദുബായ് തുറമുഖത്ത് നിന്ന് കപ്പല്‍ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോഴാണ് വടകരക്കാരനായ അലി ഹാജിയും ദുബായില്‍ ഇറങ്ങാതെ കപ്പലില്‍ ഇരിക്കുന്നത് കണ്ടത്. അങ്ങനെയൊരാളെക്കൂടി കണ്ടപ്പോള്‍ ഏറെ സന്തോഷമായി. അറബിയും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം സംസാരിക്കുന്ന മുതിര്‍ന്ന ഒരു മലയാളി കൂടെയുള്ള സമാധാനത്തോടെ അദ്ദേഹവുമായി വര്‍ത്തമാനങ്ങള്‍ പറഞ്ഞും ഉറങ്ങിയും കരകാണാ കടലിലൂടെ തിരമാലകളെ മുറിച്ചുകൊണ്ട് അനങ്ങിയും ആടിയും നീങ്ങുന്നതിനിടയില്‍ ഉപ്പുരസത്തോടെ ആഞ്ഞുവീശുന്ന കാറ്റേറ്റ് മയങ്ങിക്കിടക്കുന്നതിനിടയിലാണ് കരയുടെ രൂപം ദൃഷ്ടിയില്‍ പതിയാന്‍ തുടങ്ങിയത്.

വൈകുന്നേരത്തോടെ ബസ്റയില്‍ കപ്പലടുത്തപ്പോള്‍ തന്‍റെ കൊച്ചു ബാഗും തൂക്കി അലിഹാജിയോടൊപ്പം പുറത്തിറങ്ങി. വിശപ്പും ദാഹവും കൊണ്ട് സഹിക്കവയ്യാതെ ഇരുവരും നേരെ മുമ്പില്‍ കണ്ട ഇറാഖി റസ്റ്റോറന്‍റില്‍ കയറി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍, റൊട്ടിയും വടപോലുള്ള ഒരു സാധനവും കട്ടന്‍ ചായയും കുറേ ഇലകളും കൊണ്ടുവെച്ചതില്‍ ഒന്നും തിന്നാന്‍ സാധിച്ചില്ല. എന്നാല്‍ അലിഹാജി ആര്‍ത്തിയോടെ അതെല്ലാം തിന്നു തീര്‍ത്തു. അവിടന്ന് ഇറങ്ങി മറ്റൊരു ലോഡ്ജിലേക്ക് പോയി. ഒരാള്‍ക്ക് കിടക്കാന്‍ അമ്പത് ഫില്‍സും ഭക്ഷണത്തിന് നൂറ് ഫില്‍സും എന്ന തോതിലായിരുന്നു ദിവസ വാടക. അവിടെ തങ്ങിയശേഷം കുവൈറ്റിലേക്ക് പോകാനുള്ള എളുപ്പവഴി അന്വേഷിച്ചു. കുവൈറ്റിലേക്കുള്ള കപ്പല്‍ വരാന്‍ ഇനിയും നാളുകള്‍ വേണ്ടിവരും എന്നാണറിഞ്ഞത്. കുറേ നേരം മുറിയില്‍ വിശ്രമിച്ച ശേഷം വൈകുന്നേരങ്ങളില്‍ തുറമുഖത്തിനടുത്ത് പോയി കടല്‍നോക്കി അങ്ങനെ ഇരിക്കും.

അവിടെവെച്ചാണ് കോട്ടുധരിച്ച ഒരു ഇറാഖിയുമായി പരിചയപ്പെടുന്നത്. കുവൈറ്റിലേക്ക് പോകാനുള്ള പുറപ്പാടിലാണ് താന്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം എനിക്ക് ഇവിടെ ഒരു ട്രാവല്‍ ഏജന്‍സിയുണ്ടെന്നും ഞങ്ങള്‍ നിന്നെ കുവൈറ്റിലേക്കെത്തിക്കാമെന്നും പറഞ്ഞു കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. അവിടന്ന് ഒരു കഫത്തേരിയയില്‍ കൊണ്ടിരുത്തി ചായയും പലഹാരങ്ങളും കഴിപ്പിച്ചു ഇറങ്ങിവന്നു നോക്കിയപ്പോഴും കട തുറന്നിട്ടില്ല. അങ്ങനെ നാളെയാവട്ടെ എന്നു പറഞ്ഞു പിരിഞ്ഞുപോയി. തൊട്ടടുത്ത ദിവസം രാവിലെ തന്നെ താമസസ്ഥലത്തെത്തിയ അറബി ഇന്ന് വൈകുന്നേരം തന്നെ കുവൈറ്റിലേക്ക് കപ്പല്‍ സര്‍വ്വീസുണ്ടെന്നും അതില്‍ പോകുന്നുവെങ്കില്‍ കാശ് അടച്ചു ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും പറഞ്ഞ് അമ്പത് ദീനാര്‍ വാങ്ങി. വൈകുന്നേരം ബാഗുമായി ഓഫീസില്‍ എത്തണമെന്നും പറഞ്ഞു അറബി പോവുകയും ചെയ്തു. വൈകുന്നേരം ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ ആളുകളുടെ വന്‍ തിരക്കായിരുന്നു.

ഓഫീസിലിരിക്കുന്നവരോട് അലിഹാജി സംഭവങ്ങള്‍ വിവരിച്ചെങ്കിലും ഈ ആളിനെ അറിയില്ലെന്നും ഇതുമായി അവര്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. അവരുടെ പേരുപറഞ്ഞ് ഇങ്ങനെ ഒരു തട്ടിപ്പ് നടത്തി എന്നറിഞ്ഞതില്‍ ഓഫീസ് നടത്തിപ്പുകാരന് വല്ലാത്ത വിഷമവും ദേഷ്യവും വന്നു. അദ്ദേഹം അബ്ദുള്‍റഹിമാനെ കാറില്‍ കയറ്റി ബസ്റ മുഴുവനും അന്വേഷിച്ചുപോയെങ്കിലും തട്ടിപ്പുനടത്തിയവനെ കണ്ടെത്താനായില്ല. അവര്‍ അന്നു രാത്രിയിലെ ഭക്ഷണവും ഒരു ദിവസത്തെ താമസസൗകര്യവും നല്‍കി. നാളെ രാവിലെ എഴുന്നേറ്റാല്‍ പിന്നെ അഭയം പെരുവഴിയിലായിരിക്കുമെന്ന ബേജാറോടെ കിടന്നു. കപ്പലില്‍വെച്ച് സഹയാത്രക്കാര്‍ പറഞ്ഞ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ എന്നോര്‍ത്ത് വിങ്ങിപ്പൊട്ടി. രാവിലെ എഴുന്നേറ്റ് നടന്ന് കടല്‍ക്കരയിലെ കല്ലില്‍ വിഷമത്തോടെ ഇരുന്നു. ഏറെ നേരത്തിന് ശേഷം ഈ ഇരിപ്പുകണ്ട് ഫയാസ് ബായി എന്ന പാക്കിസ്ഥാനി അടുത്ത് വന്ന് കാര്യം തിരക്കിയപ്പോള്‍ കഴിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞ് വിങ്ങിപ്പൊട്ടിക്കരഞ്ഞു. അദ്ദേഹം അബ്ദുറഹിമാനെയും കൂട്ടി ഇറാഖിലെ ബാഗ്ദാദ് എംബസിയും ബസ്റയുടെ കാര്യങ്ങള്‍ നോക്കുന്ന ഓഫീസിലേക്കും കൊണ്ടുപോയി സംഭവങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.

ഇവിടെ ഞങ്ങളുടെ ഓഫീസ് സ്റ്റാഫിനല്ലാതെ പുറത്തുള്ളവര്‍ക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍, അവിടത്തെ ഇന്ത്യന്‍ ക്ലബ്ബില്‍ താമസസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള ഏര്‍പ്പാടും ചെയ്തുകൊടുത്തു. ഇതിനിടയിലാണ് മറ്റൊരു അറബിയെ പരിചയപ്പെടുന്നത്. ആദ്യമൊക്കെ അദ്ദേഹത്തെയും പേടിയോടെ കണ്ടിരുന്നെങ്കിലും ഉള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞു - താന്‍ ഇങ്ങനെ ചതിയില്‍ പെട്ടവനാണെന്നറിഞ്ഞതോടെ ദയ തോന്നിയ അറബി തന്നെ കയറ്റിവിടാമെന്ന് വാഗ്ദാനം നല്‍കി. ഇതിന്‍റെ എല്ലാം പോക്കിനും വരവിനും സാക്ഷിയായി കൂടെയുണ്ടായിരുന്ന അലിഹാജിയെ ഒരു ദിവസം കാണാനില്ല. കടല്‍ക്കരയില്‍വെച്ച് ഫയാസ് ഭായിയെ കണ്ടപ്പോഴായിരുന്നു കൂടെ നടന്ന ആള്‍ ചെയ്ത മറ്റൊരു ചതിയെക്കുറിച്ചറിയുന്നത്.

ഇറാഖി തന്‍റെ പണം തട്ടിയെടുത്തു കടന്നുകളഞ്ഞതിനാല്‍ ഇവിടെ പെട്ടുപോയ അബ്ദുള്‍റഹിമാനെ സൗജന്യമായി കുവൈറ്റിലെത്തിക്കാമെന്ന് ട്രാവല്‍ ഏജന്‍സി പറഞ്ഞിരുന്നുവല്ലോ. അതേക്കുറിച്ച് അന്വേഷിക്കാന്‍ എല്ലാദിവസവും അവിടെ പോകാറുള്ള അലിഹാജി അവിടെ മറ്റൊരു കള്ളമായിരുന്നു പറഞ്ഞുഫലിപ്പിച്ചിരുന്നത്. 'ഞങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍ ഞാന്‍ ആദ്യം പോയി കുവൈറ്റിലെത്തിക്കഴിഞ്ഞതിന് ശേഷം അനുജനെ ഞാന്‍ തന്നെ കൊണ്ടുപോയ്ക്കൊള്ളാമെന്ന്', അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ വന്ന കപ്പലില്‍ അലിഹാജി സുഖമായി കയറിപ്പോയത്രെ. കൂടെനിന്നവന്‍ തന്നെ വഞ്ചിച്ചതോടെ അബ്ദുള്‍റഹിമാന്‍ കൂടുതല്‍ നിരാശനായി. കണ്ണീരോടെ കരങ്ങള്‍ ഉയര്‍ത്തി റബ്ബിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.

അതിനിടയിലാണ് മറ്റൊരു അറബി ദൈവദൂതനെപ്പോലെ തന്‍റെ മുന്നില്‍ കടന്നുവന്നത്. കപ്പല്‍ കാത്തുനിന്ന് മടുപ്പുവന്നപ്പോള്‍, ബോംബെയില്‍ നിന്നു വരുന്ന കപ്പല്‍ ബസ്റയില്‍ നങ്കൂരമിട്ടാല്‍ അതിലുള്ളവരേയും നിന്നേയും കൂട്ടി ടാക്സിയില്‍ പോവാമെന്ന് അറബി പറഞ്ഞപ്പോള്‍ അല്‍പം ആശ്വാസമായി. പറഞ്ഞതുപോലെ തന്നെ നല്ല തണുപ്പുള്ള ഒരു രാത്രിയില്‍ ബസ്റയില്‍ നിന്നുള്ള ഒരു വണ്ടിയില്‍ കയറ്റി മരുഭൂമിയിലൂടെ കുവൈറ്റിനെ ലക്ഷ്യമാക്കി നീങ്ങി. കാവല്‍ ഭടന്മാരുടെ കണ്ണുവെട്ടിച്ചുകൊണ്ട് കൂരാകൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് നീങ്ങിയ കാറില്‍ കപ്പലില്‍ നിന്നിങ്ങിയ മൂന്ന് ഇന്ത്യക്കാര്‍ കൂടിയുണ്ടായിരുന്നു. ജഹ്റ കഴിഞ്ഞ് മരുക്കാടുകള്‍ താണ്ടി ഒരു മണല്‍ക്കൂനക്കടുത്ത് ഒരു ടെന്‍റില്‍ ആളുകളെ ഇറക്കി. അതിനകത്ത് വിരിച്ച തുണിയില്‍ ഇരുന്ന യാത്രക്കാര്‍ക്ക് റൊട്ടിയും കട്ടന്‍ചായയും നല്‍കിയ ശേഷം യാത്ര തുടര്‍ന്നു. കുവൈറ്റ് സിറ്റിയില്‍ എത്തുമ്പോഴേക്കും പള്ളികളില്‍ നിന്ന് സുബ്ഹി ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു. അക്കാലങ്ങളില്‍ ഇങ്ങനെ വന്നെത്തുന്ന മലയാളികളുടെ ആശ്രയമായിരുന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്‍റിലായിരുന്നു അബ്ദുല്‍ റഹിമാന്‍റെയും ആദ്യത്തെ അഭയം. ഹോട്ടല്‍ പണിയെടുത്ത് കടങ്ങള്‍ കൊടുത്ത് വീട്ടിയ ഉടന്‍ സ്വന്തമായി ഒരു ക്യാന്‍റീന്‍ തുടങ്ങി. പിന്നീടങ്ങോട്ട് കച്ചവടത്തിലൂടെ മുന്നോട്ടുള്ള പ്രയാണമായിരുന്നു.

നീണ്ട അമ്പത് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ താന്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെ ചുമതലകള്‍ മക്കള്‍ക്ക് കൈമാറി നാട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും കുവൈറ്റിനെക്കുറിച്ചുള്ള മായാത്ത ഓര്‍മ്മകള്‍ തന്നെയായിരുന്നു ആ മനസ്സ് നിറയെ. ഒടുവിൽ അനിവാര്യമായ മരണമെന്ന സത്യത്തിലേക്ക് അബ്ദുല്‍ റഹ്മാന്‍ ഹാജിയും കടന്നുപോയി. പരലോക ജീവിതം ധന്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Keywords: Kerala, Kasaragod, Article, Kanhangad, Obituary, Memories of KV Abdul Rahman Haji.

Post a Comment