കാഞ്ഞങ്ങാട്: (my.kasargodvartha.com 20.04.2021) നഗരത്തിലെ നിരാലംബർക്ക് കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി നന്മമരം കൂട്ടായ്മ മാതൃകയായി. ആനന്ദാശ്രമം പി എച് സി യുടെ നേതൃത്വത്തിൽ ഐ എം എ യുടെ സഹകരണത്തോടെ നെല്ലിത്തറ ഓഫീസിൽ വെച്ചായിരുന്നു വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
ആദ്യഘട്ടം എന്ന നിലയിൽ നിരാലാംബരായ 10 പേരെയാണ് നന്മമരം പ്രവർത്തകർ പ്രതിരോധ കുത്തിവെപ്പിനായി എത്തിച്ചത്. കാഞ്ഞങ്ങാട് ട്രാഫിക് സർകിളിന് സമീപമുള്ള നന്മമര ചുവട്ടിൽ ഉച്ചഭക്ഷണത്തിനായി എത്തുന്നവരെ നെല്ലിത്തറയിലെ ഐഎംഎ ഭവനിലേക്ക് എത്തിക്കുകയായിരുന്നു.
മേൽവിലാസമോ, ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവയൊന്നും ഇല്ലാത്ത തെരുവിന്റെ മക്കൾക്ക് വാക്സിനേഷൻ ഏർപെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് നന്മമരം ഭാരവാഹികൾ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളിലും 10 വീതം ആളുകളെ കുത്തിവെപ്പിനായി എത്തിക്കാനാണ് തീരുമാനം. പ്രതിരോധ കുത്തിവെപ്പിന് ശേഷം ഉച്ചഭക്ഷണവും നൽകിയാണ് അഗതികളെ യാത്രയാക്കിയത്.
2020 മാർച് മാസത്തിൽ ലോക് ഡൗൺ ആരംഭിച്ചത് മുതൽ തുടങ്ങിയ സൗജന്യ ഉച്ചഭക്ഷണ വിതരണം കഴിഞ്ഞ ഒരുവർഷമായി നന്മമരം കൂട്ടായ്മ തുടരുന്നുണ്ട്.
ഐഎംഎ കാഞ്ഞങ്ങാട് മുൻ പ്രസിഡന്റ് ഡോ. ടി വി പദ്മനാഭൻ, നന്മമരം സെക്രടറി എൻ ഗംഗാധരൻ, പ്രസിഡന്റ് സലാം കേരള, ഭാരവാഹികളായ ഹരി നോർത് കോട്ടച്ചേരി, ബിബി ജോസ്, വിനോദ് ടി കെ എന്നിവർ നേതൃത്വം നൽകി.
Keywords: Kanhangad, Kasaragod, Kerala, News, Covid vaccine for those who live on the streets.