Join Whatsapp Group. Join now!

സുലൈമാൻ സലാമിയ; സ്വന്തം മറന്ന് കൂട്ടുകാരെ സ്നേഹിച്ച പരോപകാരി

Memories of Sulaiman Salamiya#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നാസർ ചെർക്കളം

(my.kasargodvartha.com 05.12.2021) സുലൈമാൻ സലാമിയയുടെ അപ്രതീക്ഷിത മരണവാർത്ത ഹൃദയ വേദനയോടെയാണ് കേട്ടത്. 1993 എസ് എസ് എൽ സി ബാച്ചിലെ കൂട്ടുകാർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര നൊമ്പരമാണ് അത് തീർത്തത്. ഓർമയിലെന്നും സൂക്ഷിക്കാനുള്ള അനേകം സ്‌മരണകൾ ബാക്കിയാക്കിയാണ് സുലൈമാൻ കടന്നുപോവുന്നത്. നായന്മാർമൂല സ്കൂളിൽ പഠിച്ച സുലൈമാൻ, 10-ാം ക്ലാസ് വരെ ഒരു സാധാരണ വിദ്യാർത്ഥിയായിരുന്നു. അതിനുശേഷം അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവ് വിടവാങ്ങി.

  
Article, Kasaragod, Kerala, Memories, Sulaiman Salamiya, Memories of Sulaiman Salamiya.



തുടന്നാണ് സുലൈമാൻ സാമൂഹ്യ സേവന രംഗത്ത് സജീവമായത്. സജീവ മുസ്‌ലിം ലീഗ് പോരാളി ആയിരുന്നെകിലും എല്ലാവരിലും സൗഹൃദം ഉണ്ടാക്കി വളരുകയായിരുന്നു. ആര് വിളിച്ചാലും നിമിഷ നേരം കൊണ്ട് സ്ക്കൂട്ടറിൽ എത്തും. എന്ത് ഉപകാരവും ചെയ്യും. മികച്ച സംഘാടകനായ സുലൈമാൻ, സമർപണവും ഉത്തരവാദിത്വവും കാര്യപ്രാപ്തിയും നിറഞ്ഞ മൂന്ന് പതിറ്റാണ്ടാണ് സമൂഹത്തിനിടയിൽ ചെലവഴിച്ചത്.

10 വർഷങ്ങൾക്ക് മുമ്പ് സ്വന്തം വീടിന്റെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ വേണ്ടി മുകളിൽ കയറിയപ്പോൾ, സുലൈമാൻ കാൽ തെന്നി പതിനഞ്ചടി താഴേക്ക് പതിച്ചു. അതിന് ശേഷം കഠിന വ്യായാമ രഹിത ജോലി എന്ന നിലക്കാണ് കേബിൾ ടിവി ലൈൻമാനായും ഓപ്പറേഷൻ സൂപ്പർവൈസറായും ജോലി നോക്കി വന്നത്.

28 വർഷങ്ങൾക്ക് മുമ്പ് പത്താം ക്ലാസ്സ് കഴിഞ്ഞ, നാല് ബാച്ചിലെ ഇരുന്നൂറ്‌ സഹപാഠികളെയും പഴയ രജിസ്റ്ററിൽ നിന്നും പേര് തപ്പിയെടുത്ത് അവരെ വീട് തിരഞ്ഞു പോയി കണ്ടുപിടിച്ച് അലുംനി മീറ്റിംഗ് സംഘടിപ്പിച്ച സുലൈമാന്റെ മികവ് ഓർമയിൽ നിന്ന് മായുന്നില്ല. മികച്ച സംഘാടകനായ സുലൈമാൻ കൈവെക്കാത്ത മേഖലകളില്ല.

വിശാല ഹൃദയനായ അദ്ദേഹത്തിന്റെ കർമ്മ ഫലമാണ് വിവിധ കൂട്ടായ്മകളിലെ മാനവ സൗഹാർദ്ദം. പല മീറ്റിംഗുകൾക്കും ടൂർ ട്രിപ്പുകൾക്കും സുലൈമാനെയാണ് നേതൃത്വം ഏൽപ്പിക്കുക. ആർക്കും ബുദ്ധിമുട്ടില്ലാത്ത വിധം സാമ്പത്തികം അടക്കം കൈകാര്യം ചെയ്യുമെന്നത് തന്നെയാണ് അതിനും കാരണം. ഒരു തള്ളക്കോഴിയെപ്പോലെ എല്ലാവരെയും തുല്യ പരിഗണനയിൽ എടുക്കുന്നതും സംരക്ഷിക്കുന്നതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

കേബിൾ ടിവി ലൈൻ ശരിയാക്കാൻ വേണ്ടി പോകുന്ന വഴിയിലെ മുഴുവൻ ക്ലബ് പ്രവർത്തകരുമായും കടക്കാരുമായും അതുപോലെ നായന്മാർമൂലയിലെ മുഴുവൻ ആളുകളുമായും സൗഹൃദം ഉണ്ടാക്കുകയും ചെയ്തിരുന്നു സുലൈമാൻ. സർക്കാർ സഹായങ്ങൾക്കായി അപേക്ഷകളും സൗകര്യങ്ങളും ചെയ്ത് കൊടുക്കൽ തുടങ്ങി സുലൈമാൻ ചെയ്യാത്ത പരോപകാരങ്ങളില്ല. നിരവധി ആളുകൾക്ക് കാരുണ്യമേകാനായി കൂട്ടായ്മ ഉണ്ടാക്കി ആത്മാർത്ഥതയോടെ പ്രവർത്തിച്ച് സത്യസന്ധമായി ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുവാനും സ്വാന്തനമേകാനും സുലൈമാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.

ആകസ്മികമായ മരണം സംഭവിക്കുന്നതിന്റെ അവസാനം വരേയും സൗഹൃദങ്ങൾ നല്ല നിലക്ക് തുടർന്നിരുന്ന സുലൈമാൻ പൊടുന്നന്നെ കണ്ണടച്ചുപോയതിന്റെ ദുഃഖങ്ങൾ ഒഴിയുന്നില്ല. പടച്ചവൻ സ്വർഗ്ഗീയ ഭവനത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


Keywords: Article, Kasaragod, Kerala, Memories, Sulaiman Salamiya, Memories of Sulaiman Salamiya.

< !- START disable copy paste -->

Post a Comment