അനുസ്മരണം
ജാസിര്‍ ചെങ്കള
ജനിച്ചാല്‍ മരിക്കും. പക്ഷേ ചില മരണങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ചെങ്കള എന്ന ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച കറുത്ത പകലായിരുന്നു. മരണ വിവരമറിഞ്ഞത് മുതല്‍ നാട് തേങ്ങുകയായിരുന്നു.
നാട്ടുകാരുടെ പ്രിയപ്പെട്ട സി ബി ച്ച എന്നറിയപ്പെടുന്ന സി ബി അബ്ദുല്ല ഹാജിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിങ്ങുകയായിരുന്നു ഓരോ മനസ്സും.
നാട്ടിലെ മുതിര്‍ന്നവരോട് മുതല്‍ പിഞ്ചു കുട്ടികളോട് വരെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും രാഷ്ട്രീയം പറയാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ഒരു നാട് മുഴുവനും ഒരു പാര്‍ട്ടിയുടെ കുടക്കീഴിലാക്കി പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത പ്രത്യേക വ്യക്തിത്വത്തിനുടമയാണ് ചെങ്കള ക്കാരുടെ സി ബി ച്ച.
35 വര്‍ഷത്തോളം ചെങ്കള ജുമാ മസ്ജിദിന്റെ കാര്യദര്‍ശിയായിരുന്നു. 13 വര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗിന്റെ അമരത്ത് പ്രവര്‍ത്തിച്ചു. ആ സമയത്താണ് ചെര്‍ക്കളയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മുസ്ലിം ലീഗിന്റെ ചെങ്കള പഞ്ചായത്ത് ആസ്ഥാനമായ ശിഹാബ് തങ്ങള്‍ സൗധം നിര്‍മ്മിച്ചത്.
പിന്നീട് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ആയ സമയത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകയാണ്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു മികവുകാട്ടി. എസ് വൈ എസിന്റെയും സുന്നി മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തന രംഗത്തും എപ്പോഴും മുന്‍പന്തിയിലായിരുന്നു അദ്ദേഹം.
ചെങ്കളയില്‍ തന്റെ സ്വന്തം സ്ഥലം വിട്ടു നല്‍കി പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിന്റെ ജൂനിയര്‍ കോളേജായി ചെങ്കളയിലെ ശിഹാബ് തങ്ങളുടെ പേരില്‍ ഇസ്ലാമിക് ദഅ്‌വ കോളേജ് സ്ഥാപിച്ചു. അതിന്റെ അമരത്ത് നിന്ന് നിരന്തരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ചുരുങ്ങിയ കാലം കൊണ്ട് നൂറിലധികം വിദ്യാര്‍ത്ഥികളുള്ള സ്ഥാപനമായി മാറി. ഏതൊരു പ്രശ്‌നവും സി ബി അബ്ദുല്ല ഹാജിയുടെ മുമ്പില്‍ എത്തിയാല്‍ രമ്യമായി പരിഹരിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് വേറിട്ടതാണ്.
എം എസ് എഫിന്റെ യോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുമ്പോള്‍ നിസ്‌കാരത്തെ പറ്റിയും അത് മുറുകെ പിടിക്കേണ്ടതിനെപ്പറ്റിയും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ട തിനെപ്പറ്റിയും പറയുന്നതിനാണ് എന്നും മുന്‍തൂക്കം നല്‍കിയിരുന്നത്.
പൊതുപ്രവര്‍ത്തകര്‍ എന്നും പഴി കേള്‍ക്കേണ്ടവരാണെന്നും അതുകൊണ്ട് പൊതുപ്രവര്‍ത്തനം നിര്‍ത്തരുതെന്നും ഉപദേശിക്കുമായിരുന്നു. ഒരു കാര്യങ്ങള്‍ക്കും പിടിവാശി ഇല്ലാതെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കാര്യങ്ങള്‍ നടത്തുന്ന അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും ഗ്രാമമായി ചെങ്കള തലയുയര്‍ത്തി നില്‍ക്കുന്നത്.
തന്റെ ശുഭ്രവസ്ത്രധാരണം പോലെ മനസ്സും വെണ്‍മയോടെ കാത്തു സൂക്ഷിച്ച സി ബി ച്ചയുടെ വിയോഗം പോതുപ്രവര്‍ത്തനരംഗത്ത് ശൂന്യത തന്നെ ഉണ്ടാക്കും.
Keywords: Kerala, CB Abdulla haji, Muslim leage, Leader, CB Abdulla haji no more