Join Whatsapp Group. Join now!

മഴ നനഞ്ഞൊരു കുട്ടിക്കാലം, മനസിൽ കുളിർ പെയ്യും ഓർമ

A rainy wet childhood, a memory that warms the mind#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com 11.07.2021) മഴ നനഞ്ഞു നിൽക്കാൻ അതൊരു സുഖം വേറെ തന്നെയാണ്. പണ്ടൊക്കെ സ്കൂളുകൾ തുറക്കുന്ന ജൂൺ മാസത്തിൽ മഴത്തുടക്കത്തിൽ സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും മഴനനഞ്ഞു പോവുക എന്നത് ഒരു രസമായിരുന്നു. മഴ നനഞ്ഞു വീട്ടിലെത്തിയാൽ തണുത്ത് വിറയ്ക്കുന്നതു കണ്ടാൽ മാതാപിതാക്കളുടെയും മുത്തശ്ശിയുടേയും ശകാരമായിരിക്കും. യൂണിഫോമും, പുസ്തകങ്ങളും മഴനനഞ്ഞു കുതിർന്നിട്ടുണ്ടാവും, പുസ്തകങ്ങളോരോന്നുമെടുത്ത് അടുപ്പിന്റെ തിണ്ണയിൽ വെച്ച് ഉണക്കിയെടുക്കുമായിരുന്ന ആ ഒരു കാലം മധുരം നിറഞ്ഞതായിരുന്നു.

മഴയോടൊപ്പം വീശുന്ന തണുത്ത കാറ്റു കൊള്ളുമ്പോൾ തണുപ്പിനാൽ പല്ലുകൾ കൂട്ടിയിടിക്കുന്ന ഒരു താളം അതൊന്നു വേറെത്തന്നെ. സ്കൂളിൽ നിന്നും കളിക്കാൻ അല്ലെങ്കിൽ ഇന്റർബെല്ലിന് വിട്ടാൽ മഴനനഞ്ഞ് ഓടിച്ചാടി കളിക്കുന്നതിലും ഒരു ത്രിൽ ഉണ്ടായിരുന്നു. മഴനനഞ്ഞു ക്ലാസിൽ കയറിയാൽ ടീച്ചറിന്റെ വക ശകാരവും, അടിയുമായിരുന്നു. തുടർന്ന് ക്ലാസിന്റെ ഒരു മൂലയിൽ നിർത്തുമായിരുന്നു, മറ്റുള്ള സഹപാഠികൾക്ക് ബുദ്ധിമുട്ടാകരുതെന്ന് വിചാരിച്ചായിരിക്കണം.

A rainy wet childhood, a memory that warms the mind, Muhammad Ali Nellikkunn

പണ്ടൊക്കെ നമ്മുടെ പൂർവ്വികന്മാരെല്ലാം മഴനനഞ്ഞു പാടങ്ങളിലും, പറമ്പുകളിലും പണിയെടുക്കുന്നത് കാണുമ്പോൾ എന്തൊരു രസമായിരുന്നു. അന്നൊന്നും മഴനനയാതിരിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തലയിലൊരു പാള തൊപ്പി മാത്രമായിരുന്നു. ഇന്നത്തെ ടെക്നോളിയിൽ വികസനങ്ങളുണ്ടായി കൊണ്ടിരിക്കുകയാണ്. മഴനനയാതിരിക്കാനും, ചൂടിൽ നിന്നും ശമനങ്ങൾ കിട്ടാനുമുള്ള ഉപകരണങ്ങൾ ഹൈടെക് ടെക്നോളജിയിൽ വികസിപ്പിച്ചെടുക്കുകയാണ്.

പണ്ടൊക്കെ മുത്തശ്ശിമാർ പറയാറുണ്ടായിരുന്നു, ആദ്യം പെയ്യുന്ന മഴനനഞ്ഞാൽ നല്ലതാണെന്നും ശരീരത്തിലുള്ള അണുക്കളെല്ലാം നശിച്ചു പോകുമെന്നും. ചെറുപ്പത്തിലെ ആ ജീവിത കാലം ഒരിക്കൽ കൂടി തിരിച്ചു വരുമോയെന്ന് ചിലപ്പോഴൊക്ക ആശിച്ചു പോകാറുണ്ട്. മൂടിപ്പുതച്ച് ഉറങ്ങാറുള്ള സുഖം വേറെത്തന്നെ അനുഭവമാണ്. ഇപ്പോൾ മഴ നനഞ്ഞാൽ മുത്തശ്ശി പറയും, മഴനനയരുത് പനിയും, തുമ്മലും പിടിക്കും. പിന്നെ കിടപ്പായി, വിറയലായി ആശുപത്രിയിൽ പോക്കു വരവായി. ഇന്നു കാലം തെറ്റി പെയ്യുന്ന മഴനനഞ്ഞാൽ അസുഖങ്ങളാൽ മൂടിപ്പുതച്ച് കിടക്കേണ്ടി വരുന്നു. കാലമാറ്റങ്ങൾക്ക് അനുയോജ്യമായി ജീവിക്കേണ്ടി വരുന്നുവെന്നതാണ് വാസ്തവം.

മാനത്ത് മഴവില്ല് വിരിഞ്ഞതു കാണാൻ എന്തൊരു ചന്തമായിരുന്നു. അതിനെ നോക്കി കൂട്ടുകാരോടൊപ്പം എന്തൊക്കെയോ പറയുമായിരുന്നു. അതു മാഞ്ഞു പോകുന്നതു വരെ നിന്ന നിൽപ്പീന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങുമായിരുന്നില്ല. കുളിർ കോരി ചൊരിയുന്ന കാറ്റിന്റെ തഴുകലിൽ തണുത്തു വിറയ്ക്കുമ്പോൾ കമ്പിളി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയിരുന്ന കാലം. ആ കാലമൊക്കെ ആന വലിച്ചാലും തിരിച്ചു വരില്ല. നാളുകളോരോന്നും കടന്നു പോയിക്കൊണ്ടിരിക്കവേ കാലാവസ്ഥയ്ക്കും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. മഴക്കാല ഓർമ്മയിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ കുളിരുള്ള തുള്ളികളോരോന്നും ഇറ്റിയിറ്റി വീഴുകയാണ്.

റോഡരികിലെ കുഴികളിലും, വീട്ടുമുറ്റത്ത് തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ ചാടിക്കളിച്ച് മറ്റുള്ളവരെ നനയ്ക്കുകയും, സ്വയം നനയുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആനന്ദം അതൊന്ന് അനുഭവിച്ച് അറിയേണ്ടത് തന്നെ. ഉമ്മറത്തിണ്ണയിലിരുന്ന് മഴയെ കൺകുളിർക്കെ കണ്ടാസ്വദിച്ച കുട്ടിക്കാലത്തെ ഓർമ്മ വരികയാണിപ്പോൾ. കടലാസു കൊണ്ടു തോണികളുണ്ടാക്കി മുറ്റത്തെ മഴ വെള്ളത്തിലോടിച്ചും ആഹ്ലാദിച്ചിരുന്നു. ആരും കാണാതെ വീട്ടിൽ നിന്നും തുണിയോ, തോർത്തോ എടുത്ത് വയലിലേക്കിറങ്ങും.

കനാൽ നിറഞ്ഞ് മഴവെള്ളം വയലിലേക്ക് ഒഴുകി വരുമ്പോൾ അതിൽ ചെറുമീനുകളുണ്ടാവാറുണ്ട്. അതിനെ പിടിച്ച് കൊണ്ടു വന്ന് കിണറ്റിലിടുകയും ചില്ല് ഭരണിയിലും ഇട്ടു വെക്കുകയുമായിരുന്നു. മഴത്തുള്ളികളോടൊപ്പം ഈറൻ കാറ്റിന്റെ താളം കേൾക്കാൻ ഭയങ്കര രസമായിരുന്നു. ഇന്ന് മഴപെയ്യുന്നതു കണ്ടാൽ വീടീന്ന് പുറത്തിറങ്ങാതെ ചടഞ്ഞിരുന്ന് കട്ടൻ ചായയും, കപ്പ പുഴുങ്ങിയതും തിന്ന് പള്ള നിറയ്ക്കും. കുട്ടിക്കാലം അതൊരു മധുര സ്മരണയാണ്. ഓർത്തോർത്തിരിക്കുമ്പോൾ മഴയുടെ താളം മനസ്സിൽ അലയടിക്കുകയാണ്. കാലം കടന്നു പോകവേ മഴയ്ക്കും കാലവ്യത്യാസവും തുടങ്ങി. ജൂണിൽ പെയ്യേണ്ടിയിരുന്ന മഴ ജൂലൈ ആദ്യ വാരമാണ് വന്നത്. കുളിരിനായി കാത്തിരുന്ന ആ പഴയ കാലം ഓർമ്മകളിലേക്കായി മാറുകയാണ്.


Keywords: Kerala, Article, Rain, Childhood, Muhammad Ali Nellikkunn, Children, Olden Days, Memories, A rainy wet childhood, a memory that warms the mind.
< !- START disable copy paste -->

Post a Comment