കുമ്പള: (my.kasargodvartha.com 17.10.2021) അഞ്ചു മാസം സേവനം ചെയ്ത അധ്യാപകനെ ഓർത്തെടുത്ത്, വേറിട്ട അനുഭവമാക്കി മാറ്റിയിരിക്കുകയാണ് പഴയ കുട്ടികൾ. ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിംഗ് കോളജിൽ നിന്നും ബിഎഡ് പഠനം പൂർത്തിയാക്കി രതീഷ് മാഷ് 2002 ജൂണിൽ താൽകാലിക അധ്യാപകനായി അംഗടിമുഗർ ഗവ. ഹൈസ്കൂളിലെത്തി. സ്കൂളിൽ ചേർന്ന ദിവസം തന്നെ 52 കുട്ടികളുള്ള നാലാം ക്ലാസിന്റെ ക്ലാസ് മാഷായി. അവരുടെ സ്നേഹം പിടിച്ച് പറ്റാൻ മാഷിന് സമയമേറെ വേണ്ടി വന്നില്ല.
അഞ്ചു മാസത്തെ അധ്യാപക ജീവിതം അംഗടിമുഗറിൽ അവസാനിച്ചു. സ്ഥിരാധ്യാപക നിയമനം നടന്നു. അവസാന ദിവസം രതീഷ് മാഷ് കുഞ്ഞുങ്ങളോട് യാത്ര പറയാനായി നിന്നില്ല. പക്ഷെ, കെ എസ് ടി എ പ്രവർത്തകനും, സ്കൂളിലെ അധ്യാപകനുമായിരുന്ന മോഹനൻ മാസ്റ്റർ, നാലാം ക്ലാസിലെ, ക്ലാസ് മാഷെ, അവരുടെ അടുത്തെത്തിച്ചു. അതിൽ മറ്റൊരു കാരണം കൂടിയുണ്ട്. മോഹനൻ മാഷുടെ മകനും ക്ലാസിലുണ്ടായിരുന്നു. കുഞ്ഞുങ്ങളെല്ലാം മാഷുടെ ചുറ്റും കൂടി. അവരുടെയുളളിൽ ചേക്കേറിയ മാഷിനെ വിടാൻ തയ്യാറായില്ല. അത്രമേൽ അടുത്തിരുന്ന രതീഷ് മാഷും കുട്ടികളും.
താൽകാലിക ജോലി നഷ്ടപ്പെട്ടെങ്കിലും, പിന്നീട് സീതാംഗോളി ഗവ. എൽ പി സ്കൂൾ കണ്ണൂരിലും കുറച്ച് കാലം സേവനം ചെയ്തു. പിന്നീട് ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂളിൽ ഹയർ സെകൻഡറി വിഭാഗം മലയാളം അധ്യാപകനായി നിയമനം.
നീണ്ട 19 വർഷങ്ങൾക്ക് ശേഷം, അവരോടൊപ്പം വീണ്ടും രതീഷ് മാഷ് ചേർന്നു. 52 കുട്ടികളിൽ 12 പേരാണ് കൂടിച്ചേരലിലെത്തിയത്. പലരും വിദേശത്തും, മറ്റിടങ്ങളിലുമാണുള്ളത്.
ഭൗതികസൗകര്യങ്ങളുടെ കുറവ് ഒരുപാടുണ്ട് അംഗടിമുഗർ ഹൈസ്കൂളിൽ. നവംബർ ഒന്നിന് വിദ്യാലയം തുറക്കുമ്പോൾ വേണ്ടുന്ന ക്ലാസ് മുറികളില്ല. പുത്തിഗെ പഞ്ചായത്തിലെ, ഹൃദയഭാഗത്തായി, മനോഹര ദൃശ്യമുള്ള കുന്നിൻ്റെ മുകളിലെ ഈ ആത്മവിദ്യാലയം തലയെടുപ്പോടെ നിലനിൽക്കേണ്ടത് കാലത്തിൻ്റെ ആവശ്യവുമാണ്. ശാഹുൽ ഹമീദ് എന്ന, മികച്ച സംഘാടകൻ, സഹകാരിയുമായ അധ്യാപകനാണ് ഹെഡ്മാസ്റ്റർ. ഒരുപാട് സ്വപ്നം മാഷിനുണ്ട്. അവ നടപ്പിലാക്കാൻ കൂട്ടായശ്രമവും വേണം.
2002-2003 ലെ, നാലാം ക്ലാസിന്റെ ഓർമയ്ക്കായി ഒരുദ്യാന നിർമാണത്തിനൊരുങ്ങുകയാണ് രതീഷ് മാഷ്. എല്ലാ പിന്തുണയും നൽകിക്കൊണ്ട്, നാലാം ക്ലാസിലെ പ്രിയശിഷ്യൻമാരുമുണ്ടാകുമെന്ന് അവരുടെ പ്രതിനിധികളായെത്തിയ ബാദുശ, സകരിയ, സുമയ്യ, ശബാന, റൈസ, ഫസീല, മൈമൂന, റഹ്‌മത്, അസീസ്, സനദ് എന്നിവർ പറഞ്ഞു.
Keywords: Kerala, News, Kasaragod, Teacher, Meeting, Program, Kumbala, Angadimugar Govt. High School, Fourth class alumni remembering their teacher.
< !- START disable copy paste -->